അതിരമ്പുഴ: കൊലവിളിച്ചെത്തിയ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയൊരു ദാരുണ മരണം. കൺമുമ്പിൽ ഭാര്യയുടെ ശരീരം ചതഞ്ഞറഞ്ഞതു കണ്ട് ഞെട്ടി വിറച്ച് നിലവളിച്ച് മോഹാല്യസ്യപ്പെട്ട് ഭർത്താവ്. കോട്ടയത്തെ നടുക്കിയ വാഹനപാകടത്തിൽ മരണപ്പെട്ടത് കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ അദ്ധ്യാപികയാണ് അതേലോറി രണ്ട് തവണ ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണമായി കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ 8.15ന് എംജി യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പിലാണ് അപകടം. മേരിമൗണ്ട് സ്‌കൂൾ അദ്ധ്യാപികയും മാന്നാനം മുത്തേടം (കല്ലുവെട്ടാംകുഴി) ഷാജി മാത്യുവിന്റെ ഭാര്യയുമായ ലീന(42)യാണ് മരിച്ചത്. രാവിലെ ഭർത്താവിനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലീനയെ സ്‌കൂളിൽ ഇറക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. എം ജി യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പിന് സമീപത്ത് ഹംബുള്ളതിനാൽ പതിയെയായിരുന്നു ഷാജി സ്‌കൂട്ടർ ഓടിച്ചത്. പൊതുവേ വാഹനങ്ങൾ വേഗത കുറയ്ക്കാറുണ്ടെങ്കിലും ടോറസ് ടിപ്പർ ലോറി അമിതവേഗതയിലെത്തി സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ലോറി തട്ടിയതിനെത്തുടർന്ന് സ്‌കൂട്ടർ മറിയുകയും ഷാജി ഇടതുവശത്ത് റോഡരികിലേക്കു വീഴുകയും ലീന വലതുവശത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തൊട്ടടുത്ത നിമിഷം ലോറി ലീനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ലീനയുടെ വയറിലൂടെ കയറിയിറങ്ങിയ ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും ശരീരത്തിലൂടെ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിന് വിദ്യാർത്ഥികൾ അടക്കം നിരവധി പേർ സാക്ഷികളായി. റോഡിലേക്കു തെറിച്ചുവീണ ഷാജി ചാടിയെണീറ്റ് നോക്കുമ്പോൾ കണ്ടത് ലീനയുടെ ചതഞ്ഞരഞ്ഞ ശരീരമാണ്. ദാരുണരംഗം കണ്ട് നടുങ്ങിവിറച്ച ഷാജി അലറിവിളിച്ചു.

റോഡിൽ ചതഞ്ഞരഞ്ഞ നിലയിൽ ശരീരം കണ്ട് പലർക്കു ആ ഭാഗത്തേക്ക് വരാൻ ധൈര്യമുണ്ടായില്ല. പൊലീസ് എത്തിയാണ് മൃതദേഹം നീക്കം ചെയ്തത്. ഗാന്ധിനഗർ എസ്‌ഐ എം.ജെ.അരുൺ, എഎസ്‌ഐ ജസ്റ്റിൻ മണ്ഡപം എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കോഴിക്കോട് നാട്ടുപറമ്പിൽ കുടുംബാംഗമാണ് ലീന. മക്കൾ: എബി, ആൽബി (ഇരുവരും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ).