കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിൽ പ്രണവ് കെ.എസും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിസ്‌ന മാത്യൂവും സ്വർണം നേടി വേഗമേറിയ താരങ്ങളായി. കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് പ്രണവ്.

കോഴിക്കോട് ഉഷ സ്‌കൂളിലെ താരമായ ജിസ്‌ന റെക്കാഡോടെയാണ് സ്വർണം നേടിയത്. ഉഷ സ്‌കൂളിലെ ശിൽപ 2008ൽ കുറിച്ച റെക്കാഡാണ് ജിസ്‌ന തകർത്തത്. മീറ്റിലെ രണ്ടാമത്തെ സ്വർണമാണിത്. നേരത്തെ 400 മീറ്ററിലും ജിസ്‌ന സ്വർണം നേടിയിരുന്നു.

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് പറളി സ്‌കൂളിലെ അമലും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പി.ഡി.അഞ്ജലിയും ഒന്നാമതെത്തി. ആൺകുട്ടികളുടെ സബ്ജൂനിയർ മത്സരത്തിൽ അലൻ ചാർളി സ്വർണം നേടി. പെൺകുട്ടികളുടെ സബ് ജൂനിയർ മത്സരത്തിൽ ഗൗരി നന്ദനയ്ക്കാണ് സ്വർണം.