തിരുവനന്തപുരം: കെഎസ്ആർടിസിക്കു പുത്തൻ മുഖവുമായി സ്‌കാനിയ എത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസിനായി തിരുവനന്തപുരത്ത് സ്‌കാനിയ ബസ് എത്തിച്ചു.

തിരുവനന്തപുരത്തു നിന്ന് സുൽത്താൻ ബത്തേരിയിലേക്കാണ് ആദ്യ സർവീസ്. അന്തർസംസ്ഥാന പെർമിറ്റ് ലഭിച്ചാലുടൻ ഈ സർവീസ് ബംഗളൂരുവിലേക്കു നീട്ടും. സുൽത്താൻ ബത്തേരി, മൈസൂരു വഴിയാകും ഈ സർവീസ്.

ഇന്നു രാത്രി എട്ടിന് ആദ്യ സർവീസിനു തുടക്കമാകും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനാൽ ബസിന്റെ രജിസ്‌ട്രേഷൻ നമ്പർ കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള കെഎൽ 15നു പകരം എറണാകുളം ആർടിഒയ്ക്കു കീഴിൽ കെഎൽ 7ലാണു തുടങ്ങുന്നത്. സ്‌കാനിയ ഡീലർമാരുടെ പേരിലാണ് ഈ ബസ് നിരത്തിൽ ഇറങ്ങുന്നത് എന്നതിനാലാണ് ഈ തീരുമാനം.

ആദ്യ സർവീസുകൾ വിജയകരമായാൽ കൂടുതൽ സ്‌കാനിയ ബസുകൾ കെഎസ്ആർടിസിക്കു സ്വന്തമാകുമെന്നാണു സൂചന. അഞ്ചു ബസുകൾ ഉടനെ കെഎസ്ആർടിസിക്ക് കൈമാറുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 1.30 കോടിരൂപയാണ് ഒരു ബസിന്റെ വില. സ്‌കാനിയ ബസുകൾ വാങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് നാലു മാസത്തിൽ ഏറെയായി.

അയൽ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾക്കാകും സ്‌കാനിയ ബസുകൾ ഉപയോഗിക്കുന്നത്.

നിലവിൽ വോൾവോയുടെ ബസുകളാണ് കെഎസ്ആർടിസി ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. 85 ലക്ഷം രൂപയോളമാണ് വോൾവോയ്ക്കു വില. വോൾവോയെപ്പോലെ സ്വീഡിഷ് കമ്പനിയാണ് സ്‌കാനിയ. 12 മീറ്റർ, 13.7 മീറ്റർ, 14.5 മീറ്റർ വീതം നീളമുള്ള മൂന്നു മോഡലുകളാണുള്ളത്. എയർ കണ്ടീഷൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഇതിലുണ്ട്. കെഎസ്ആർടിസിക്കു വേണ്ടി 14.5 മീറ്റർ നീളമുള്ള മോഡലാണ് വാങ്ങുന്നത്.

കർണാടക ആർടിസി ഇതിനകം തന്നെ സ്‌കാനിയ ബസുകൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയിട്ടുണ്ട്. ഐരാവത് ഡയമണ്ട് ക്ലാസ് എന്ന പേരിലാണു ബംഗളൂരുവിൽ നിന്ന് എറണാകുളം, തിരുപ്പതി, നെല്ലൂർ, ചെന്നൈ, ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലേക്കു സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എറണാകുളത്തേക്കും കർണാടക ആർടിസി ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നുണ്ട്.