സിഡ്‌നി: ഇനി വിദ്യാർത്ഥികളുടെ പഴയ ബസ് പാസിന് വിട. സിഡ്‌നിയിലും ന്യൂ സൗത്ത് വേൽസിലെ മറ്റു റീജനിലുമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസ് പാസിനു പകരം പുതിയ ഓപ്പൽ കാർഡ് ആയിരിക്കും നൽകുക. നാലു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അടുത്ത വർഷം മുതൽ ഓപ്പൽ കാർഡ് ആയിരിക്കും സൗജന്യ ബസ് യാത്രയ്ക്ക് ഉപയോഗിക്കുക.

കിന്റർഗാർട്ടൺ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും കൂടാതെ 18 വയസിൽ താഴെയുള്ള TAFE വിദ്യാർത്ഥികൾക്കും ഓപ്പൽ കാർഡ് ബസ് യാത്രയ്ക്ക് ഉപയോഗപ്പെടുത്താം. സിഡ്‌നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, ദ ഹണ്ടർ, ഇല്ലാവാര, സതേൺ ഹൈലാൻഡ് എന്നിവിടങ്ങളിലുള്ള പബ്ലിക്, കാത്തലിക്, ഇൻഡിപെൻഡന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ട്രെയിനിലും ബസിലും ഫെറികളും യാത്ര ചെയ്യാൻ ഇനി മുതൽ ഓപ്പൽ കാർഡ് ആകും ഉപയോഗിക്കാൻ സാധിക്കുക.

അതേസമയം സിഡ്‌നി ലൈറ്റ് റെയിലിൽ ഈ കാർഡുമായി സൗജന്യ യാത്ര നടക്കില്ല. മാത്രമല്ല, വീക്കെൻഡിലെ ബസ്, ട്രെയിൻ യാത്രയ്ക്ക് വിദ്യാർത്ഥികൾക്ക് വേറെ കൺസഷൻ കാർഡ് വേണ്ടിവരും. ഓപ്പൽ കാർഡ് ലഭിക്കാനായി മാതാപിതാക്കൾ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാൽ മതി. 2016 സ്‌കൂൾ വർഷം തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് തപാലിൽ കാർഡ് ലഭിക്കും.

വിദ്യാർത്ഥികൾക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് ഓപ്പൽ കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുമ്പ് ബസ് യാത്രയ്ക്കും ട്രെയിൻ യാത്രയ്ക്കും വേവ്വെറെ പാസുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഇനി മുതൽ ഒറ്റകാർഡു കൊണ്ട് യാത്ര നടത്താനാകും. TAFE വിദ്യാർത്ഥികൾക്ക് രാത്രി 9.30 വരെ ഓപ്പൽ കാർഡ് ഉപയോഗിക്കാം. നാലര വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂൾ യാത്രയ്ക്ക് ഓപ്പൽ കാർഡിന് യോഗ്യതയുണ്ട്. കൂടാതെ സ്‌കൂളിൽ നിന്ന് 1.6 കിലോമീറ്ററിലധികം ദൂരത്തിൽ താമസിക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്കും രണ്ടു കിലോമീറ്ററിലധികം ദൂരത്തിൽ താമസിക്കുന്ന സെക്കൻഡറി വിദ്യാർത്ഥികൾക്കും കാർഡ് ലഭിക്കാൻ യോഗ്യതയുണ്ട്.