- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു; വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റുപറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം; നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാർ; സുപ്രീം കോടതി കേസ് പരിഗണിക്കുക തിങ്കളാഴ്ച്ച
ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിൽ നിലനിൽക്കുന്ന നിർബന്ധിത കുമ്പസാരത്തിന് എതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. നിർബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ഓർത്തോഡോക്സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പുറമേ കാതോലിക്കോസ് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ഉൾപ്പടെ ഉള്ളവരാണ് എതിർ കക്ഷിക്കാർ.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കുമ്പസാര രഹസ്യം മറയാക്കി വൈദികർ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പീഡനത്തെ തുടർന്നുള്ള മരണങ്ങളും വർധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുൻവിധിയോടെയാണ് കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് ആത്മീയ സേവനങ്ങൾ ലഭിക്കണമെങ്കിൽ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റുപറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അഭിഭാഷകൻ സനന്ദ് രാമകൃഷ്ണൻ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നിർബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
പള്ളികളിലെ കുമ്പസാരം നിർത്തലാക്കണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷൻ 2018ൽ തന്നെ രംഗത്തെത്തിയിരുന്നു. കുമ്പസാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറിയെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം രേഖാ ശർമ്മ വ്യക്തമാക്കുകയും ചെയതിരുന്നു. വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നാണ് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ വൈദികർക്കെതിരായ കേസുകൾ ദേശീയ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേരളത്തിൽ വൈദികർക്കെതിരെയുള്ള പീഡനക്കേസുകൾ കൂടിവരികയാണ്. പ്രതികൾക്ക് വലിയ തോതിൽ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. കേസുകളിൽ പൊലീസ് അന്വേഷണത്തിന്റെ വേഗം പോരായെന്നും രേഖാ ശർമ്മ ചൂണ്ടിക്കാട്ടിയിരുന്നു.
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭയിലെ നാലുവൈദികർക്കെതിരെ ആരോപണം വന്നതോടെയാണ് സംഭവം ദേശിയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്. കുമ്പസാരത്തിന്റെ മറവിൽ ഒർത്തഡോക്സ് സഭയിലെ നാലു വൈദികർ യുവതിയെ ദീർഘനാളായി പീഡിപ്പിച്ചെന്നുള്ള പരാതിയിൽ ആരോപണ വിധേയരായ നാലു വൈദികർക്കെതിരെ കേസെടുക്കുകയും ഇവർ പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രമാദമായ ഈ കേസിന്റെ ചുവടുപിടിച്ചാണ് ദേശീയ വനിതാ കമ്മീഷൻ നടപടി.
മറുനാടന് ഡെസ്ക്