തിരുവനന്തപുരം: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍, ആദ്യഘട്ട വോട്ടെണ്ണലില്‍ ലഡുവും ജിലേബിയും വിതരണം ചെയ്ത ശേഷം കോണ്‍ഗ്രസ് ബിജെപിയോട് തോറ്റിരിക്കുകയാണ്. ബിജെപി മൂന്നാം വട്ടവും അധികാര കസേരയിലെത്തി. കോണ്‍ഗ്രസിലെ പടലപ്പിണക്കം അടക്കം പലകാരണങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ നിരത്തുന്നു. ഈ പശ്ചാത്തലത്തില്‍, 2024 ഹരിയാന, 2026 കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആര്‍ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്‍.

സി കൃഷ്ണചന്ദ്രന്റെ കുറിപ്പ് വായിക്കാം:

'മുന്നറിയിപ്പ്-2026'

തുടര്‍ച്ചയായ 10 വര്‍ഷത്തെ ഭരണം. ശക്തമായ ഭരണ വിരുദ്ധ വികാരം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി. അഴിമതി, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, അഗ്‌നിവീര്‍ പദ്ധതി, ഗുസ്തി താരങ്ങളുടെ പ്രതിഷേധം എന്നിങ്ങനെ സര്‍ക്കാര്‍ വിരുദ്ധത അടിമുടി പാറിക്കളിച്ച നിയമസഭാ തിരഞ്ഞെടുപ്പ്...

ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും, തിരഞ്ഞെടുപ്പ് വിദഗ്ദ്ധരും കോണ്‍ഗ്രസിന് വന്‍ വിജയം പ്രവചിച്ച ഹരിയാന 2024 നിയമസഭാ തിരഞ്ഞെടുപ്പ്...

ഫല പ്രഖ്യാപനത്തിന് മുന്നേ, കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ കോണ്‍ഗ്രസിന് ഏകപക്ഷീയ ജയം പ്രവചിച്ച മാധ്യമ പ്രവര്‍ത്തകര്‍...

എന്തായി അന്തിമ ഫലം? ബിജെപി 2014,2019 വര്‍ഷങ്ങളേക്കാള്‍ നില മെച്ചപ്പെടുത്തി മൂന്നാം തവണയും അധികാരത്തിലേറുന്നു. തലാതലങ്ങളില്‍ വ്യാപിച്ച് കിടന്ന ഭരണ വിരുദ്ധ വികാരം എന്ത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല? ഉത്തരം തേടിയെങ്ങും അലയണ്ട; ഛത്തീസ്ഗഢില്‍, മധ്യപ്രദേശില്‍, രാജസ്ഥാനില്‍ എന്താണോ സംഭവിച്ചത് അതിന്റെ ഒരു തുടര്‍ച്ച മാത്രം. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ, പ്രാദേശിക നേതാക്കളുടെ, നിഷ്പക്ഷ ജനതയുടെ വികാരം വക വയ്ക്കാതെ ഉപരിതലത്തില്‍ മാത്രം കാര്യങ്ങള്‍ നോക്കി കണ്ട്, യാതൊരു സമവായവുമില്ലാതെ ഏതെങ്കിലുമൊരു നേതാവിനെ അന്ധമായി വിശ്വസിച്ച്, ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ വീഴ്ച.

'ആരാണ് വലുത്, ആരാണ് അടുത്ത മുഖ്യമന്ത്രി' എന്ന തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. നിലവിലെ പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ, എഐസിസി ജനറല്‍ സെക്രട്ടറി മുതിര്‍ന്ന നേതാവ് ദീപക് ബാബറിയ, എഐസിസി ജനറല്‍ സെക്രട്ടറിമാരും, മുന്‍ കേന്ദ്രമന്ത്രിമാരും, നിലവില്‍ എംപിമാരുമായ കുമാരി ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നീ നാല് സുപ്രധാന നേതാക്കള്‍ക്കിടയിലെ കടുത്ത അഭിപ്രായ ഭിന്നതകളാണ് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മേലെ കരിനിഴല്‍ വീഴ്ത്തിയത് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും ഉള്‍ക്കൊണ്ടേ മതിയാകൂ.

