- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും മികച്ച 4000 ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ളത് വെറും പത്തുപേർ മാത്രം; ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയെക്കാൾ മോശമായിരുന്ന ചൈനയിൽ നിന്ന് ഇടംപിടിച്ചത് 482 ശാസ്ത്രജ്ഞർ; ഐഐടിയും ഐഐഎസ്സിയുമടക്കം കോടികൾ വാരിയെറിഞ്ഞിട്ടും എന്തേ നമ്മുടെ ഇന്ത്യയിൽ നിന്നും ശാസ്ത്രജ്ഞർ മാത്രം ഉണ്ടാകുന്നില്ല?
ന്യൂഡൽഹി: ഉന്നത നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ത്യയിലൊരു പഞ്ഞവുമില്ല. ഗവേഷണപ്രവർത്തനങ്ങൾക്കും മറ്റുമായി ഓരോവർഷവും കോടികൾ ചെലവാക്കുന്നുമുണ്ട്. എന്നിട്ടും ലോകത്തെ മികച്ച 4000 ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ചത് 10 പേർ മാത്രം. ക്ലാരിവേറ്റ് അനലിറ്റിക്സാണ് ലോകത്തെ സ്വാധീനിക്കുന്ന 4000 ഗവേഷകരുടെ പട്ടിക തയ്യാറാക്കിയത്..
60 രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ ഇതിലുണ്ടെങ്കിലും സിംഹഭാഗവും വെറും പത്ത് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇതിൽത്തന്നെ 70 ശതമാനത്തോളവും അഞ്ച് രാജ്യങ്ങളിൽനിന്നുള്ളവർ. ഹാർവാഡ് സർവകലാശാലയിൽനിന്നുള്ളവരാണ് പട്ടികയിലുള്ളവരിൽ 186 പേർ. കൂടുതൽ ഗവേഷകരെ സംഭാവന ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിലുള്ളതും ഹാർവാഡാണ്.
അമേരിക്കയാണ് പട്ടികയിൽ മുന്നിലുള്ള രാജ്യം. 2639 അമേരിക്കക്കാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 546 പേരുമായി ബ്രിട്ടൻ രണ്ടാം സ്ഥാനത്തുണ്ട്. ശാസ്ത്ര-ഗവേഷണപ്രവർത്തനങ്ങളിൽ അടുത്തകാലംവരെ മുൻപന്തിയിലൊന്നുമില്ലാതിരുന്ന ചൈന 482 പേരുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് ശ്രദ്ധേയമായ കാര്യമാണ്. 15 വർഷം മുമ്പ്ുവരെ ഇന്ത്യയും ചൈനയും ഇക്കാര്യത്തിൽ ഒരേ നിലയിലായിരുന്നു.
വിശ്രുത ശാസ്ത്രജ്ഞനും ശാസ്ത്രോപദേശക സമിതിയുടെ മുൻ അധ്യക്ഷനുമായ സി.എൻ.ആർ. റാവുവാണ് പട്ടികയിലുള്ള ഇന്ത്യക്കാരിലൊരാൾ. ഇന്ത്യയിൽനിന്ന് പത്തുപേർ പട്ടികയിൽ എത്തിയത് വലിയ കാര്യമാണെന്ന് പട്ടികയിൽ ഇടം നേടിയ ജെ.എൻ.യു.വിലെ ദിനേഷ് മോഹൻ പറഞ്ഞു. ക്രോസ്-ഫീൽഡ് എന്ന പുതിയ വിഭാഗം ഉൾപ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ഇന്ത്യക്കാർക്ക് ഇടംനേടാനായതെന്നും അദ്ദേഹം പറഞ്ഞു.
സിഐ.എസ്.ആറിലെ അശോക് പാണ്ഡെ, ഐഐടി-കാൺപുർ പ്രൊഫസർ അവിനാഷ് അഗർവാൾ, എൻ.ഐ.ടി. ഭോപ്പാലിൽനിന്നുള്ള ദമ്പതിമാരായ അലോക് മിത്തൽ, ജ്യോതി മിത്തൽ, ഐഐടി മദ്രാസിൽനിന്നുള്ള രജ്നീഷ് കുമാർ, ഭുവനേശ്വർ ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സഞ്ജീബ് സാഹൂ, ഹൈദരാബാഗിലെ ഇന്റർനാഷണൽ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റിയൂ്ട്ടിലെ രാജീവ് വർഷനെ, കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലെ ശക്തിവേൽ രത്നസ്വാമി എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ.
മറുനാടന് ഡെസ്ക്