- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിണാമം എന്നത് തെളിവുകളില്ലാത്ത കെട്ടുകഥയല്ല ആയിരക്കണക്കിന് തെളിവുകളുള്ള ശാസ്ത്ര സത്യമാണ്; ഹവായി ദ്വീപിലെ ആൺചീവീടുകളിൽ ഒരു വിഭാഗം എന്തിനാണ് പാട്ടുനിർത്തിയത്; ഇതാ പരിണാമം തൽസമയം
ഓഷിയേനിയ പ്രദേശത്തുനിന്ന് ഒരിനം ചീവീടുകളും, വടക്കേ അമേരിക്കയിൽ നിന്ന് പരാന്നഭോജികളായ ഒരിനം പ്രാണികളും ഹവ്വായി ദീപുകളിലെത്തി. ഇണകളെ ആകർഷിക്കാൻ ആൺചീവീടുകൾ അവയുടെ ചിറകുകൾ കൂട്ടിയുരസി താളാത്മകമായി സംഗീതം പൊഴിക്കും. പോളിനേഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഒക്കെ കാണപ്പെടുന്ന ഈ ഫീൽഡ് ചീവീടുകളുടെ ശാസ്ത്രീയനാമം 'ടെലിയോഗ്രില്ലസ് ഓഷിയേനിക്കസ്' (Teleogryllus oceanicus) എന്നാണ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രശ്നം ഹവ്വായി ദീപുകളിലെത്തിയ ചീവീടുകൾ നേരിട്ടു. അവ 'പ്രണയസംഗീതം' പൊഴിക്കുമ്പോൾ ഇണകൾ മാത്രമല്ല ആകർഷിക്കപ്പെടുക, മേൽസൂചിപ്പിച്ച പ്രാണികളും (Ormia ochracea) എത്തും. പ്രണയമല്ല, മരണമാണ് ആ പ്രാണികൾ ആൺചീവീടുകൾക്ക് നൽകുക. പ്രാണികളുടെ ലാർവ്വകൾ ഒരാഴ്ച കൊണ്ട് ചീവീടുകളെ തിന്നുതീർക്കും! ഹവ്വായിയിലെ ചീവീടുകൾ ശരിക്കും ഊരാക്കുടുക്കിലായി എന്നു സാരം. വർശവർധനയ്ക്കായി പൊഴിക്കുന്ന സംഗീതം, വംശനാശത്തിന് കാരണമാകുന്നു! ആ കെണിയിൽ നിന്ന് രക്ഷനേടാൻ എളുപ്പ മാർഗ്ഗം പാട്ട് നിർത്തുക എന്നതാണ്. അതുതന്നെ സംഭവിച്ചു,
ഓഷിയേനിയ പ്രദേശത്തുനിന്ന് ഒരിനം ചീവീടുകളും, വടക്കേ അമേരിക്കയിൽ നിന്ന് പരാന്നഭോജികളായ ഒരിനം പ്രാണികളും ഹവ്വായി ദീപുകളിലെത്തി. ഇണകളെ ആകർഷിക്കാൻ ആൺചീവീടുകൾ അവയുടെ ചിറകുകൾ കൂട്ടിയുരസി താളാത്മകമായി സംഗീതം പൊഴിക്കും. പോളിനേഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഒക്കെ കാണപ്പെടുന്ന ഈ ഫീൽഡ് ചീവീടുകളുടെ ശാസ്ത്രീയനാമം 'ടെലിയോഗ്രില്ലസ് ഓഷിയേനിക്കസ്' (Teleogryllus oceanicus) എന്നാണ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രശ്നം ഹവ്വായി ദീപുകളിലെത്തിയ ചീവീടുകൾ നേരിട്ടു. അവ 'പ്രണയസംഗീതം' പൊഴിക്കുമ്പോൾ ഇണകൾ മാത്രമല്ല ആകർഷിക്കപ്പെടുക, മേൽസൂചിപ്പിച്ച പ്രാണികളും (Ormia ochracea) എത്തും. പ്രണയമല്ല, മരണമാണ് ആ പ്രാണികൾ ആൺചീവീടുകൾക്ക് നൽകുക. പ്രാണികളുടെ ലാർവ്വകൾ ഒരാഴ്ച കൊണ്ട് ചീവീടുകളെ തിന്നുതീർക്കും!
