കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഏതാണ്ട് പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ചില ശാസ്ത്രീയ വിശകലനങ്ങളും അവയുടെ താരതമ്യ പഠനവും മാത്രമാണ്. മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ല എന്ന നിഗമനത്തിൽ എത്തിയ പൊലീസ് പക്ഷേ യഥാർത്ഥ കാരണം പുറത്തു പറയാവുന്ന സാഹചര്യത്തിൽ അല്ല. ചിലരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മണിയുടെ ജീവൻ എടുത്തത് എന്ന കണ്ടെത്തലാണ് പൊലീസിനെ വലയ്ക്കുന്നത്. മണിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ട് 12 മണിക്കൂർ നേരത്തേയ്ക്ക് പരിശോധന നടത്തിയില്ലെന്നും നേരത്തെ പരിശോധന നടന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുമെന്നുമാണ് ഒരു പ്രധാന നിഗമനം.

ഈ നിഗമനത്തിനാണ് ഔദ്യോഗിക അംഗീകാരം നൽകരുത് എന്ന് പൊലീസിന് ചില അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും കർക്കശമായ നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. മണിയുടെ കരൾ രോഗം അതീവ ഗുരുതരം അല്ലെങ്കിലും തലേദിവസത്തെ അമിത മദ്യപാനം ആരോഗ്യ നിലയിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ ആണ് മണിയെ ആശുപത്രിയിൽ എത്തിച്ചത്. അന്വേഷണ സംഘം ആശയക്കുഴപ്പത്തിലായി നിൽക്കുന്നതും ഈ ഇടങ്ങളിലാണ്. എന്നാൽ അവിടെ കൂടുതൽ അന്വേഷണം വേണ്ടെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ആത്മഹത്യയും കൊലപാതകവും അല്ല എന്ന് അത്ര ശങ്കയ്ക്ക് ഇടയില്ലാതെ സ്തിതീകരിച്ച ശേഷം മരണം സംഭവിക്കാം എന്ന് വരുത്തി കേസ് അവസാനിപ്പിക്കാൻ ആണ് നീക്കം.

എന്നാൽ മണിയുടെ രക്ത പരിശോധന അടക്കമുള്ള കാര്യങ്ങൾ നീണ്ട് പോയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണം എന്ന ആവശ്യം അന്വേഷണ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. അവർ ഡിജിപിയോട് ഈ വിവരം പറഞ്ഞുകഴിഞ്ഞു. ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയുമായി അടിയന്തിരമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തു. അനാവശ്യമായ വിഷയങ്ങളിലേയ്ക്ക് ഒന്നും വലിച്ചിഴയ്‌ക്കേണ്ടെന്നും കൊലപാതകം ആണെങ്കിൽ ഉത്തരവാദിയെ കണ്ടെത്തും എന്നും ആണ് ആഭ്യന്തരമന്ത്രി നൽകിയിരുന്ന നിർദ്ദേശം. ചുരുക്കി പറഞ്ഞാൽ മണിയുടെ മരണത്തിൽ ദുരൂഹം ഈ അന്വേഷണം കൊണ്ട് അവസാനിക്കില്ലെന്നർത്ഥം.

അന്വേഷണ പുരോഗതി വിലയിരുത്തുന്ന പൊലീസ് മേധാവി ടിപി സെൻകുമാറിനോട് അന്വേഷണ സംഘം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഹൈദരബാദിലെ ലാബിലെ വിവരങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കും. മണിയുടെ ആന്തരികാവയവത്തിൽ കീടനാശിനിയുണ്ടെന്ന കാക്കനാട്ടെ ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിന് വിരുദ്ധമായവ ഹൈദരബാദിലെ ലാബിലെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആന്തരികാവയവത്തിൽ കിടാനാശിനി എത്താനുള്ള സാധ്യത പൊലീസ് കാണുന്നില്ല. കരൾ പ്രവർത്തന രഹിതമായതുകൊണ്ട് ഭക്ഷ്യവസ്തുക്കളിൽ നിന്ന് കീടനാശിനെ അടിഞ്ഞതെന്ന വാദം ഒട്ടു നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ കാക്കനാട്ടെ ലാബിലെ പരിശോധനയിൽ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ നിഗമനം. ഹൈദരാബാദിലെ പരിശോധനയിൽ കിടാനാശിനി ഒഴിഞ്ഞാൽ സ്വാഭാവിക മരണമായി കലാഭവൻ മണിയുടെ കേസ് മാറും. അല്ലാത്ത പക്ഷം പൊലീസിന് കടുത്ത പ്രതിസന്ധിയുമാകും. ഏന്തായാലും മരണത്തിലേക്ക് കാര്യങ്ങളെത്തുന്ന പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു.

