വാഷിങ്ടൺ: മൂന്നുവർഷം മുമ്പു ഇന്നേ ദിവസം ഫ്ളോറിഡാ പാർക്ക്ലാന്റ് സ്‌ക്കൂൾ ഷൂട്ടിങ്ങിൽ 17 പേർ മരിച്ച സംഭവത്തിന്റെ വാർഷീക ദിനത്തിൽ കർശന ഗൺ നിയമങ്ങൾ നിർമ്മ്ിക്കുന്നതിന് സെന്റർമാരെ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിറക്കി.

രാഷ്ട്രത്തെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതി രിക്കണമെങ്കിൽ കനത്ത പ്രഹരശേഷിയുള്ള തോക്കുകൾ നിരോധിക്കുന്നതിനും ബാക്ക് ഗ്രൗണ്ട് ചെക്ക് വർദ്ധിപ്പിക്കുന്നതിനും, ഗൺ ലോസ് ശക്തിപ്പെടുത്തുന്നതിനും കോൺഗ്രസ് അംഗങ്ങൾ മുന്നോട്ടുവരണമെന്ന് ജീവൻനഷ്ടപ്പെട്ടവരുടെയും, അപകടത്തിൽ പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യവെ ബൈഡൻ അഭ്യർത്ഥിച്ചു. പാർക്ക്ലാന്റ് വെടിവെപ്പിൽ 14 വ്ദ്യാർത്ഥികൾക്കും, മൂന്ന് സ്റ്റാഫ് അംഗങ്ങൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത് 17ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച 3 മണിക്ക് മൂന്ന് നിമിഷം മൗനം ആചരിക്കണമെന്ന് ഫ്ളോറിഡാ ഗവർണ്ണർ ഡിസാന്റീസ് പുറത്തിറക്കിയ ഡിക്ലറേഷനിൽ ആവശ്യപ്പെട്ടു.

പാർക്ക്ലാന്റ് സ്‌ക്കൂൾ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ ഇതിനകം ആത്മഹത്യ ചെയ്തിരുന്നു. പാർക്ക്ലാന്റ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മാത്രമല്ല മറ്റു വെടിവെച്ചുകളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നതായി പ്രസിഡന്റ് അഭ്യർത്ഥിച്ചു.