തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ അദ്ധ്യാപകരുടെ യോഗ്യത കേന്ദ്ര മാനദണ്ഡ പ്രകാരം അഴിച്ചു പണിയുന്നു. യു.പി. അദ്ധ്യാപകർക്കു ബിരുദവും ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാകും. ആറാം ക്ലാസ് മുതൽ അദ്ധ്യാപക നിയമനം വിഷയാധിഷ്ടിതമാകും. സംസ്ഥാനത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ നിലവിൽ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഇത് ബിരുദമായി ഉയർത്തും. ഇതിനു പുറമേ ഡി.എഡും കെ-ടെറ്റും പാസാകണം.

ഹൈസ്‌കൂൾ അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദത്തിൽനിന്നു ബിരുദാനന്തര ബിരുദമാകും. ഇതോടൊപ്പം ബി.എഡും കെ-ടെറ്റും നിർബന്ധം. യോഗ്യത ഇല്ലാത്ത അദ്ധ്യാപകർ യോഗ്യത നേടുന്നത് വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടിയും വരും. സർവീസിലുള്ള അദ്ധ്യാപകർ 2019 മാർച്ച് 31നകം ഈ യോഗ്യതകൾ നേടിയിരിക്കണം. 2010ൽ നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം.

ഡയറ്റിൽ ജോലി ലഭിക്കാൻ പിഎച്ച്.ഡി. അല്ലെങ്കിൽ നെറ്റ് യോഗ്യതയുണ്ടാകണം. പഠന-ഗവേഷണ സ്ഥാപനമായ ഡയറ്റുകളിൽ ബിരുദാനന്തര ബിരുദത്തിനു പുറമേ പിഎച്ച്.ഡി. അല്ലെങ്കിൽ നെറ്റ് ഉള്ളവർക്കേ അദ്ധ്യാപകരാകാൻ കഴിയൂ.

വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യത നിയമം നടപ്പാക്കി അഞ്ചു വർഷത്തിനകം നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. 2017 ഒക്ടോബർ 17 ലെ വിജ്ഞാപനത്തിലുടെ ഇത് ഒൻപതു വർഷമായി നീട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയത് 2010ലാണ്. ഇതനുസരിച്ച്, സർവീസിലുള്ള അദ്ധ്യാപകർ 2019 മാർച്ച് 31നകം ഈ യോഗ്യതകൾ നേടിയിരിക്കണം.

നിയമം നടപ്പാക്കിയപ്പോൾ കേരളത്തിൽ അദ്ധ്യാപകർക്കുള്ള പരീക്ഷയിൽ (ടെറ്റ്) മാത്രമാണ് ഇളവു നൽകിയത്. യോഗ്യതയുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. യോഗ്യതകൾ നിർബന്ധമായും നടപ്പാക്കണമെന്ന് എൻ.സി.ടി.ഇ. നിർദ്ദേശിച്ചിരിക്കെയാണ് കേരളവും അദ്ധ്യാപകരുടെ യോഗ്യത പരിഷ്‌ക്കരിക്കാൻ തൂരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള ഈ മാറ്റങ്ങൾ നിർബന്ധമായും നടപ്പാക്കണമെന്നാണു എൻ.സി.ടി.ഇ. (നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ)യുടെ നിർദ്ദേശം.