ഹരിയാനയിലെ മാത്രമല്ല, രാജ്യത്തെ തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളാണിവര്‍. ഇവരെല്ലാം തന്നെ സീറ്റ് വിഭജനത്തില്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും, ബന്ധുക്കള്‍ക്കും ബെര്‍ത്ത് ഉറപ്പിക്കാന്‍ തുടങ്ങിയ രാഷ്ട്രീയ കളികള്‍, ജാതി മത സമവാക്യങ്ങള്‍ നിരത്തിയുള്ള വിലപേശലുകള്‍, പ്രചരണത്തില്‍ നിന്ന് മാറി നിന്നുള്ള പ്രതിഷേധം, ചില പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോടുള്ള വൈമുഖ്യം, ഇവയെല്ലാം മുതലാക്കിയത് ബിജെപിയാണ്. ഫലമോ, തീര്‍ത്തും ഏകപക്ഷീയമാകേണ്ട ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് സ്വന്തം പാളയത്തിലെ കലഹം കൊണ്ട് മാത്രം എതിരാളികള്‍ക്ക് സ്വര്‍ണ്ണ താലത്തില്‍ സമര്‍പ്പിച്ചിരിക്കുന്നു.

ഇവിഎം മെഷീനിലെ അപാകത, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അവിശ്വാസം, ഉന്നത തല രാഷ്ട്രീയ ഗൂഢാലോചന എന്നൊക്കെയുള്ള ബാലിശമായ വാദങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്; അഥവാ തള്ളിക്കളയുന്നു. ഭരണ മാറ്റം ആഗ്രഹിച്ച ഹരിയാനയിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിരാശരാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ഒന്ന് മാത്രമാണ്. INDIA മുന്നണിയെന്ന നിലയിലല്ല ഹരിയാനയില്‍ മത്സരിച്ചതും.

AAP, NCP (ശരദ് പവാര്‍) എന്നീ പാര്‍ട്ടികള്‍ മുന്നണി വിട്ടു മത്സരിച്ചതും, മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതും നേതൃത്വത്തിന്റെ കെട്ടുറപ്പില്ലായ്മയാണ് കാണിക്കുന്നത്. ജന വികാരം മനസ്സിലാക്കാതെ, അധികാര ഭ്രമത്തില്‍ മതിമറന്ന നേതാക്കളുടെ വിചാരമാണ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമായി പ്രതിഫലിച്ചത്. ഇത്രയും ഇവിടെ തുറന്നെഴുതാന്‍ കാരണം, ഹരിയാനയില്‍ സംഭവിച്ചതിന് സമാനമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. അവിടെ ബിജെപിയെങ്കില്‍ ഇവിടെ സിപിഎം എന്ന വ്യത്യാസം മാത്രമേയുള്ളൂ; മറുവശത്ത്, കോണ്‍ഗ്രസ് തന്നെ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016-നേക്കാള്‍ മികച്ച വിജയം 2021-ല്‍ എല്‍ഡിഎഫ് നേടിയിരുന്നു എന്നോര്‍ക്കുക. 2019,2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏതാണ്ട് സമ്പൂര്‍ണ്ണ വിജയവും. പ്രതിപക്ഷത്താണെങ്കിലോ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം, ഭരണ വിരുദ്ധ വികാരത്തില്‍ എങ്ങനെയും അധികാരത്തിലേറാം എന്ന അമിത ആത്മവിശ്വാസം, മാധ്യമങ്ങളുടെ അതിരു കടന്ന പ്രോത്സാഹനം, തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഭരണ വിരുദ്ധ നിഗമനങ്ങള്‍. പാര്‍ട്ടിയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച്; മിഴി തുറന്ന്, മൊഴി കുറച്ച്, വഴി തെളിക്കേണ്ടത് കോണ്‍ഗ്രസാണ്. കൃത്യമായ പ്ലാനിങ്ങോടെ, മുന്‍ഗണന അര്‍ഹിക്കുന്ന അര്‍ത്ഥവത്തായ സാമൂഹിക വിഷയങ്ങളിലൂടെ, കണിശതയേറിയ വാക്കുകളിലൂടെ ഫലപ്രദമായ പ്രതിപക്ഷമായി നിയമസഭയില്‍ തന്നെ തുടക്കമിടണം.

ഓര്‍ക്കുക, പഴയ കാലമല്ല. കേവലം എല്‍ഡിഎഫ്- യുഡിഎഫ് എന്ന രണ്ട് മുന്നണികള്‍ തമ്മിലുള്ള തിരഞ്ഞെടുപ്പ് മാമാങ്കമല്ല; അനുദിനം ശക്തി പ്രാപിച്ച് വരുന്ന, തങ്ങളുടെ പാര്‍ലമെന്ററി നേട്ടത്തിന് എന്തിനും തയ്യാറായ, ആരെയും കൂടെ കൂട്ടുന്ന, തൃശൂരില്‍ അത് തെളിയിച്ച ബിജെപിയെ കണക്കിലെടുക്കാതെ 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമാകില്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

2024 ഹരിയാന, 2026 കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ...