ന്യൂഡല്‍ഹി: സ്വന്തം വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ ഒരു പാട്ടിന് നൃത്തം വച്ച വരന്റെ വിവാഹം മുടങ്ങി. ഡല്‍ഹിയിലാണ് സംഭവം. 'ചോളി കെ പീച്ചേ ക്യാ ഹേ' എന്ന പാട്ടിന് നൃത്തം വക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നൃത്തം വച്ചതിന് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വക്കുകയായിരുന്നു.

ഷോഘയാത്രയുടെ അകമ്പടിയോടെയാണ് വരന്‍ വിവാഹം നടക്കാനിരുന്ന സ്ഥലത്തെത്തിയത്. പിന്നാലെ വരന്റെ സുഹൃത്തുക്കള്‍ വരനോട് പ്രശസ്ത ബോളിവുഡ് ഗാനം 'ചോളി കേ പീച്ചേ ക്യാ ഹേ' എന്ന ഗാനത്തിന് ചുവട് വയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിഥികള്‍ക്ക് മുന്നില്‍ സ്റ്റാറാവാന്‍ വരനും നൃത്തം ചെയ്തു. എന്നാല്‍ വരന്റെ ഈ പ്രവൃത്തി വധുവിന്റെ പിതാവിന് അത്ര ഇഷ്ടമായില്ല. ഉടനെ വിവാഹച്ചടങ്ങുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ അദ്ദേഹം ഉടന്‍ തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവക്കുകയായിരുന്നു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു. വരന്‍ വധുവിന്റെ പിതാവിനോട് പരമാവധി സംസാരിക്കാന്‍ര്‍ ശ്രമിച്ചു. ഇതൊരു തമാശയായി ചെയ്തതാണെന്ന് പറഞ്ഞെങ്കിലും ശ്രമങ്ങള്‍ പാഴായെന്നും കണ്ടുനിന്നവര്‍ പറഞ്ഞു.

26കാരന്റെ വിവാഹമാണ് ഇത്തരത്തില്‍ ജനുവരി 18ന് മുടങ്ങിയത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളും വരുന്നുണ്ട്. പലരും തമാശ രൂപത്തിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.'വധുവിന്റെ പിതാവ് ശരിയായ തീരുമാനമാണ് എടുത്തത്. അല്ലാത്തപക്ഷം അയാള്‍ ദിവസവും ഈ നൃത്തം കാണേണ്ടി വരുമായിരുന്നു', 'ചോളി കേ പീച്ചേ ക്യാ ഹേ ഗാനം ഇട്ടാല്‍ എന്റെ കല്യാണത്തിന് ഞാനും നൃത്തം ചെയ്യും', 'നൃത്തം ചെയ്താല്‍ എന്താണ് കുറ്റം' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

സംഭവത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പെട്ടെന്ന് വൈറലായി. 'അതിഥികളെ സല്‍ക്കരിക്കാന്‍ വരന്‍ 'ചോളി കേ പീച്ചെ'യില്‍ നൃത്തം ചെയ്തതിന് വധുവിന്റെ അച്ഛന്‍ കല്യാണം മുടക്കി' എന്ന തലക്കെട്ടോടെയുള്ള പത്ര വാര്‍ത്ത ഉള്‍പ്പെടെയുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാലിത് യഥാര്‍ത്ഥത്തില്‍ പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്തയാണോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ വരന്‍ തന്റെ വിവാഹം വേണ്ടെന്നു വച്ചിരുന്നു. അന്നുതന്നെ അയാള്‍ തന്റെ ബന്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ നടത്തിയിരുന്ന ക്രമീകരണങ്ങള്‍ക്ക് ഏഴുലക്ഷം രൂപ നഷ്ടമായെന്ന് കാട്ടി വധുവിന്റെ വീട്ടുകാര്‍ അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.