- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠ്യപുസ്തകങ്ങൾ വീടുകളിലെത്തിച്ച് കരുതലിന് മാതൃകയായി ചാവറ സ്‌കൂൾ
പാലാ: കൊറോണക്കാലത്ത് തങ്ങളുടെ വിദ്യാർത്ഥികളോടുള്ള കരുതലിന് മാതൃകയാകുകയാണ് പാലായിലെ ചാവറ പബ്‌ളിക് സ്‌കൂൾ. സ്‌കൂൾ തുറന്നതോടെ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ അടക്കമുള്ള പഠനസാമിഗ്രികൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ചു നൽകിയാണ് ചാവറസ്‌കൂൾ കരുതലിനു മാതൃകയാകുന്നത്.
സ്‌കൂളിന് ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലാണ് സ്‌കൂൾ വാഹനത്തിൽ പുസ്തകങ്ങൾ സൗജന്യമായി എത്തിച്ചു നൽകുന്നത്. മറ്റു സ്ഥലങ്ങളിൽ മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് തപാൽ, കൊറിയർ വഴിയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്.
ഇരുപത് റൂട്ടുകളായി തിരിച്ച് അഞ്ച് ദിവസങ്ങളിലായിട്ടാണ് വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുന്നത്. ഉൾവശങ്ങളിൽ താമസിക്കുന്നവർക്ക് ബസ് കടന്നു പോകുന്ന പ്രധാന പോയിന്റുകളിലും ബസ് എത്തുന്ന സ്ഥലങ്ങളിൽ വീടുകളിലും പുസ്തകങ്ങൾ എത്തിച്ചു നൽകി വരികയാണ്. വിവിധ കേന്ദ്രങ്ങളിലായി 200ൽപരം സ്ഥലങ്ങളിലാണ് പുസ്തക വിതരണം നടത്തിയത്.
കൊറോണയുടെ സാഹചര്യത്തിൽ കുട്ടികളോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകാൻ തീരുമാനിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ വാങ്ങാൻ സ്‌കൂളിൽ എത്തുമ്പോൾ ആൾക്കൂട്ടം സ്വഭാവികമായും ഉണ്ടാകാൻ ഇടയുണ്ട്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണ്. കുട്ടികൾക്കു കരുതൽ കൊടുക്കുന്നതോടൊപ്പം കൊറോണയ്‌ക്കെതിരെ അതീവ ജാഗ്രത അനിവാര്യമാണെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാനും ഇതുവഴി സാധിക്കുമെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.