വ്യാജമദ്യം കഴിച്ചാണ് മണി അതീവ ഗുരതരാവസ്ഥയിലെത്തിയതെന്ന സൂചനയാണ് നൽകിയത്. മെഥനോൾ ഉപയോഗവും ചർച്ചയായി. ഇതിന് ശേഷമാണ് കാക്കനാട്ടെ ലാബിൽ നിന്ന് കിടനാശിനിയുടെ വിവരം പുറത്തുവരുന്നത്. മണിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാൽ മണിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നിഗമനം. ഇവയും ഹൈദരാബാദിലെ ലാബിലാകും പരിശോധിക്കുക. ഈ ഫലം വരുന്നത് വരെ മണിയുടെ മരണത്തിലെ ദുരൂഹതയിൽ പൊലീസ് പ്രതികരണമൊന്നും നടത്തില്ല. അതിന് ശേഷം എല്ലാ വസ്തുതകളും വീണ്ടും വിലയിരുത്തി അന്തിമ നിഗമനത്തിലെത്തും. അതിനിടെ മണിയുടെ മരണം സ്വാഭാവികമാക്കി മാറ്റിയാൽ സിബിഐ അന്വേഷണത്തിന് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതും പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

മണിയെ പോലെ മലയാളി ഏറെ സ്‌നേഹിച്ച കലാകാരന്റെ മരണം സ്വാഭാവികമാണെന്ന് വിധിയെഴുതിയ ശേഷം സിബിഐ എത്തി മറ്റെന്തെങ്കിലും കണ്ടെത്തിയാൽ അത് പൊലീസിന് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പഴുതുകൾ അടച്ച് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. മണിയുടെ ഔട്ട് ഹൗസായ പാഡിയിൽ അസ്വാഭവികമായൊന്നും പൊലീസിന് കണ്ടെത്താനായിട്ടുമില്ല. മണിയുടെ മരണത്തിലെ അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടൂന്ന മൊഴികളും കിട്ടിയില്ല. പലരും ചെറിയ പിഴവുകൾ മൊഴി നൽകുമ്പോൾ പറഞ്ഞിട്ടെേുണ്ടങ്കിലും അതൊന്നും മനപ്പൂർവ്വമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്പത്തികമായി മണിയെ ആരെങ്കിലും വഞ്ചിച്ചതായും കണ്ടെത്താനായിട്ടില്ല. ആത്മഹത്യാ വാദത്തിന് ബലമേറുന്ന നിഗമനങ്ങളും ഉണ്ടായില്ല. അപ്പോൾ പിന്നെ മരണം സ്വാഭാവികമാണെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് മണിയുടെ ആന്തരികാവയവങ്ങൾ കൊച്ചി കാക്കനാട്ടെ ഫോറൻസിക് ലാബിൽ ഇനി പരിശോധിക്കേണ്ടെന്ന് പൊലീസ് തീരുമാനം എടുത്തത്. ഇതേ തുടർന്ന് കാക്കനാട്ടെ ലാബിൽ നിന്ന് അവയവങ്ങൾ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ അയച്ച് പരിശോധന നടത്താനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തിൽ കീടനാശിനിയായ ക്‌ളോർ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബിൽ ആയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്നോറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും ആത്മഹത്യയുടേയോ കൊലപാതകത്തിന്റേയും സാധ്യതകളും കണ്ടെത്താനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുകൊണ്ട് കൂടിയാണ് കാക്കനാട്ടെ ലാബിനെ പൊലീസ് അവശ്വസിക്കുന്നത്. മാരകമായ കരൾ രോഗമാണ് മരണ കാരണമെന്ന നിഗമനത്തിന് ശക്തികൂടിയ സാഹചര്യത്തിലാണ് ഇത്.

കാക്കനാട്ടെ ലാബിലെ പരിശോധനയിൽ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. ക്‌ളോർ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ഡോക്ടർമാർക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികൾ ഉണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങൾ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും കണ്ടെത്താൻ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സർക്കാർ ലാബിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ആശയക്കുഴപ്പമായി.

മാരക കരൾ രോഗത്തിന് കലാഭവൻ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മണിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയത്. എന്നാൽ ദുരൂഹതകൾ ആരോപിച്ച് കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസിൽ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തിൽ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തിൽ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഔട്ട് ഹൗസിൽ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തിൽ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തിൽ കലർന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇക്കാര്യങ്ങൾ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.