- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്; കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരില്‍ കൂടുതലും, കേരളത്തില്‍ നിന്നുള്ളവരാണ്; അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള വളര്‍ച്ചയോടൊപ്പം താഴെക്കിടയിലുള്ളവരെക്കുറിച്ചുള്ള കരുതലും ചേര്‍ന്നതാണ് കേരളത്തിന്റെ വികസന മാതൃകയെന്ന് സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. ലോകത്തെ വലതുപക്ഷ മാധ്യമങ്ങള്‍ പോലും കേരളത്തിന്റെ ഈ വളര്‍ച്ചയെ ശ്രദ്ധിക്കുകയും വാര്‍ത്തയാക്കുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, കേരള വികസനത്തെ അംഗീകരിക്കാന്‍ പലപ്പോഴും മടിക്കുന്നവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും ഇതിന് കാരണം രാഷ്ട്രീയമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
NITI ആയോഗ് പോലുള്ള സ്ഥാപനങ്ങളുടെ പഠനങ്ങളിലും കേരളത്തിന് ലഭിക്കുന്ന ഉയര്‍ന്ന റാങ്കിങ്ങുകളിലും ഇത് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടും ഭാവവും അവ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. റോഡുകളില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണവും അവയുടെ വിലയും ഇത് ശരിവയ്ക്കുന്നു.
ഇവ കൂടാതെ, ജനങ്ങളുടെ വിനോദയാത്രകള്‍, വിദേശയാത്രകളുടെ വര്‍ധിച്ചുവരുന്ന പരസ്യങ്ങള്‍, സാഹിത്യോത്സവങ്ങളിലും മറ്റ് ഫെസ്റ്റിവലുകളിലും ജനങ്ങളുടെ പങ്കാളിത്തം, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക്, വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള സംവിധാനങ്ങളുടെ വിപുലീകരണം, കേരളത്തിലെ വിവാഹ ചടങ്ങുകളിലെ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍, കൊച്ചി വിമാനത്താവളത്തിലെ സ്വകാര്യ ജെറ്റ് ടെര്‍മിനലിലെ വര്‍ധിച്ചുവരുന്ന ട്രാഫിക് എന്നിവയെല്ലാം സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചകങ്ങളാണെന്ന് മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വികസനത്തിന്റെ ഗുണഫലങ്ങള്‍ വേണ്ടത്ര എത്താത്തവരും ഇതിന്റെ പ്രകാശമറിയാത്തവരുമായ വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ വിഷയത്തില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിനിര്‍ത്തി വികസനത്തെ ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
മാറുന്ന കേരളം, ശ്രദ്ധിക്കുന്ന ലോകം
കേരളം അടിമുടി മാറുകയാണ്. അത് നമുക്ക് പല തരത്തിലും കാണാം. NITI ആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ അതില്‍ കേരളത്തിന് ലഭിക്കുന്ന റാങ്കിങ്ങുകളിലൂടെ കാണാം.
നമുക്ക് ചുറ്റുമുള്ള ആശുപത്രികളും സ്‌കൂളുകളും റോഡുകളും പാലങ്ങളും ഒക്കെ പഴയ കാലത്തേതിനെ വച്ച് എത്ര മാറി എന്ന് ചിന്തിച്ചാല്‍ മനസിലാക്കാം. നമ്മുടെ നഗരങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങളുടെ കെട്ടുംമട്ടും മാത്രമല്ല അവിടെ എന്ത് സാധനങ്ങള്‍ ആണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത് എന്നതില്‍ നിന്നറിയാം. നമ്മുടെ റോഡുകളില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണവും വിലയും വെച്ച് അളക്കാം. ഞാന്‍ പക്ഷെ ശ്രദ്ധിക്കുന്നത് മറ്റു ചില സൂചികകള്‍ ആണ്.
നമ്മുടെ ചുറ്റും ഉള്ളവരില്‍ ഉല്ലാസയാത്രക്ക് പോകുന്നവരുടെ എണ്ണം. ഒരു പത്തു കൊല്ലം മുന്‍പത്തേതിനെ അപേക്ഷിച്ച് പത്രങ്ങളില്‍ കാണുന്ന വിദേശ യാത്രകളുടെ പരസ്യങ്ങള്‍. കേരളത്തില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ഗ്രാമ/നഗര ഫെസ്റ്റിവല്‍ ഇവയുടെ എണ്ണവും അതില്‍ ജനങ്ങളുടെ പങ്കാളിത്തവും.
കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക്. കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം. കേരളത്തില്‍ നിന്നും വിദേശത്തേക്ക് പണമയക്കാനുള്ള സംവിധാനങ്ങളുടെ വമ്പന്‍ പരസ്യങ്ങള്‍.
കേരളത്തിലെ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ എണ്ണവും പൊലിപ്പും. കൊച്ചി വിമാനത്താവളത്തിലെ സ്വകാര്യ ജെറ്റ് ടെര്‍മിനലിലെ ട്രാഫിക്. ഇതോരോന്നും സാമ്പത്തികമായി മുന്നേറുന്ന കേരളത്തിന്റെ സൂചികകള്‍ ആണ്.
പക്ഷെ ഇത് മാത്രമല്ലല്ലോ വളര്‍ച്ച
വികസനത്തിന്റ ഗുണങ്ങള്‍ വേണ്ടത്ര ലഭിക്കാത്തവരും വികസനത്തിന്റെ പ്രകാശം എത്താത്തിടത്ത് ഉള്ളവരും നമുക്ക് ചുറ്റുമുണ്ട്. അവരെക്കൂടി ചേര്‍ത്ത് പിടിക്കുന്നതാണ് വികസനം. ഉദാഹരണത്തിന് ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്നതിലൂടെ, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നതിലൂടെ, ദുരന്തത്തില്‍ അകപ്പെടുന്നവര്‍ക്ക് ഉടനടി ദുരിതാശ്വാസവും ദീര്‍ഘകാല പുനരധിവാസവും ഉറപ്പു നല്‍കുന്നതിലൂടെ, ഇപ്പോള്‍ അവസാനമായി അതി ദാരിദ്ര്യം തുടച്ചു മാറ്റുന്നതിലൂടെ. ഇങ്ങനെ സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ കാണുന്ന വളര്‍ച്ച, താഴെ ഉള്ളവരോടുള്ള കരുതല്‍, ഇതാണ് കേരള വികസനത്തെ ലോക മാതൃകയാക്കുന്നത്.
ഇത് എക്കണോമിസ്റ്റ് പോലെ പൊതുവെ റൈറ്റ് വിങ്ങ് മാധ്യമങ്ങള്‍ പോലും ശ്രദ്ധിക്കുന്നു, വര്‍ത്തയാക്കുന്നു. ഇത് കേരളത്തിന്റെ ബ്രാന്‍ഡ് വാല്യൂ വര്‍ദ്ധിപ്പിക്കുകയാണ്. കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരുണ്ട്. ഇവര്‍ കൂടുതലും, പ്രധാനമായും കേരളതില്‍ നിന്നുള്ളവരാണ്. അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും.
പക്ഷെ വസ്തുതകള്‍ മറിച്ചായിരിക്കുന്നിടത്തോളം ഇവരുടെ വിശ്വാസം അത്ര പ്രാധാന്യമുള്ളതല്ല.സ്ഥിരമായി നില്‍ക്കുന്ന ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ചിരുന്ന ലോകത്ത് ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് കണ്ടുപിടിച്ച ഗലീലിയോ വലിയ എതിര്‍പ്പ് നേരിട്ടു. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിന് സ്വന്തം കണ്ടുപിടുത്തത്തെ തള്ളിപ്പറയേണ്ടി വന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം പറഞ്ഞു, Eppur si muove' (or 'And yet it moves').
അതെ, ആരെന്തു പറഞ്ഞാലും വസ്തുത മാറുന്നില്ലല്ലോ.അതുപോലെ കേരള വികസനത്തെപ്പറ്റി, കേരളത്തില്‍ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്...
കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതക്കണം അന്തരംഗം എന്നത് കവിതയ്ക്കപ്പുറം യാഥാര്‍ഥ്യമാവുകയാണ്.
മുരളി തുമ്മാരുകുടി




