ജിദ്ദ അസീസിയ്യയിൽ പ്രവർത്തിച്ചിരുന്ന പീസ് ഇന്റർനാഷനൽ സ്‌കൂൾ വാർഷിക അവധി കഴിഞ്ഞിട്ട് നാല് മാസം കഴിഞ്ഞിട്ടും ഇതുവരെ തുറക്കാത്തതിനാൽ കുട്ടികളുടെ ഭാവി ആശങ്കയിൽ. ജിദ്ദയിൽ പ്രവർത്തിക്കുന്ന മലയാളി മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളാണ് ദീർഘകാലമായി അടച്ചിട്ടിരിക്കുന്നത്. ഈ സ്‌കൂളിൽ പഠിക്കുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ തുടർ പഠനം മുടങ്ങിയതിനെ തുടർന്ന് പരാതിയുമായി രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

സ്‌കൂൾ അടച്ചിട്ടിരിക്കുന്നത് മാേനജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ ഇന്ത്യൻ കൊൺസുലെറ്റിൽ പരാതി നൽകിയിരിക്കുന്നത്.സ്‌കൂളിൽ വാർഷിക അവധി നേരത്തെ നൽകി ജൂൺ മാസം 11നു അടച്ചതിനു ശേഷം ഇതുവരെയും തുറന്നിട്ടില്ല. ഉടനെ തുറക്കും എന്ന മൊബൈൽ മെസേജുകൾ പല പ്രാവശ്യം രക്ഷിതാക്കളിൽ ചിലർക്ക് സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നെങ്കിലും ഈ തീയതികളിലൊന്നും സ്‌കൂൾ തുറക്കുകയോ എന്ന് തുറക്കുമെന്ന വ്യക്തമായ മറുപടി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ലഭിക്കുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

ഈ അവസ്ഥയിൽ ഭാവി പരിപാടികൾ ആലോചിക്കുന്നതിനും അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനും നൂറോളം വരുന്ന രക്ഷിതാക്കൾ കഴിഞ്ഞ ദിവസം യോഗം കൂടി കോ ഓഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.

കൂടാതെ കമ്മ്യൂണിറ്റി സ്‌കൂളായ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന പുതിയ ബ്ലോക്കിൽ പഠനം മുടങ്ങിയിരിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് അഡ്‌മിഷനു മുൻഗണന നൽകണമെന്നും പീസ് ഇന്റർനാഷനൽ സ്‌കൂളിെനതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലർ ജനറനലിനും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റി ചെയർമാനും അപേക്ഷ കൊടുത്ത അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. അപേക്ഷയുടെ കോപി ഇപ്പോൾ ജിദ്ദയിൽ സന്ദർശനം നടത്തുന്ന പി വി അബ്ദുൽ വഹാബ് എംപിക്കും നൽകിയിട്ടുണ്ട്.

എന്നാൽ സ്‌കൂൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ചില തടസ്സങ്ങൾ കൊണ്ടാണ് സ്‌കൂൾ അടക്കേണ്ടി വന്നതെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മാനെജ്‌മെന്റ് കമ്മറ്റി അറിയിച്ചു.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