മസ്‌ക്കത്ത്: സ്‌കൂൾ ഇടിച്ച് പരിക്കേറ്റ മലയാളി വിദ്യാർത്ഥിയായ ജെസ്റ്റിഫറിന്റെ നില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി ജെറിൻ ജോസിന്റേയും ജൂഡിയുടേയും മകളായ അഞ്ചു വയസുകാരി ജസ്റ്റിഫറിനെയാണ് സ്‌കൂൾ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൊബേല ഇന്ത്യൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ജസ്റ്റിഫർ ജെറിന്റെ സ്‌കൂൾ ബസ് തന്നെയാണ് ഇടിച്ചത്.

സ്‌കൂൾ വിട്ട് സഹോദരി ജെന്നിഫറിനൊപ്പം ബസിൽ നിന്നറങ്ങി റോഡ് മുറിച്ചുകടക്കവേ ഇവർ ഇറങ്ങിയ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ ജസ്റ്റിഫറിനെ ആദ്യം സീബ് ഡിഫൻസ് ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജസ്റ്റിഫറിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

ജെന്നിഫറിനെയും ജസ്റ്റിഫറിനേയും കൊണ്ടുപോകാനെത്തിയ മാതാവിന്റെ കൺമുമ്പിൽ വച്ചാണ് ബസ് ഇടിക്കുന്നത്. മൊബേല സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയംഗമായ ഡോ. നാഗാറാം ഭാണ്ഡെയുടെ നേതൃത്വത്തിലാണ് ജസ്റ്റിഫറിന്റെ ചികിത്സ പുരോഗമിക്കുന്നത്.