തിരൂർ: പ്രകൃതിവിരുദ്ധ പീഡനത്തിന് മുൻ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരൂർ പഴംകുളങ്ങരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ അൻസാറുൽ മുസ്ലിമീൻ സംഘം ഹയർ സെക്കണ്ടറി സകൂൾ പ്രിൻസിപ്പലും അദ്ധ്യാപകനുമായിരുന്ന കന്മനം പാറക്കൽ സ്വദേശി ആയപ്പള്ളി അബ്ദുൽ മജീദി(38)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ആൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടർന്ന് സെക്‌സ് റാക്കറ്റിൽ കണ്ണിയാക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് ആരോപണമുണ്ട്. ലൈംഗിക പീഡനം നടത്തിയതായി കാണിച്ച് സ്‌കൂളിലെ +1 വിദ്യാർത്ഥി നൽകിയ പരാതിയിൻേമേലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഓഗസ്ത് മാസത്തിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ആദ്യമായി ഇരയാക്കിയതെന്ന് പതിനാറുകാരനായ വിദ്യാർത്ഥി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

സ്‌കൂളിൽ പ്രിൻസിപ്പലായിരിക്കുമ്പോഴായിരുന്നു ഇയാൾ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. സെക്‌സ് ചിത്രങ്ങളും വീഡിയോകളും ഇയാൾ വിദ്യാർത്ഥികൾക്ക് മൊബൈലിൽ കാണിച്ചിരുന്നുവത്രെ. അദ്ധ്യാപകന്റെ ലൈംഗിക വേഴ്ചകളിൽ വിദ്യാർത്ഥികൾ എതിർപ്പ് പ്രകടിപ്പിക്കുകയോ പരസ്യമാക്കുകയോ ചെയ്തിരുന്നില്ല. പുറത്തു പറഞ്ഞാൽ ഇന്റേണൽ മാർക്കല്ലാതാക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞായിരുന്നു ഭീഷണി. മാത്രല്ല തന്റെ താൽപര്യങ്ങളോടൊപ്പം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണനയും ഇന്റേണൽ മാർക്കുമെല്ലാം നൽകുമെന്നായിരുന്നു വിദ്യാർത്ഥികളെ ധരിപ്പിച്ചിരുന്നത്.

ഇയാളുടെ പീഡനത്തിനിരയായി കഴിഞ്ഞാൽ പിന്നീട് മറ്റു കുട്ടികളെയും ബന്ധപ്പെടുത്തി പീഡനം നടത്തും. തുടർന്ന് വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുകയും കൂടുതൽ കുട്ടികളെ സെക്‌സ് റാക്കറ്റ് വലയിലേക്ക് വീഴ്‌ത്തുകയുമാണ് ചെയ്തിരുന്നത്. പരാതിക്കാരനായ +1 വിദ്യാർത്ഥിയുടെ വാട്‌സ് ആപ്പിലേക്കും ഇയാൾ സ്ഥിരമായി അശ്ലീല ചിത്രങ്ങൾ അയച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ പൊലീസിൽ ലഭിച്ചിട്ടുണ്ട്.

രണ്ടു മാസം മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് ജോലിമാറ്റം ലഭിച്ച് ഇയാൾ പോയെങ്കിലും വിദ്യാർത്ഥിയുടെ മൊബൈലിലേക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. മറ്റു വിദ്യാർത്ഥികളെ തരപ്പെടുത്തണമെന്നും ഇയാൾ വാട്‌സ് ആപ്പ് പോസ്റ്റിൽ അയച്ചിരുന്നു. മൊബൈൽ സന്ദേശങ്ങൾ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർത്ഥിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഈ അദ്ധ്യാപകൻ അയച്ച നിരവധി ചിത്രങ്ങളും സന്ദേശങ്ങളും കാണപ്പെട്ടു. വിദ്യാർത്ഥിയെന്ന വ്യാജേന ജ്യേഷ്ഠസഹോദരൻ അദ്ധ്യാപകനുമായി മൊബൈലിലൂടെ സന്ദേശം കൈമാറുകയും ഇയാളെ കയ്യോടെ പിടികൂടുകയുമായിരുന്നു.

തന്റെ ലൈംഗിക ശമനത്തിന് വേറെയും കുട്ടികളെ ബന്ധപ്പെടുത്തി തരണമെന്നും വിളിക്കുമ്പോഴെല്ലാം നീ വരണമെന്നുമായിരുന്നു അദ്ധ്യാപകൻ മൊബൈലിലൂടെ അയച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥിയുടെ സഹോദരൻ അനുകൂലമായി വാട്‌സ് ആപ്പിലൂടെ മറുപടിയും നൽകി. തുടർന്ന് രാവിലെ ഏഴു മണിക്ക് സ്‌കൂളിൽ എത്തണമെന്നും അദ്ധ്യാപകൻ നിർദേശിച്ചു. ഇതോടെ സംഘടിച്ചെത്തിയ വിദ്യാർത്ഥിയുടെ ബന്ധുക്കൾ അദ്ധ്യാപകനെ കയ്യോടെ പിടികൂടുകയായിരുന്നു. വേലി തന്നെ വിളവു തിന്നുന്നുവെന്നു പുറത്തറിഞ്ഞതോട അദ്ധ്യാപകനു നേരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടിക്കു നേരെയുള്ള അതിക്രമം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇയാളുടെ വലയിൽ മറ്റു വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് തിരൂർ എസ്.ഐ സുനിൽ പുളിക്കൽ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അദ്ധ്യാപകന്റെ മൊബൈൽ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷിച്ചു വരികയാണ്. മറ്റു കുട്ടികൾക്കും ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയച്ചിട്ടുണ്ടോയെന്ന് ഇതിൽ നിന്നും വ്യക്തമാകും. ഇതോടെ വൻ സെക്‌സ് റാക്കറ്റ് വലയങ്ങളായിരിക്കും പുറത്താവുക.