തിരുവനന്തപുരം: പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ നല്‍കാറുണ്ട്. അതിലൊന്നാണ് സ്‌കൂള്‍ ഡയറികള്‍. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ അവരുടെ രചനാ വൈഭവം വികസിപ്പിക്കുന്നതിനൊപ്പം തന്നെ കുഞ്ഞു മനസിലെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാറുമുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും മറ്റും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നുവെന്നതാണ് ഡയറിയുള്‍പ്പടെയുള്ള ഗൃഹപാഠങ്ങളുടെ മേന്മ.

ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്ന ചില അനുഭവക്കുറിപ്പുകളും പരീക്ഷാ പേപ്പറിലെ രസകരമാര്‍ന്ന രചനകളുമൊക്കെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെക്കുന്നത് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മന്ത്രി പങ്കുവെച്ച ഒരു വിദ്യാര്‍ത്ഥിയുടെ കുറിപ്പാണ് വൈറലാകുന്നത്. കണ്ണൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ 'സങ്കടക്കുറിപ്പ്' എല്ലാവരുടെയും കണ്ണ് നനയിക്കുകയാണ്.

പയ്യന്നൂര്‍ സബ്ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആരവ് പിപിയാണ് തന്റെ അച്ഛന് നേരിട്ട അപകടത്തെക്കുറിച്ചും, തനിക്ക് അതുകണ്ടുണ്ടായ സങ്കടത്തെക്കുറിച്ചും സ്‌കൂള്‍ ഡയറിയില്‍ കുറിച്ചത്. ഒപ്പം താന്‍ അച്ഛനൊപ്പം കിടക്കുന്ന ചിത്രവും ഈ കൊച്ചുമിടുക്കന്‍ വരച്ചിട്ടുണ്ട്. ഈ കുറിപ്പാണ് ചേര്‍ത്ത് പിടിക്കുന്നു മോനെ എന്ന വാചകത്തോടെ മന്ത്രി പങ്കുവച്ചിരിക്കുന്നത്.

ആരവിന്റെ കുറിപ്പ് ഇങ്ങനെ..

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ അച്ഛന്‍ പണിക്ക് പോയപ്പോള്‍ വാര്‍പ്പിന്റെ മോളില്‍ നിന്നും താഴേക്ക് വീണു. കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലായി. രാത്രിയാണ് വീട്ടില്‍ വന്നത്. അച്ഛനെ എല്ലാവരും കൂടി എടുത്താണ് വീട്ടില്‍ കൊണ്ടുവന്നത്.

അച്ഛനെ കണ്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു, അച്ഛന്റെ അടുത്ത് കിടന്നു. അതുകണ്ട് അവിടെ ഉണ്ടായിരുന്നവര്‍ക്കും സങ്കടമായി. എല്ലാവരും കരഞ്ഞു' - എന്റെ ഒരു സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോയാണ് ആരവ് തന്റെയുള്ളിലെ വേദന ഡയറിയില്‍ കുറിച്ചത്.

'ചേര്‍ത്തു പിടിക്കുന്നു മോനെ' എന്ന് പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി പിപി ആരവിന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബമാണെങ്കില്‍ തീര്‍ച്ചയായും ചേര്‍ത്ത് പിടിക്കണമെന്നും അച്ഛനോട് ഉള്ള കരുതല്‍ ഈ കുറിപ്പില്‍ തന്നെ ഉണ്ടെന്നുമുള്‍പ്പടെ നിരവധി കമന്റുകളാണ് പോസ്റ്റില്‍ വരുന്നത്.

എന്തായാലും കുഞ്ഞ് ആരവിന്റെ വേദനയില്‍ അവനെ ചേര്‍ത്ത് പിടിക്കുകയാണ് മലയാളികള്‍.