കൊച്ചി: ഗൂഗിളിൽ ഒരു ജോലി നേടുക എന്ന ദീർഘകാലമായുള്ള സ്വപ്‌നം യാഥാർത്ഥ്യമായപ്പോൾ ആ സന്തോഷവാർത്ത അറിയിച്ച നിമിഷങ്ങളിൽ തന്റെ കുടുംബാംഗങ്ങളുടെ ആഹ്ലാദകരമായ പ്രതികരണം വീഡിയോയിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു മലയാളി യുവാവ്. അഡ്വിൻ റോയ് നെറ്റോ എന്ന മലയാളി യുവാവാണ് ഒൻപത് വർഷത്തോളം നീണ്ട പരിശ്രമത്തിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദകരമായ നിമിഷങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. വിവരം അറിയിക്കുമ്പോൾ അമ്മയുടെയും ഭാര്യയുടെയും പ്രതികരണമാണ് വീഡിയോയായി പകർത്തി യുവാവ് പങ്കുവച്ചത്. അഡ്വിൻ റോയ് നെറ്റോ പങ്കുവച്ച വീഡിയോ ഉപയോക്താക്കൾക്ക് ഒന്നാകെ പ്രചോദനമായി മാറുകയാണ്. ഒട്ടേറെ പേരാണ് ആശംസകൾ നേർന്ന് രംഗത്ത് വന്നത്.

യുഐ/ യുഎക്‌സ് ഡിസൈനറും എഴുത്തുകാരനുമായ അഡ്വിൻ റോയ് നെറ്റോ അടുത്തിടെയാണ് ഗൂഗിളിൽ ഒരു പ്രൊഡക്റ്റ് ഡിസൈനറായി ജോലിയിൽ പ്രവേശിച്ചത്. ഗൂഗിളിലെ ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമം അദ്ദേഹം തുടങ്ങുന്നത് 2013ലാണ്. ഇതിനിടെ കമ്പനി അദ്ദേഹത്തെ പലതവണ നിരസിച്ചു. എന്നിട്ടും നിരാശനായി പിന്മാറാതെ അഡ്വിൻ ശ്രമം തുടർന്നു കൊണ്ടിരുന്നു. തന്റെ ഈ അനുഭവങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Advin Roy Netto (@advinroynetto)

ഒടുവിൽ ഗൂഗിൾ ഒരു ജോലി വാഗ്ദാനം ചെയ്യുന്നതുവരെ അദ്ദേഹം തന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു. അവസാനം അഭിമുഖത്തിൽ വിജയിച്ചു. ഇതറിഞ്ഞ് അമ്മയും ഭാര്യയും സന്തോഷത്താൽ വീർപ്പുമുട്ടുന്നതാണ് താൻ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രതികരണങ്ങൾ ഉടൻ തന്നെ അദ്ദേഹം വീഡിയോയിൽ പകർത്തുകയും ചെയ്തു. അഡ്വിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

വളർത്തുനായയെ പിടിച്ചിരിക്കുന്ന അമ്മയുടെ അടുത്തേക്ക് അഡ്വിൻ ചെല്ലുന്നതായാണ് വീഡിയോയിൽ ആദ്യം കാണുന്നത്. തുടർന്ന് 'ഗൂഗിളിൽ കിട്ടിയോ' എന്ന് ഭാര്യ ചോദിക്കുന്നതും അതെ എന്ന് പറയുമ്പോൾ, അമ്മ വളർത്തു നായയ്ക്കൊപ്പം സന്തോഷം അടക്കാനാകാതെ തുള്ളിച്ചാടുന്നതും കാണാം. ഭാര്യ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.

''ഞാൻ 2013 മുതൽ ഗൂഗിളിൽ അപേക്ഷിക്കാറുണ്ട്. എല്ലാ വർഷവും മുടങ്ങാതെ അപേക്ഷിച്ചു കൊണ്ടിരുന്നു (ഈ അപേക്ഷകളുടെ തെളിവ് എന്റെ പക്കലുണ്ട്). ഓരോ തവണയും തിരഞ്ഞെടുക്കപ്പെടാതിരുന്നപ്പോൾ എന്റെ പ്രൊഫൈലിന് എന്താണ് കുഴപ്പമെന്ന് ഞാൻ പരിശോധിച്ചു കൊണ്ടിരുന്നു. അതിന് അനുസരിച്ച് എന്റെ ബയോഡാറ്റയിലും പോർട്ട്ഫോളിയോയിലും മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിച്ചു, വീണ്ടും അപേക്ഷിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ, എനിക്ക് ഒരു പ്രശസ്തമായ കോളേജിൽ നിന്ന് ഡിസൈൻ ബിരുദം ഇല്ലാത്തതായിരിക്കും അപേക്ഷകൾ നിരസിക്കാനുള്ള കാരണം എന്ന് ഞാൻ കരുതി. പക്ഷെ അത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമായിരുന്നില്ല, എന്നാൽ, എന്റെ പോർട്ട്ഫോളിയോയും ബയോഡേറ്റയും മെച്ചപ്പെടുത്തുന്നതിന് എനിക്ക് കഴിയുമായിരുന്നു. അത് ഞാൻ തുടർന്നു കൊണ്ടിരുന്നു. അങ്ങനെ പലതവണ പരാജയപ്പെട്ടതിന് ശേഷം ഇതാ എന്റെ ശ്രമങ്ങൾക്ക് ഫലമുണ്ടായിരിക്കുന്നു.'' വീഡിയോ പങ്കുവെച്ചുകൊണ്ട് അഡ്വിൻ കുറിച്ചു.

ഗൂഗിളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ചില നിർദ്ദേശങ്ങളും അഡ്വിൻ പങ്കുവെച്ചിട്ടുണ്ട്. ''നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ മിടുക്കനാണെങ്കിൽ, നിങ്ങൾ അതിൽ വിജയിക്കും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി സംഭവിക്കുന്നില്ലെങ്കിൽ, ക്ഷമയോടെയിരിക്കുക, നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നതിനായി, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കണം.

മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒപ്പം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ പോർട്ട്ഫോളിയോ പുനപരിശോധിക്കാൻ അറിയാവുന്ന ഒരാളോട് ആവശ്യപ്പെടുക, ഒരു മോക്ക് ഇന്റർവ്യൂ നടത്തുക, അഭിപ്രായങ്ങൾ ചോദിക്കുക. പ്രതികരിക്കാൻ എല്ലാവർക്കും സമയം ഉണ്ടാകണം എന്നില്ല, പക്ഷേ നിരാശപ്പെടരുത്, ചോദിക്കുന്നത് തുടരുക. ഇതിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് നിങ്ങളെ സഹായിക്കും '

സോഷ്യൽ മീഡിയയിൽ അഡ്വിൻ പങ്കുവെച്ച വീഡിയോയ്ക്ക് 80,000ലധികം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചത്. പുതിയ ജോലി ലഭിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ഇത്തരമൊരു നല്ല സന്ദേശം പങ്കുവെച്ചതിനും നിരവധി പേർ യുവാവിനെ അഭിനന്ദിച്ചു.