ന്യൂഡൽഹി: രാജ്യദ്രോഹ നിയമം താൽക്കാലികമായെങ്കിലും റദ്ദാക്കാൻ സുപ്രീംകോടതി കൈക്കൊണ്ടതിനെ ചരിത്രപരമെന്നാണ് പൊതുവേ എല്ലാവരും വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷുകാർ ഉണ്ടാക്കായ ഒരു കരിനിയമമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായിരിക്കുന്നത്. ആ നിലയ്ക്കാണ് ഇതിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. അതേസമയം യുഎപിഎ അടക്കമുള്ള നിയമനങ്ങൾ ഉള്ളതു കൊണ്ട് ഇത്തരം കേസുകളിൽ കുടുങ്ങിയവർക്ക് രക്ഷപെടാം എന്ന മോഹം വേണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നതും.

ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയും നിശ്ശബ്ദമാക്കാൻ ബ്രിട്ടിഷുകാരുപയോഗിച്ച കോളനികാല നിയമമാണ് ഇത്. ഇക്കാര്യം എടുത്തു പറഞ്ഞത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ്. യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച 3 ലേഖനങ്ങളുടെ പേരിലായിരുന്നു ഗാന്ധിജിക്കെതിരായ ബ്രിട്ടിഷ് സർക്കാർ കേസെടുത്തത്.

1922 ൽ ഈ വകുപ്പു പ്രകാരം ഗാന്ധിജി ബോംബെയിൽ അറസ്റ്റിലായി. 6 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ 2 വർഷത്തിനുള്ളിൽ വിട്ടയച്ചു. പൗരസ്വാതന്ത്ര്യം അമർച്ച ചെയ്യാനുള്ള വകുപ്പുകളിലെ രാജകുമാരനാണ് 124എ എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. കുറ്റമേറ്റ ഗാന്ധിജി, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ദേശഭക്തരിൽ പലർക്കുമെതിരെ ചുമത്തിയിട്ടുള്ള ഈ വകുപ്പ് തനിക്കെതിരെ പ്രയോഗിക്കുന്നതിനെ ബഹുമതിയായി കണക്കാക്കുന്നുവെന്നും പറഞ്ഞു.

ഗാന്ധിജി ഉദ്ദേശിച്ച പേരുകളിൽ പ്രധാനം തിലകന്റേതായിരുന്നു. പ്രകോപനപരമായ ലേഖനങ്ങളുടെ പേരിൽ തിലകൻ 1898 ലും 1908 ലും ശിക്ഷിക്കപ്പെട്ടു. ആദ്യത്തേതു കേസരിയെന്ന ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പേരിലായിരുന്നു 12 മാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ബ്രിട്ടിഷ് വിരുദ്ധ ലേഖനമായിരുന്നു രണ്ടാമതും പ്രശ്‌നം. ബർമയിലേക്ക് 6 വർഷം നാടുകടത്തലായിരുന്നു 1908 വിധിച്ച ശിക്ഷ. അന്നു തിലകിനു വേണ്ടി ഹാജരായത് മുഹമ്മദലി ജിന്നയായിരുന്നു. ജവാഹർലാൽ നെഹ്‌റു, അബ്ദുൽ കലാം ആസാദ്, വി.ഡി.സവർക്കർ തുടങ്ങിയവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

കോളനിവാഴ്ചയുടെ അവശേഷിപ്പ്

ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഇടംപിടിക്കുംമുൻപു തന്നെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടനൽകിയ വകുപ്പാണ് രാജ്യദ്രോഹം. ബ്രിട്ടിഷ് സർക്കാർ തയാറാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കരടുരൂപത്തിൽ രാജ്യദ്രോഹം സംബന്ധിച്ച വകുപ്പുണ്ടായിരുന്നെങ്കിലും 1860 ജനുവരി 1 ന് നിയമം അംഗീകരിക്കുമ്പോൾ ഇത് ഒഴിവാക്കി. പിന്നീട് 1870 ൽ എതിർസ്വരങ്ങൾ അടിച്ചമർത്താനുള്ള പ്രധാന ആയുധമായി രാജ്യദ്രോഹക്കുറ്റം ഐപിസിയുടെ ഭാഗമായി. 152 വർഷത്തിനു ശേഷമാണ് നിയമം ഒഴിവാക്കാനുള്ള ചർച്ച ഇപ്പോൾ വീണ്ടും സജീവമാകുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കരടിൽ 113ാം വകുപ്പായി രാജ്യദ്രോഹം ഉൾപ്പെട്ടിരുന്നു. പലതലത്തിൽ ചർച്ച ചെയ്തശേഷം ഒഴിവാക്കപ്പെട്ടു. അതേസമയം, 1870 ൽ സർ ജെയിംസ് സ്റ്റീഫൻ ഇതു നിയമത്തിന്റെ ഭാഗമാക്കി. 1898 ൽ കൊണ്ടുവന്ന ഭേദഗതിയോടെ ഇന്നത്തേതിനു സമാനമായ വകുപ്പായി ഇതു മാറി. പിന്നീടും ഭേദഗതികളുണ്ടായി.

പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ ആംഗ്യത്താലോ പ്രകടമായ രീതിയിലോ മറ്റേതെങ്കിലും വഴിയാലോ നിയമപ്രകാരം സ്ഥാപിതമായ സർക്കാരിനെതിരെ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ അല്ലെങ്കിൽ അപ്രീതിയുണ്ടാക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ജീവപര്യന്തം തടവും പിഴയും അല്ലെങ്കിൽ 3 വർഷം വരെ തടവും പിഴയും അല്ലെങ്കിൽ പിഴ ശിക്ഷ വിധിക്കാം എന്നാണ് 124 എയിൽ പറയുന്നത്.

വിവാദമായ ഈ നിയമം ആദ്യം ഉപയോഗിച്ചത് 1891 ലാണ്. ജോഗിന്ധ്ര സി. ബോസിനെതിരെയാണു രാജ്യദ്രോഹക്കുറ്റം ആദ്യമായി ഉപയോഗിച്ചത്. അക്കാലത്തു ബ്രിട്ടിഷ് സർക്കാർ കൊണ്ടുവന്ന ഏജ് ഓഫ് കൺസന്റ് നിയമത്തിനെതിരെ ജോഗിന്ധ്ര ലേഖനമെഴുതിയിരുന്നു. ഈ വിമർശനത്തെ സർക്കാരിനെതിരെയുള്ള വിമർശനമായി കണ്ടായിരുന്നു നടപടി. എന്നാൽ, പിന്നീട് കേസ് ഒഴിവാക്കി ജോഗിന്ധ്രയെ ജാമ്യത്തിൽ വിട്ടു.

ഇരകൾ എഴുത്തുകാർ മുതൽ കർഷകർ വരെ; കേരളത്തിൽ 41 കേസുകൾ

ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരെ പ്രതിരോധിക്കാൻ ഉപയോഗിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം എന്ന കോളനി നിയമത്തിനു സമീപകാലത്ത് ഇരയായവരിൽ എഴുത്തുകാർ മുതൽ കർഷകർ വരെയുണ്ട്. കർഷകവിരുദ്ധ സമരങ്ങൾക്കിടെ, ഹരിയാനയിൽ നൂറോളം കർഷകർക്കെതിരെ 124എ ചുമത്തപ്പെട്ടു. ഹരിയാനയിലെ ഡപ്യൂട്ടി സ്പീക്കർ രൺവീർ ഗാങ്വയുടെ വാഹനം കേടുവരുത്തിയെന്നതായിരുന്നു കുറ്റം. കർഷക സമരവും ചെങ്കോട്ടയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് വിവാദത്തിൽ പരിസ്ഥിതി പ്രവർത്തക ദിശ രവി മുതൽ ആൾക്കൂട്ടക്കൊല തടയണമെന്നു പ്രധാനമന്ത്രിക്കു കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വരെ ഈ നിയമപ്രകാരം പ്രതിചേർക്കപ്പെട്ടു.

