തിരുവനന്തപുരം: കോവിഡ് ഭീതിയിൽ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെല്ലാം ക്ലാസിൽ എത്തുമോ എന്ന് ആർക്കും ഉറപ്പില്ല. അതുകൊണ്ട് തന്നെ കേരളപ്പിറവിദിനത്തിൽ സ്‌കൂൾ തുറക്കുമെങ്കിലും ഓൺലൈൻ ക്ലാസ് പൂർണമായും ഉപേക്ഷിക്കില്ല. അദ്ധ്യാപകർ സ്‌കൂളിൽ എടുക്കുന്ന ക്ലാസുകൾ ലൈവായി വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കും കാണാൻ സൗകര്യമൊരുക്കും. ഇതോടെ അദ്ധ്യാപകർക്ക് രണ്ട് ജോലി സാഹചര്യം ഒഴിവാകും.

എത്ര കുട്ടികൾ ഒരു ക്ലാസിൽ വേണം, ഒരു ബെഞ്ചിൽ എത്രപേർ വേണം, സ്‌കൂൾ ബസ് സജ്ജമാക്കുക, സ്‌കൂൾ ബസ് ഇല്ലാത്തിടങ്ങളിൽ കുട്ടികളെ എങ്ങനെ ക്ലാസിൽ എത്തിക്കും, കുട്ടികൾക്കുള്ള സുരക്ഷ എങ്ങനെ വർധിപ്പിക്കാം എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചനയാരംഭിച്ചിട്ടുണ്ട്. 23-ാം തീയതി മുതൽ മറ്റുവകുപ്പുകളുമായി ചർച്ചകൾ ആരംഭിക്കും. ഇതിനൊപ്പമാണ് ഓൺലൈൻ ക്ലാസുകൾ തുടരുന്നതിനെ കുറിച്ചും ആലോചനകൾ. ഏതായാലും കടുത്ത വെല്ലുവളിയാണ് വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്.

സ്‌കൂൾ തുറന്നാൽ ഓൺലൈൻ ക്ലാസ് നിർത്തില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ സത്യവാങ്മൂലവുമായി കുട്ടികളെ സ്‌കൂളിൽ എത്തിക്കാനാണ് നീക്കം. അങ്ങനെ വരുമ്പോൾ ഓഫ് ലൈൻ ക്ലാസുകൾക്ക് നിർബന്ധിത സ്വഭാവം വരില്ല. അതുകൊണ്ട് തന്നെ കുട്ടികളെ ഓൺലൈനായി പഠിപ്പിക്കേണ്ടി വരും. ഇതിനെതിരെ അദ്ധ്യാപകർ നിലപാട് എടുക്കാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ക്ലാസ് മുറികൾ എല്ലാം ഓൺലൈനാക്കാനുള്ള ശ്രമം. നിലവിലുള്ള പ്ലാറ്റ്ഫോമായ ജി-സ്യൂട്ട് വഴി ഇതിനുള്ള ക്രമീകരണം ഒരുക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾ നേരിട്ട് ക്ലാസിൽ എത്തുമ്പോൾ സംശയനിവാരണത്തിനും മറ്റും അവസരമൊരുക്കും. സ്‌കൂൾ തുറക്കലിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ 23-ന് ഉന്നതതലയോഗം ചേരുന്നുണ്ട്. ആരോഗ്യ-തദ്ദേശവകുപ്പ് ഉന്നതോേദ്യാഗസ്ഥരടക്കം ഓൺലൈനായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിൽ എല്ലാ വശങ്ങളും ചർച്ചയാക്കും. കോവിഡ് മൂന്നാംതരംഗസാധ്യത നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ ക്ലാസ് പൂർണമായും ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനം.

സർക്കാർ ആരേയും നിർബന്ധിച്ച് സ്‌കൂളുകളിൽ എത്തിക്കില്ല. രോഗപ്പകർച്ച കൂടുതൽ ശക്തമായാൽ വീണ്ടും ഓൺലൈൻ ക്ലാസിലേക്കുതന്നെ മടങ്ങേണ്ടിവരും. സ്‌കൂളിൽ നേരിട്ട് ക്ലാസുകൾ തുടങ്ങുമ്പോൾ ഡിജിറ്റൽ ഉപകരണം ഇല്ലാത്ത കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകും. തദ്ദേശ സ്ഥാപങ്ങളുമായും രക്ഷിതാക്കളുമായും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഭൂരിഭാഗം സ്‌കൂളുകളും സ്വന്തം നിലയിൽ ശുചീകരണം ആരംഭിച്ചുകഴിഞ്ഞു.

കൂടാതെ ഐ.ടി.ക്ലാസ് മുറികളും സജ്ജമാക്കാൻ ആരംഭിച്ചു. വാക്‌സിൻ എടുത്ത അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങളും ശേഖരിച്ചു.