തിരുവനന്തപുരം: കോവിഡ് കാലത്തെ അധ്യായനം ഓൺലൈനിലൂടെ നടന്നപ്പോഴും സംസ്ഥാനത്തേതടക്കം സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്നും വിവിധ ഫീസ് ഇനത്തിൽ ഈടാക്കിയത് വൻ തുക. ആലപ്പുഴയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ അധ്യായന വർഷത്തിന്റെ തുടക്കത്തിൽ മാത്രം ഈടാക്കിയത് 9950 രൂപയാണ്.

ജൂണിൽ മാത്രം സ്‌പെഷ്യൽ ഫീസ് ഇനത്തിൽ വാങ്ങിയത് 750 രൂപയാണ്. അതേ മാസത്തിൽ കമ്പ്യൂട്ടർ ഫീസിനത്തിൽ ആയിരം രൂപയും എക്‌സാം ഫീസ് ലൈബ്രറി ഫീസ്, മാഗസിൻ ഫീസ് എന്നിവയ്ക്കായി 1250 രൂപയും ഈടാക്കി. കൂടാതെ ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ട്യൂഷൻ ഫീസായി ഈടാക്കിയത് 1600 രൂപ വീതമാണ്. കൂടാതെ സ്പോർട്സ് ഫീസായി നൽകേണ്ടി വന്നത് 550 രൂപ. ആകെ 9950 രൂപയാണ് ഈടാക്കിയത്.



കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഫീസ് ഇനത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നപ്പോഴും രാജ്യത്തെ വിവിധ ഇടങ്ങളിൽ സമാനമായ പകൽകൊള്ള തന്നെയാണ് പല സ്വകാര്യ സ്‌കൂളുകളും നടത്തിയത്. സ്വകാര്യ സ്‌കൂളുകൾ പല നിരക്കുകളിൽ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു.

വിഷയം സുപ്രീം കോടതിയുടെ മുന്നിൽ എത്തിയതോടെ സുപ്രധാന ഇടപെടലാണ് പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലോക്ക്ഡൗൺ കാലത്ത് വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ലെന്നും, വാർഷിക ഫീസിൽ പതിനഞ്ച് ശതമാനം ഇളവ് നൽകണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

സ്വകാര്യ സ്‌കൂളുകൾ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

സ്‌കൂൾ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കാര്യത്തിൽ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ ക്രിയാത്മകമായി പ്രതികരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഫീസ് ലഭിച്ചില്ലെന്ന കാരണത്താൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് അടക്കം പഠനം നിഷേധിക്കരുതെന്നും, പരീക്ഷാഫലം പിടിച്ചുവയ്ക്കരുതെന്നും കോടതി പറഞ്ഞു.

ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത തരത്തിൽ സ്‌കൂൾ ഫീസ് ഈടാക്കൽ പുനഃക്രമീകരിക്കണം.

വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ല. അങ്ങനെ വാങ്ങിയാൽ അതിനെ കൊള്ളലാഭമായി കണക്കാക്കും. നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2020-21 അക്കാദമിക് വർഷത്തിലെ ഫീസ് നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് രക്ഷിതാക്കൾ നിവേദനം നൽകിയാൽ അക്കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു.