ബ്രിസ്‌ബേൻ: സഹപാഠിയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച സ്‌കൂൾ വിദ്യാർത്ഥിക്ക് മൂന്നു വർഷം തടവ് വിധിച്ചു. മിറ്റ്‌ഷെൽട്ടണിലുള്ള മൗണ്ട് മരിയ കോളേജിൽ 2013 ഓഗസ്റ്റ് 29നാണ് സംഭവം നടക്കുന്നത്.

തുടർച്ചയായി ബുള്ളിയിംഗിന് വിധേയനായിരുന്ന വിദ്യാർത്ഥിയാണ് സഹപാഠിയെ കുത്തിയത്. അന്ന് പതിനാലു വയസുണ്ടായിരുന്ന വിദ്യാർത്ഥി പക്ഷേ സഹപാഠിയെ പേടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കുത്തിയതെങ്കിലും കഴുത്തിൽ കുത്തേറ്റ് സംഭവം ഗുരുതരമാകുകയായിരുന്നു. സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സംഭവം നടക്കുന്നത്. പതിനഞ്ചുകാരനായ വിദ്യാർത്ഥിയുടെ കഴുത്തിലാണ് കുത്തേറ്റത്.

ജീവനു ഭീഷണി ആകുന്ന തരത്തിലുള്ള മുറിവ് അല്ലായിരുന്നുവെങ്കിലും സഹപാഠിയെ കുത്തുക വഴി അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും മറ്റു വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സുപ്രിം കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. മൂന്നു വർഷമാണ് തടവിന് ശിക്ഷിച്ചതെങ്കിലും പ്രായം കണക്കിലെടുത്ത് ശിക്ഷാകാലാവധിയുടെ അമ്പതു ശതമാനം പൂർത്തിയാക്കികഴിഞ്ഞാൽ ജയിൽ ശിക്ഷയിൽ നിന്നു മോചിതനാകുമെന്നും ജഡ്ജി പറഞ്ഞു. ഇപ്പോൾ തന്നെ ആറു മാസം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കുകയാണ് വിദ്യാർത്ഥി.