ലണ്ടൻ: ഈയാഴ്‌ച്ച ഫേയ്‌സ്ബുക്കിൽ വൻ തോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ട് പുറത്തു വരുന്നു. ബുധനാഴ്‌ച്ചക്ക് മുൻപായി തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ഈ വർഷം ഇതുവരെ അര ട്രില്യൺ ഡോളറിന്റെ ഇടിവ് ഓഹരിമൂല്യത്തിൽ ഉണ്ടായതു കൂടാതെ അടുത്തവർഷം 67 ബില്യൺ ഡോളറിന്റെ ഇടിവു കൂടി സംഭവിക്കും എന്നാണ് ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ് കണക്കാക്കുന്നത്.

മന്ദഗതിയിലുള്ള ആഗോള സാമ്പത്തിക പുരോഗതി, ടിക്ടോക്കിൽ നിന്നുള്ള മത്സരം, ആപ്പിൾ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങൾ എന്നിവക്കൊപ്പം സക്കൻബർഗിന്റെ സ്വപ്ന പദ്ധതിയായ മെറ്റാവേഴ്സിൽ അമിതമായി ഉണ്ടാകുന്ന ചെലവുകൾ എന്നിവയാണ് ഈ ഇടിവിനു കാരണമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. ഇപ്പോൾ ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം വാൾ സ്ട്രീറ്റ് ജേർണലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

മെറ്റവേഴ്സിൽ ഇപ്പോൾ മുടക്കുന്ന പണത്തിന് ലാഭം കിട്ടി തുടങ്ങാൻ ഒരു പതിറ്റാണ്ടെങ്കിലും വേണ്ടിവരും എന്നാണ് മാർക്ക് സക്കൻബർഗ് കണക്കാക്കുന്നത്. അത്രയും നാൾ പുതിയ ജീവനക്കാരെ നിയമിക്കുന്നത് മരവിപ്പിക്കേണ്ടി വരും. മാത്രമല്ല, ചെലവു ചുരുക്കുന്നതിനായി നിലവിലെ ജീവനക്കാരിൽ കുറേപേരെ പിരിച്ചുവിടുകയോ പുനർവിന്യസിക്കുകയോ വേണ്ടി വരും.

അതിനിടയിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റർ അവരിൽ ചിലരോട് വീണ്ടും കമ്പനിയിൽ തുടരാൻ ആവശ്യപ്പെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 44 ബില്യൺ പൗണ്ടിൻ' എലൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്നുണ്ടായ പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരെ പിരിച്ചുവിട്ടത്. ഇവരിൽ ചിലരെ പിരിച്ചുവിട്ടത് തെറ്റായതായി കമ്പനി കരുതുന്നു എന്നും ബ്ലൂബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ പലർക്കും മാസ്‌ക് വിഭാവനം ചെയ്യുന്ന പുതിയ ഫീച്ചറുകൾ രൂപപ്പെടുത്തുന്നതിൽ എന്ത് പങ്ക് വഹിക്കാൻ കഴിയുമെന്ന് പുതിയ മാനേജ്മെന്റ് മനസ്സിലാക്കിയിരുന്നില്ല.

വളരെ നാളുകളായി പ്രതീക്ഷിച്ചിരുന്നതാണ് ട്വിറ്ററിൽ നിന്നുള്ള പിരിച്ചുവിടൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഈ മെയിൽ സന്ദേശം വഴിയാണ് 3,700 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. എന്നിരുന്നാലും, കാലിഫോർണിയയിൽ ലേബർ നിയമങ്ങളെ അതിജീവിക്കുവാനായി ഇവർക്ക് ജനുവരി-ഫെബ്രുവരി മാസംവരെയുള്ള ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിദിനം 4 മില്യൺ ഡോളർ വരെ നഷ്ടം നേരിടുന്ന കമ്പനിക്ക് ഇതല്ലാതെ മറ്റുവഴികൾ ഇല്ലെന്നായിരുന്നു മസ്‌ക് പറഞ്ഞത്.

വെരിഫൈഡ് ബ്ലൂ ടിക് മാർക്കിന് പ്രതിമാസ വരിസംഖ്യ കൊണ്ടു വരുന്നതിനോടൊപ്പം നിരവധി പുതിയ ഫീച്ചറുകളും ട്വിറ്ററിൽ ലഭ്യമാക്കുമെന്ന് മസ്‌ക് പറഞ്ഞിട്ടുണ്ട്. പരസ്യങ്ങൾ കുറയ്ക്കുക, കൂടുതൽ നീളമുള്ള വീഡിയോ പോസ്റ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുക, അതുപോലെ മറുപടികളിലും, സെർച്ച്കളിലും മറ്റും മുൻഗണന റാങ്കിം ലഭിക്കുവാനുള്ള സൗകര്യം ഒരുക്കുക എന്നിവയായിരിക്കും സുപ്രധാന ഫീച്ചറുകൾ.