ഹവ്വായിയിലെ ചീവീടുകൾ ശരിക്കും ഊരാക്കുടുക്കിലായി എന്നു സാരം. വർശവർധനയ്ക്കായി പൊഴിക്കുന്ന സംഗീതം, വംശനാശത്തിന് കാരണമാകുന്നു! ആ കെണിയിൽ നിന്ന് രക്ഷനേടാൻ എളുപ്പ മാർഗ്ഗം പാട്ട് നിർത്തുക എന്നതാണ്. അതുതന്നെ സംഭവിച്ചു, സ്വരം പാരയായപ്പോൾ ചില ഹവ്വായ് ദീപുകളിലെ ആൺചീവീടുകൾ പാട്ടു നിർത്താൻ തുടങ്ങി! പാട്ടുനിർത്തി എന്നു കേൾക്കുമ്പോൾ, ആൺചീവീടുകളെല്ലാം ചേർന്ന് ചർച്ചചെയ്ത് അങ്ങനെയൊരു തീരുമാനമെടുത്തു എന്നല്ല അർഥം. കൂട്ടിയുരസുമ്പോൾ ശബ്ദമുണ്ടാകാത്ത തരത്തിലൊരു ഘടനാമാറ്റം ചീവീടുകളുടെ ചിറകുകൾക്ക് സംഭവിച്ചു. എന്നുവച്ചാൽ, ചീവീടുകൾ നേരിടുന്ന അതിജീവനസമ്മർദ്ദം മറികടക്കാനായി ചില ജനിതക പരിവർത്തനങ്ങൾ (മ്യൂട്ടേഷൻ) അവയ്ക്കുണ്ടാവുകയും, അതിന്റെ ഫലമായി ചിറകുകൾക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്തു!
2003 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഗവേഷക മാർലീൻ സൂക് ആണ്, കൗവായി (Kauai) എന്ന ഹവ്വായിയൻ ദീപിൽ ശബ്ദമുണ്ടാക്കാൻ ശേഷിയില്ലാതെ ആൺചീവീടുകൾ പിറക്കുന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ജനിതക പരിവർത്തനത്തിന്റെ ഫലമായി അവിടുത്തെ 95 ശതമാനം ആൺചീവീടുകൾക്കും ചിറകുകളുടെ രൂപഘടനയിൽ മാറ്റം വന്നിരിക്കുന്നു! ചിറകുകൾ ചലിക്കുമെങ്കിലും ശബ്ദം പുറത്തുവരില്ല. 'നിശബ്ദസംഗീതം' പൊഴിക്കുന്നവയായി ചീവീടുകൾ പരിണമിച്ചുവെന്ന് സാരം! രണ്ടുവർഷത്തിന് ശേഷം, 2005 ൽ കൗവായി ദീപിൽ നിന്ന് 101 കിലോമീറ്റർ അകലെയുള്ള ഒയാഹു ദീപിലും (Oahu island) ആൺചീവീടുകൾ നിശബ്ദരാകാൻ തുടങ്ങിയ കാര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു. ഇപ്പോൾ സ്‌കോട്ട്ലൻഡിൽ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ നാഥാൻ ബെയ്ലിയും സംഘവുമാണ് ഒയാഹു ദീപിൽ പഠനം നടത്തിയത്. നിലവിൽ അവിടുത്തെ പകുതിയോളം ആൺചീവീടുകൾ പാട്ടുനിർത്തിയിരിക്കുന്നു.
വെറും 20 തലമുറകൾക്കിടയിലാണ് നമുക്ക് നേരിട്ട് കാണാവുന്ന തരത്തിൽ ചീവീടുകളുടെ ചിറകുകൾക്ക് രൂപപരിണാമം സംഭവിച്ചത്. പരിണാമത്തിന്റെ ഭാഗത്തുനിന്ന് പരിശോധിച്ചാൽ, ചീവീടുകളുടെ 20 തലമുറയെന്നത് കണ്ണുചിമ്മുന്നത്ര ചെറിയ കാലദൈർഘ്യമാണ്. 'ഇത് തത്സമയ പരിണാമമാണ്....മുന്നിലിത് സംഭവിക്കുന്നത് നമുക്ക് നേരിട്ടു നിരീക്ഷിക്കാൻ കഴിയുന്നു'-ബെയ്ലി അടുത്തയിടെ പറഞ്ഞു.
കൗവായി, ഒയാഹു ദീപുകളിലെ ചീവീടുകളുടെ മാറ്റത്തെക്കുറിച്ച് ബെയ്ലിയുൾപ്പെട്ട ഗവേഷകർ പഠനം തുടർന്നു. പരിണാമം സംഭവിച്ച ചീവീടുകൾ കൗവായി ദീപിൽ നിന്ന് ബോട്ടുകളിലോ മറ്റോ എത്തി എന്നാണ് ഓയാഹുവിലെ കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ ഗവേഷകർ കരുതിയത്. എന്നാൽ, രണ്ടിടത്തും ചീവീടുകളുടെ ചിറകുകളുടെ ഘടനാമാറ്റം ഒരേ പോലെയല്ല എന്ന് പഠനങ്ങളിൽ വ്യക്തമായത് ഗവേഷകരെ മാറി ചിന്തിപ്പിച്ചു. ബെയ്ലിയും സംഘവും രണ്ടു ദീപുകളിലെയും നിശബ്ദ ചീവീടുകളുടെ ഡിഎൻഎ താരതമ്യംചെയ്തു. വ്യത്യസ്ത ജനിതക മാർക്കറുകളാണ്, ഇരുദീപിലെയും ചീവീടുകളുടെ പരിണാമത്തിന് കാരണമെന്ന് മനസിലായി.
