ലോകാവസാനത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമുണ്ടായ കാലം മുതൽക്കേയുണ്ട്. കെട്ടുകഥകളും ഊഹാപോഹങ്ങളും പലകുറി ലോകാവസാനം പ്രവചിച്ചിരുന്നു. അതൊക്കെ സത്യമായി ഭവിച്ചിരുന്നെങ്കിൽ ഇതിനകം ലോകം അവസാനിക്കേണ്ട കാലം പലതുകഴിഞ്ഞു. എന്നാൽ, ഇപ്പോൾ, ലോകാവസാനം പ്രവചിച്ച് രംഗത്തെത്തിയിരിക്കുന്നത് ശാസ്ത്രലോകമാണ്. ഈ നൂറ്റാണ്ടിനൊടുവിൽ ഭൂമിയിൽനിന്ന് മനുഷ്യകുലത്തെ തുടച്ചുനീക്കുന്ന അഗ്നിപർവത സ്‌ഫോടനമുണ്ടാകാൻ സാധ്യതയേറെയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഭൂമിയിലെ മനുഷ്യരിൽ ഭൂരിപക്ഷത്തെയും ഇല്ലാതാക്കാൻ പോന്ന മഹാ സ്‌ഫോടനമാകും നടക്കുകയെന്ന് യൂറോപ്യൻ സീസ്മിക് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിലൊരു സ്‌ഫോടനം നടക്കാനുള്ള സാധ്യത അഞ്ചുമുതൽ 10 ശതമാനം വരെയാണ്. സ്‌ഫോടനമുണ്ടായാൽ അത് ഭൂമിയിൽനിന്ന് ആധുനിക മനുഷ്യ സംസ്‌കാരത്തിന്റെ ചിഹ്നങ്ങൾ പോലും ഇല്ലാതാക്കും. കോടിക്കണക്കിനാളുകളെ അതുകൊന്നൊടുക്കും. കാലാവസ്ഥയും അന്തരീക്ഷവും അപ്പാടെ മാറും-ശാസ്ത്രജ്ഞർ പറയുന്നു.

ഇൻഡോനേഷ്യയിലെ സുംബാവയിൽ 1815-ൽ ഉണ്ടായ ടംബോര സ്‌ഫോടനത്തെക്കാളും ഭീകരമായിരിക്കും അത്. ടംബോര സ്‌ഫോടനത്തിൽ ഒരുലക്ഷം പേരാണ് അന്ന് മരിച്ചത്. അഗ്നിപർവതത്തിൽനിന്ന് തെറിച്ച ചാരം 43 കിലോമീറ്റർ ചുറ്റളവിലാണ് വ്യാപിച്ചത്. അത് വൻതോതിലുള്ള പകർച്ചവ്യാധികൾക്ക് കാരണമായി. അന്തരീക്ഷത്തിലെയും മണ്ണിലെയും സ്വഭാവവ്യതിയാനങ്ങൾ വലിയ കൃഷിനാശത്തിനും ഇടയാക്കി.

ടംബോര സ്‌ഫോടനം നടക്കുന്ന കാലത്ത് ഇന്നത്തെയത്ര ജനവാസമോ ഒന്നും ഉണ്ടായിരുന്നില്ല. ടംബോരയിലുണ്ടായതിന് സമാനമായ സ്‌ഫോടനം ഇന്നുണ്ടാവുകയാണെങ്കിൽ അത് കോടിക്കണക്കിനാളുകളുടെ മരണത്തിന് കാരണമാകും. വ്യോമയാത്രയുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ അപകടനങ്ങൾക്ക് വേറെയും സാധ്യതയുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഇത്തരമൊരു ദുരന്തത്തെ മുൻകൂട്ടിക്കണ്ട് അതിനെ അതിജീവിക്കാനുള്ള നടപടികൾക്ക് ഇപ്പോൾത്തന്നെ തുടക്കമിടണമെന്ന് ജിയോഹസാർഡ്‌സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു. അഗ്നിപർവത നിരീക്ഷണത്തിന് ഒരുവർഷം 50 കോടി ഡോളർ മുതൽ 350 കോടി ഡോളർവരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇത്രയും തുക ചെലവാക്കുന്നതിന്റെ ഗുണഫലം കോടിക്കണക്കിന് മനുഷ്യരെയാണ് രക്ഷപ്പെടുത്തുകയെന്നും ലേഖനം സൂചിപ്പിക്കുന്നു.