ദുബൈ: കോവിഡ് സമയത്ത് ബുദ്ധിമുട്ടുന്ന പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസകരമായ നടപടിയുമായി യാണി രാജ്യത്തെ സ്‌കൂളുകളും ദുബൈയിലെ നിരവധി സ്‌കൂളുകൾ 2021-22 അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) 2021-22 അധ്യയന വർഷത്തേക്കുള്ള ഫീസ് വർദ്ധിപ്പിക്കാൻ തലസ്ഥാനത്തെ സ്‌കൂളുകളെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് ഫീസ് വർദ്ധനവ് ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ദുബൈയിൽ ഫീസ് വർദ്ധനവ് നിർണ്ണയിക്കുന്നത് വിദ്യാഭ്യാസ ചെലവ് സൂചിക (ഇസിഐ) അടിസ്ഥാനമാക്കിയാണ്. കൂടാതെ സ്‌കൂളുകൾക്ക് കെഎച്ച്ഡിഎയുടെ അംഗീകാരത്തോടെ മാത്രമേ ഫീസ് വർദ്ധിപ്പിക്കാൻ കഴിയൂ. അതിനാൽ ഔദ്യോഗിക മാർഗ്ഗനിർദ്ദേശം ഞങ്ങൾ പിന്തുടരുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ഓപ്പറേറ്ററായ ജെംസ് എഡ്യൂക്കേഷൻ വ്യക്തമാക്കിയത്.

2023 വരെ സർക്കാർ ഫീസുകളൊന്നും വർധിപ്പിക്കില്ലെന്നും പുതിയ ഫീസുകൾ ഏപൈടുത്തില്ലെന്നും ദുബൈ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. മൂന്ന്‌വർഷത്തേക്ക് സർക്കാർ ഫീസുകളുടെ വർധനവ് നിർത്തിവെച്ച് 2018ൽ ഉത്തരവിറക്കിയിരുന്നു. ഇതാണ് 2023 വരെ നീട്ടിയത്.