- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണസംഘടനാ ചായ് വുള്ള അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ കൂടുതൽ നാൾ തുടരാൻ 'കളി'; സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ഉള്ളപ്പോഴും ഹയർ സെക്കണ്ടറി -വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ ട്രാൻസ്ഫർ ഇല്ല; വിഎച്ച്എസ്സി ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റവും തഥൈവ
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ ട്രാൻസ്ഫർ എങ്ങും എത്താതെ നിൽക്കുന്നു. കോവിഡ് കാരണംകഴിഞ്ഞ വർഷങ്ങളിൽ ട്രാൻസ്ഫർ നടക്കാത്തതിനാൽ പലരും വർഷങ്ങളായി അന്യനാട്ടിൽ കഴിയുകയാണ്. ഇത്തവണ ട്രാൻസ്ഫർ നടക്കും എന്നത് ആശ്വാസം നൽകുന്ന കാര്യം ആണെങ്കിലും സ്‌കൂളുകൾ തുറക്കാറായിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങുന്നത് അദ്ധ്യാപകരെ ആശങ്കയിലാക്കുകയാണ്.
തങ്ങളുടെ കുട്ടികൾക്ക് അദ്ധ്യയനവർഷത്തിന്റെ മധ്യത്തിൽ സ്‌കൂളിൽ അഡ്‌മിഷൻ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. ജൂൺ ഒന്നിനു മുൻട്രാൻസ്ഫർ നടത്തുമെന്ന വാഗ്ദാനം ഇത്തവണ നടക്കില്ല. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ട്രാൻസ്ഫർ ഒരിക്കലും ജൂൺ ഒന്നിന് മുൻപായി നടത്താറില്ല എന്നും പരാതി ഉയരുന്നുണ്ട്. സർക്കാർ ഫയലുകളുടെ മെല്ലെ പോക്ക് മറ്റുള്ള വകുപ്പുകളിലെ പോലെ വിദ്യാഭ്യാസ വകുപ്പിലും കാണപ്പെടുന്നു.
ഭരണസംഘടനാ ചായ്‌വുള്ള അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ കൂടുതൽ നാൾ നിൽക്കാൻ സാഹചര്യം ഒരുക്കാനാണ് ട്രാൻസ്ഫർ കഴിഞ്ഞ വർഷങ്ങളിൽ വിളിക്കാതിരുന്നതും ഇപ്പൊ നീട്ടികൊണ്ട് പോകുന്നതിനുമുള്ള കാരണമെന്ന് അദ്ധ്യാപകവൃത്തങ്ങളിൽ നിന്നും പരാതി ഉയരുന്നുണ്ട്. അതുപോലെ തന്നെ വൊക്കേഷണൽ ഹയർസെക്കണ്ടറി ജൂനിയർഅദ്ധ്യാപകരുടെ സ്ഥാനക്കയറ്റവും ഇപ്പോൾ പ്രതിസന്ധിയിലാണ്. വിഷയത്തിൽ പ്രധാനമായും തടസ്സമാകുന്നത് വിഎച്ച്എസ്ഇ സ്‌പെഷൽ റൂൾസിലുള്ള അവ്യക്തതകളാണ്.
2004ൽ ഇറക്കിയ റൂൾസ് പ്രകാരം ആഴ്ചയിൽ 715 പീരിയഡാണ് ജൂനിയർ അദ്ധ്യാപകരുടെ ജോലി സമയം. സീനിയർ തസ്തികയിൽ 16 പീരിയഡ് മുതൽ എന്നാണ് പറഞ്ഞിട്ടുള്ളത്. പരിധി നിശ്ചയിക്കാത്തതിനാൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരികയാണ് അദ്ധ്യാപകർക്ക്. ഹയർ സെക്കൻഡറിയിൽ 35 മുതൽ 45 മിനിറ്റ് വരെ ഒരു പീരിയഡായി കണക്കാക്കുമ്പോൾ വിഎച്ച്എസ്ഇയിൽ റൂൾ പ്രകാരം സമയം നിർവചിച്ചിട്ടില്ല. എന്നാൽ ഡയറക്ടറേറ്റ് ഒരു മണിക്കൂറാണ് ഒരു പീരിയഡ് എന്നു സ്വന്തമായി നിർവചനം നൽകുകയായിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പീരിയഡ് 45 മിനിറ്റായി പുനഃക്രമീകരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നീണ്ടുപോകുന്നത്.
2016 ഫെബ്രുവരിയിൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് ഹൈക്കോടതി വിധിയെ തുടർന്ന് ഇവരെ സീനിയർ തസ്തികയിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതുൾപ്പെടെയുള്ള പല ഉത്തരവുകളും മരവിപ്പിച്ചു. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ എ.കെ.ബാലൻ ചെയർമാനായ നിയമസഭ ഉപസമിതിയും അദ്ധ്യാപകർക്ക് അനുകൂലമായാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ ധനവകുപ്പും, വിദ്യാഭ്യാസ വകുപ്പും കടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയൽ എത്തിയപ്പോൾ ഇപ്പോൾ പരിഗണിക്കേണ്ടെന്നു പറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ ഒരു അധ്യയനവർഷം 600 മണിക്കൂർ ഉണ്ടായിരുന്ന വിഎച്ച്എസ്സി ക്ലാസുകൾ ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി (എൻഎസ്്ക്യുഎഫ്) നടപ്പിലാക്കിയപ്പോൾ 300 മണിക്കൂർ ആക്കി. പരീക്ഷയ്ക്ക് 80 മാർക്ക് എന്നത് 50 മാർക്ക് ആയി കുറച്ചു. എന്നിട്ടും പരീക്ഷ, ക്ലാസ് ടൈംടേബിളുകളിൽ വിഎച്ച്എസ്ഇ മാറ്റം വരുത്തിയില്ല. ഡയറക്ടറേറ്റിന്റെ അനാസ്ഥയാണ് തലതിരിഞ്ഞ വ്യവസ്ഥകൾക്കു പിന്നിലെന്നാണ് അദ്ധ്യാപകരുടെ ആരോപണം.
വിഎച്ച്എസ്ഇ വിഭാഗത്തിൽ ജൂനിയർ തസ്തികകളുമായി താരതമ്യപ്പെടുത്തിയാൽ സീനിയർ അദ്ധ്യാപക തസ്തികകൾ കുറവാണ്. ഒരു വിഷയത്തിൽ മൂന്നു ബാച്ചുകൾ സ്‌കൂളിൽ ഉണ്ടായാൽ മാത്രമേ അവിടെ സീനിയർ തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ. പീരിയഡ് നിർണയവുമായി ബന്ധപ്പെട്ട അവ്യക്തത വിഎച്ച്എസ്ഇ-ഹയർ സെക്കൻഡറി ലയനം പൂർണമാകുന്നതോടെ പരിഹരിക്കപ്പെടും എന്നുമാണ് വിഎച്ച്എസ്ഇ ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.