ദലിത് പീഡനം നടന്ന ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, കശ്മീർ പരാമർശത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയ്, ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ, കശ്മീരിലെ സൈനിക നടപടികളെ വിമർശിച്ച വിദ്യാർത്ഥി നേതാവ് ഷെഹ്‌ലാ റാഷിദ്, പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരൻ ഹിരേൻ ഗൊഹൈൻ, കിസാൻ മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗൊഗോയ്, മാധ്യമപ്രവർത്തകൻ മഞ്ജിത് മഹന്ത, ജെഎൻയു പ്രക്ഷോഭങ്ങൾക്കിടെ വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ, ഉമർ ഖാലിദ്, മാധ്യമ പ്രവർത്തകൻ വിനോദ് ദുവ എന്നിങ്ങനെ സമീപകാലത്ത് ഈ കുറ്റം ചുമത്തപ്പെട്ടവർ ഒട്ടേറെയുണ്ട്. വിവാദം സൃഷ്ടിച്ച ഈ കേസുകളുടെയെല്ലാം പൊതുസ്വഭാവം സർക്കാർ വിമർശനമായിരുന്നു എന്നതും ശ്രദ്ധേയം.

രാജ്യദ്രോഹക്കുറ്റക്കേസുകൾ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തിൽ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഭൂരിഭാഗവും മറ്റു കേസുകൾക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരു കോളേജ് വിദ്യാർത്ഥിയുടെപേരിൽ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനിൽക്കുന്നുണ്ട്. മാവോവാദിസാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും.

വയനാട് ജില്ലയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരിൽ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഓരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പല കേസുകളും വിചാരണാഘട്ടത്തിലുമാണ്. യു.എ.പി.എ. ഉൾപ്പടെയുള്ള കേസുകൾക്കൊപ്പമാണ് 40 കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനാൽ ഈ വകുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തിയാലും കേസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ മാത്രം ജാമ്യത്തിന് കോടതിയെ സമീപിക്കാനാകും.

കണ്ണൂർ കേളകത്ത് നടന്ന മാവോവാദി പ്രവർത്തനങ്ങളുടെപേരിൽ എടുത്ത കേസുകളിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് ചുമത്തിയത്. 2015-ൽ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്ത് ലഘുലേഖ വിതരണം ചെയ്തവരുടെപേരിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.

2016-ൽ എറണാകുളത്ത് മുതിർന്ന രാഷ്ട്രീയനേതാക്കൾ ഉൾപ്പടെയുള്ളവരെ കൊലപ്പെടുത്തുമെന്ന് വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ആളുടെപേരിലും രാജ്യദ്രോഹക്കുറ്റവും ഉൾപ്പെടുത്തി കേസെടുത്തിരുന്നു. തൃശ്ശൂരിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകർക്കത്തക്ക തരത്തിലുള്ള പോസ്റ്റർ പതിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയുടെപേരിൽ യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി. മലപ്പുറം ജില്ലയിലെ ഒരു കോളേജിന്റെ വരാന്തയിൽ രാജ്യവിരുദ്ധമായ പോസ്റ്റർ പതിച്ചുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയുടെപേരിൽ രജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റംമാത്രം ചുമത്തിയിരുന്നു. പിന്നീട് ജാമ്യം കിട്ടി.

രാജ്യദ്രോഹം സംബന്ധിച്ച 124എ ഒഴിവാക്കപ്പെട്ടാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഒട്ടേറെ മറ്റു നിയമങ്ങൾ ബാക്കിനിൽക്കും. ഇതിൽ മുഖ്യം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമാണ് (യുഎപിഎ). ഇതടക്കം രാജ്യദ്രോഹ കുറ്റത്തിനൊപ്പം മാറിയും മറിഞ്ഞും ചുമത്തപ്പെടുന്ന 7 നിയമങ്ങൾ കൂടിയുണ്ട്.

സുപ്രീം കോടതിയുടെ ഇടക്കാല വിധിപ്രകാരം, 124എയുമായി ബന്ധപ്പെട്ട നടപടികൾക്കു മാത്രമാണു തടസ്സം. മറ്റു വകുപ്പുകൾ പ്രകാരം നടപടികൾ തുടരാമെന്നു കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. നിലവിൽ രാജ്യദ്രോഹം ചുമത്തപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തിനുമെതിരെ യുഎപിഎ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളിലെ പ്രതികളിൽ 60 ശതമാനത്തിനെതിരെയും മറ്റു പല വകുപ്പുകളും ചുമത്തപ്പെട്ടുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഐടി നിയമം, ആയുധനിയമം, ക്രിമിനൽ നിയമ ഭേദഗതി നിയമം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.