- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ഡിജിറ്റൽ ക്ലാസിന്റെ ഫസ്റ്റ് ബെൽ മാത്രം; കോവിഡ് മൂന്നാം തരംഗം ഭയക്കുന്നതിനാൽ ക്ലാസ് മുറികൾ എന്ന് സജീവമാകുമെന്ന് ആർക്കും ഉറപ്പില്ല; ഈ അധ്യയന വർഷവും സർക്കാർ വരവേൽക്കുന്നത് അദ്ധ്യാപക ഒഴിവുകൾ നികത്താതെ തന്നെ; പ്രവേശനോത്സവും ഗംഭീരമാക്കി സ്കൂളിൽ ആരും പോകാത്ത രണ്ടാം പാഠ്യവർഷം തുടങ്ങുമ്പോൾ
തിരുവനന്തപുരം : ഓൺലൈൻ ക്ലാസുകളുമായി വീണ്ടും അധ്യയനം. തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ പഠനത്തിലേക്ക് കടക്കുമ്പോൾ സ്കൂൾവിദ്യാഭ്യാസരംഗം എന്ന് പഴയതു പോലെയാകുമെന്ന് ആർക്കും അറിയിലല്. കോവിഡിന്റെ മൂന്നാം തരംഗത്തെ ഭയക്കുന്നതു കൊണ്ടു തന്നെ സ്കൂളുകൾ ഉടൻ തുറക്കാൻ ഇടയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഓൺലൈൻ പഠനം. പ്രവേശന ഉത്സവവുമായി നാളെ അധ്യയന വർഷം തുടങ്ങും.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകളില്ലെങ്കിലും ഓൺലൈനായും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുമാണു ക്ലാസുകൾ. നാലു ലക്ഷത്തിലേറെ കുരുന്നുകൾ പുതുതായി ഒന്നാം ക്ലാസിലേക്ക് എത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂളുകൾ കേന്ദ്രീകരിച്ച് രാവിലെ 11 മണിയോടെ പ്രത്യേകം പ്രവേശന ഉത്സവവും നടക്കും.
'ഫസ്റ്റ്ബെൽ 2.0' -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ ഉണ്ടാകും. രാവിലെ എട്ടു മുതലാകും സംപ്രേഷണം. രാവിലെ 10.30-ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ 'കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയവർ കൈറ്റ് വിക്ടേഴ്സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും. പകൽ 11 മുതൽ യുഎൻ ദുരന്തനിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.
ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അദ്ധ്യാപകർക്ക് ഉറപ്പാക്കാനാണിത്. ഈ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ. ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അദ്ധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽതന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസും ഈ വർഷവും ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പോർട്ടലിൽത്തന്നെ ലഭ്യമാക്കും.
നാളെ രാവിലെ 11നാണ് സ്കൂളുകളിൽ ഓൺലൈനായി പ്രവേശനോത്സവം. രക്ഷിതാക്കൾ കുട്ടികളെ അണിയിച്ചൊരുക്കി ഓൺലൈനിലൂടെ പരിചയപ്പെടുത്തും. കലാപരിപാടികളുമുണ്ടാകും. ആദ്യ വിദ്യാലയ ദിനത്തിന്റെ ഓർമയ്ക്കായി പ്രീസ്കൂൾ, ഒന്നാംക്ലാസ് വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് നാട്ടുമാവിൻ തൈകൾ നടും. ക്ലാസ്തല പ്രവേശനോത്സവവും സംഘടിപ്പിക്കും. ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പും സ്കൂൾ പിടിഎ കമ്മിറ്റികളും. പ്രവേശനോത്സവം ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഹ്രസ്വവീഡിയോ പ്രദർശിപ്പിക്കും. വീടുകളിൽ മധുരപലഹാര വിതരണം, ഓൺലൈനായി ബന്ധുക്കളുടെയും കൂട്ടുകാരുടെയും ആശംസ തുടങ്ങിയവയുണ്ടാകും.
അതിനിടെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ഭരണപ്രതിസന്ധിയിൽ സർക്കാരിന് മൗനമാണുള്ളത്. 2020 മാർച്ച് 21-ന് സ്കൂളുകൾ അടച്ചതിനുശേഷം അദ്ധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നാളിതുവരെ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. 2021 ജനുവരിമുതൽ സംശയനിവാരണത്തിനായി വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയപ്പോൾ ഹാജരായ അദ്ധ്യാപകർ പ്രധാന ഹാജർപുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്താതെ പ്രത്യേക ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിച്ചത്.
എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ഗ്രേഡ്, സ്ഥലംമാറ്റം എന്നിവയ്ക്കായി ഹാജർപുസ്തകം പരിശോധിച്ചാണ് സേവനകാലം സർവീസ് ബുക്കിൽ രേഖപ്പെടുത്തുന്നത്. ഒരുവർഷമായി ഹാജർപുസ്തകത്തിൽ ഒപ്പ് വെച്ചിട്ടില്ലാത്തതിനാൽ ഇത് നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കും. ഇക്കൊല്ലം അദ്ധ്യാപകർ ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കുലറോ ഉത്തരവോ ഇല്ല.
ഒന്നരവർഷമായി സ്കൂളുകളിലെ ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. സ്കൂൾ തുറന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നിയമനോത്തരവ് ലഭിച്ചവർക്ക് പോലും അവസരം നിഷേധിക്കുന്നത്. നിയമപ്രശ്നത്തിൽ കുടുങ്ങിയതോടെ 1600 -ഓളം സ്കൂളുകളിൽ പ്രഥമാധ്യാപകരുമില്ല. കഴിഞ്ഞവർഷം ഇത് 900 ആയിരുന്നു. കഴിഞ്ഞവർഷം അദ്ധ്യാപകരുടെ സ്ഥലംമാറ്റവും നടന്നില്ല. താഴെ തസ്തികയിൽനിന്നുള്ള അദ്ധ്യാപകസ്ഥാനക്കയറ്റവും മുടങ്ങി.
എല്ലാവിഷയങ്ങളിലുമായി 856 ഹൈസ്കൂൾ അസിസ്റ്റന്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഹയർസെക്കൻഡറിയിലെ ഒഴിവുകളാകട്ടെ 1236 എണ്ണംവരും. ഇതിൽ 320 ഒഴിവുകളിൽ പി.എസ്.സി. നിയമന ഉത്തരവ് നൽകിയതാണ്. എൽ.പി., യു.പി. വിഭാഗത്തിൽ ഒരു അദ്ധ്യാപകൻ പോലുമില്ലാത്ത സ്കൂളുകളുമുണ്ടെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