കാസർഗോഡ്: ഹയർസെക്കന്റി സ്‌ക്കൂളിലെ സെന്റോഫ് പാർട്ടിക്ക് ലഹരി പകരാൻ ഉന്മാദ ഗുളികൾ. ഉദുമക്കടുത്ത ഒരു ഹയർസെക്കന്റി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചത് 300 ഓളം ലഹരി ഗുളികകൾ. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ രഹസ്യമായി അന്വേഷണം ആരംഭിക്കുകയും ഗുളികൾ തേടി രഹസ്യമായി ചില മെഡിക്കൽ ഷാപ്പിൽ കയറി ഇറങ്ങുകയും ചെയ്തു. ഒടുവിൽ എത്തിപ്പെട്ടത് ബേക്കലിലെ ഫോർട്ട് മെഡിക്കൽസ് എന്ന ഇംഗ്ലീഷ് മരുന്നുഷാപ്പിൽ.

ആവശ്യക്കാരെന്ന വ്യാജേന PEB 75 എന്ന ഗുളിക ആവശ്യപ്പെട്ടതോടെ പത്തിരട്ടിയോളം വില വർദ്ധിപ്പിച്ച് നൽകുകയും ചെയ്തു. വിദ്യാർത്ഥികളിൽ ലഹരിക്കുവേണ്ടി ഗുളിക നൽകുന്ന മെഡിക്കൽ ഷോപ്പ് തിരിച്ചറിഞ്ഞതോടെ ജില്ലാ ഡ്രഗ്സ് ഓഫീസിൽ നാട്ടുകാർ വിവരമറിയിച്ചു. അതേ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഡോക്ടർമാർ വ്യക്തമായ കുറിപ്പ് നൽകിയാൽ മാത്രം നൽകുന്ന മരുന്നുകളാണ് ലഹരിക്കായി വിദ്യാർത്ഥികൾക്ക് വിൽക്കപ്പെടുന്നത്. ഗുളികയുടെ കവറിൽ രേഖപ്പെടുത്തിയ വിലയും തീയ്യതിയും കവറിൽ നിന്നും മായ്ച്ച് കളഞ്ഞാണ് വിൽപ്പന തകൃതിയായി നടത്തിയത്. ഇത്തരത്തിലുള്ള ഗുളികകളും ഡ്രഗ്സ് കൺട്രോളർ പിടിച്ചെടുത്തിട്ടുണ്ട്. പ്രഗാബാലിൽ എന്ന ചേരുവയുള്ള PEB 75 ഗുളിക ലഹരിക്കായി ഉപയോഗിക്കപ്പെടാമോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അതുപോലെ തന്നെ ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന സിയാഗ്ര 50 എന്ന ഗുളികയും വിലയും തീയ്യതിയും മായ്ച്ച് ഇതേ മെഡിക്കൽ ഷാപ്പിൽ നിന്നും വിറ്റതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ രണ്ടു ഗുളികകളും ശീതള പാനീയത്തിൽ ചേർത്ത് കഴിച്ചാൽ മണിക്കൂറികളോളം ലഹരി ലഭിക്കുമെന്നാണ് അറിയുന്നത്.

അപസ്മാരം പോലുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ജഋആ 75. ഇത് ലഹരിക്കായി വിദ്യാർത്ഥികൾ ഉപയോഗിച്ച് വരുന്നതിനെക്കുറിച്ച് ലഭിക്കുന്ന ആദ്യ വിവരമാണ് കാസർഗോഡു നിന്നും പുറത്ത് വന്നത്. പർച്ചേയ്സ് ബില്ലോ മറ്റ് വ്യക്തമായ തെളിവുകളോ ഇല്ലാതെയാണ് മെഡിക്കൽ ഷാപ്പിൽ നിന്നും പരിശോധനയിൽ ഇവ കണ്ടെത്തിയതെന്ന് ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ പി.ഫൈസൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

കർണ്ണാടക അതിർത്തി പങ്കിടുന്ന കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലയായതുകൊണ്ടു തന്നെ മംഗളൂരുവിൽ നിന്ന് ഇത്തരം മരുന്നുകൾ വ്യാപകമായി അതിർത്തി കടന്ന് എത്തുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. മെഡിക്കൽ ഷാപ്പ് ഉടമക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.