കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂളുകളുടെ ഫീസിനത്തിലുള്ള പിഴിച്ചിൽ ഇനി ഉണ്ടാകില്ല. രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് ട്യൂഷൻ ഫീസിന് പുറമേ യാതൊന്നും നിർബന്ധിച്ച് വാങ്ങരുതെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നത് രക്ഷിതാക്കൾക്ക് ആശ്വാസമായിരിക്കുകയാണ്. ട്യൂഷൻ ഫീസ് മാത്രമാണ് നിർബന്ധപൂർവം ഈടാക്കാവുന്ന ഫീസ് എന്നും വേറെ ഏതുതരം ഫീസ് ഏർപ്പെടുത്തുകയാണെങ്കിലും അവ അടക്കൽ ഐഛികം മാത്രമാണെന്നുമാണ്? സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അധികൃതരുടെ വിശദീകരണം.

ഇന്ത്യൻ സ്‌കൂളുകളടക്കം രാജ്യത്തെ മിക്ക സ്വകാര്യ സ്‌കൂളുകളും ട്യൂഷൻ ഫീസ് കൂടാതെ വിവിധതരം ഫീസുകൾ ഈടാക്കുന്നുണ്ട്. യൂനിഫോം, ബുക്, ട്രാൻസ്‌പോർട്ട് എന്നിവ സ്‌കൂൾ നൽകുന്നുണ്ടെങ്കിൽ അതിന് ഫീസ് ഈടാക്കാം. എന്നാൽ, ഇവക്കായി സ്‌കൂളിൽനിന്നുള്ള സംവിധാനം തന്നെ ഉപയോഗപ്പെടുത്തണമെന്ന് മാനേജ്‌മെന്റുകൾക്ക് ശഠിക്കാനാവില്‌ളെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ ട്രാൻസ്‌പോർട്ട് സംവിധാനം ഉപയോഗിക്കാതെ സ്വന്തംനിലക്ക് വരുന്നതുപോലെ സ്‌കൂൾ നിഷ്‌കർഷിക്കുന്ന യൂനിഫോമും ബുക്കുകളും വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ പുറത്തുനിന്നുവാങ്ങാമെന്നർഥം.

സ്മാർട്ട് റൂം, അഡ്‌മിഷൻ ഫയൽ ഓപണിങ്, കാർണിവൽ തുടങ്ങി വിവിധ പേരുകളിൽ പല സ്‌കൂളുകളും വിദ്യാർത്ഥികളിൽനിന്ന് പണം പറ്റുന്നുണ്ട്. എന്നാൽ, ഇവയൊന്നും നൽകൽ വിദ്യാർത്ഥികൾക്ക് നിർബന്ധമില്‌ളെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് പണം നൽകാൻ സ്‌കൂൾ അധികൃതർ നിർബന്ധിച്ചതായി പരാതി ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ
കൂട്ടിച്ചേർത്തു.