ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളുകളിലെ ശൗചാലയങ്ങളിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പിരീഡ് ലീവ് ക്യാംപയിനുമായി സംസ്ഥാനത്തെ അദ്ധ്യാപികമാർ രംഗത്ത്. അദ്ധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയായ ഉത്തർപ്രദേശ് മഹിളാ ശിക്ഷക് സംഘ് ആണ് ക്യാംപയിന് തുടക്കമിട്ടത്.

മാസം മൂന്ന് ദിവസത്തെ പിരീഡ്സ് അവധി വേണമെന്നാണ് അദ്ധ്യാപികമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ധ്യാപികമാർ സംസ്ഥാനത്തെ മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് ആവശ്യം അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ ക്യാംപയിൻ തുടങ്ങിയതോടെ നിരവധി പുരുഷ അദ്ധ്യാപകരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ധ്യാപികമാർ പറയുന്നു.

നിരവധി സ്‌കൂളുകളിൽ അദ്ധ്യാപികമാർ വിദ്യാർത്ഥിനികൾ പോകുന്ന ശുചിമുറിയിലാണ് പോകുന്നതെന്നും വൃത്തിയില്ലായ്മ കാരണം പലപ്പോഴും രോഗം വരുന്ന അവസ്ഥയിലെത്തുന്നുണ്ടെന്നാണ് അസോസിയേഷൻ പ്രസിഡന്റ് സുലോചന മൗര്യ പറഞ്ഞത്.

'പല സ്‌കൂളുകളിലും അദ്ധ്യാപകർ 200 മുതൽ 400 വിദ്യാർത്ഥിനികൾക്കൊപ്പമാണ് ശുചിമുറി പങ്കിടുന്നത്. ഒരു തരത്തിലുള്ള ശുചീകരണവും നടക്കുന്നില്ല. ശുചിമുറിയിൽ പോകുന്നത് ഒഴിവാക്കാൻ പലരും വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. ഇത് പല അദ്ധ്യാപികമാർക്കും മൂത്രാശയ അണുബാധയുണ്ടാക്കുന്നു.

വൃത്തിഹീനമായ ശുചിമുറികൾ ഒഴിവാക്കുക അല്ലെങ്കിൽ പറമ്പിലേക്ക് പോകുക എന്നതാണ് അവസ്ഥ. ആർത്തവ ദിവസങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ട്. ദൂരെ ഗ്രാമങ്ങളിലെ സ്‌കൂളുകളിലെത്താൻ 30-40 കിലോമീറ്റർ ദൂരം വരെ പ്രതിദിനം സഞ്ചരിക്കുന്നവരുണ്ട്,' സുലോചന മൗര്യ പറഞ്ഞു.

പ്രൈമറി സ്‌കൂളുകളിലെ 60-70 ശതമാനം വരെ വരുന്ന അദ്ധ്യാപകരും സ്ത്രീകളാണ്. പക്ഷെ അദ്ധ്യാപക അസോസിയേഷനുകളുടെ തലപ്പത്ത് പലപ്പോഴും പുരുഷന്മാരാണ്. അതിനാലാണ് പുതിയ സംഘടന രൂപീകരിച്ചതെന്നും സുലോചന പറഞ്ഞു.