എന്നുവച്ചാൽ, ഏതാണ്ട് ഒരേ സമയത്ത്, സമാനമായ അതിജീവനഭീഷണി നേരിടാൻ, വ്യത്യസ്ത ജനിതകമാറ്റങ്ങൾ വഴി ഒരേ ഫലം ഇരുദീപിലെയും ചീവീടുകൾക്ക് ഉണ്ടായിരിക്കുന്നു! ഒരേ പരിണാമ ലക്ഷ്യത്തിലേക്കെത്താൻ വ്യത്യസ്ത ജനിതകവഴികളുണ്ടെന്ന് സാരം! 'ഏകദിശാ പരിണാമം' (convergent evolution) എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ഹവ്വായിയൻ ദീപുകളിൽ ചീവീടുകളുടെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്ന്, 2014 ൽ 'കറണ്ട് ബയോളജി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ബെയ്ലിയും സംഘവും സാക്ഷ്യപ്പെടുത്തി.
ബെയ്ലി ഉൾപ്പെട്ട ഗവേഷണഗ്രൂപ്പ് 2018 ഫെബ്രുവരിയിൽ 'ബയോളജി ലറ്റേഴ്സ്' ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്, ചീവീടുകൾ നിശബ്ദരായെങ്കിലും ഊർജം വിനിയോഗിച്ച് സംഗീതം പൊഴിക്കാനെന്ന വിധം ഇപ്പോഴും ചിറകുകൾ ചലിപ്പിക്കുന്നുണ്ടെന്നാണ്. എന്തിനാണ് ഇങ്ങനെ ഊർജം നഷ്ടപ്പെടുത്തുന്നത് എന്നകാര്യം വ്യക്തമല്ല. അതേസയമം, പരാന്നഭോജികളായ പ്രാണികളെ ഒഴിവാക്കാൻ കഴിഞ്ഞതിനാൽ പാട്ടുനിർത്തിയ ആൺചീവീടുകൾ കൂടുതൽ അതിജീവനശേഷി നേടിയതായി ഗവേഷകർ കണ്ടു.ഇവിടെ ഒരു പ്രശ്നമുണ്ട്. പാട്ടുനിർത്തിയ ആൺചീവീടുകൾ ഇണകളെ എങ്ങനെ ആകർഷിക്കും? ബെയ്ലി പറയുന്നത്, പാട്ടുനിർത്തിയ ചീവീടുകൾ ഇക്കാര്യത്തിൽ ഇത്തിരി തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ്. പാട്ടുപാടുന്ന ആൺചീവീടുകളുടെ ചുറ്റും തമ്പടിച്ചിട്ട്, പാട്ടുകേട്ടെത്തുന്ന പെൺചീവീടുകളെ ഇവർ ഒതുക്കത്തിൽ തട്ടിയെടുക്കുകയല്ലേ എന്നാണ് ഗവേഷകരുടെ സംശയം! പാട്ടിൽ ആകൃഷ്ടരായി എത്തുന്ന പെൺചീവീടുകളെ മണ്ണുംചാരി നിന്ന ഇവന്മാർ കൊണ്ടുപോവുകയും, കഷ്ടപ്പെട്ട് പാട്ടുപാടിയവരെ തേടി ശത്രുപ്രാണികളെത്തുകയും ചെയ്യും!
എന്നാൽ, കൗവായി ദീപിലിപ്പോൾ പാടുന്ന കുറച്ച് ആൺചീവീടുകളേ ഉള്ളൂ (വെറും അഞ്ചു ശതമാനം). എന്നിട്ടും അവിടെ ചീവീടുകളുടെ മൊത്തം സംഖ്യയിൽ കുറവ് വന്നിട്ടില്ല. ഇതിനർഥം, പാട്ടുനിർത്തിയ ആൺചീവീടുകൾ ഇണകളെ ആകർഷിക്കാൻ മറ്റേതോ ഒരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട് എന്നാണ്. അതറിയാനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോൾ.
(കടപ്പാട് നേച്വർ മാഗസിൻ)