- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർമിങ്ഹാമിനടുത്ത് സ്കൂൾ യൂണിഫോമണിഞ്ഞ 14 കാരനെ ടീസർ തോക്കുപയോഗിച്ച് കീഴ്പ്പെടുത്തി പൊലീസ്; 50,000 വോൾട്ട് നിർഗ്ഗമിക്കുന്ന ടീസർ ഏറ്റ് നിലത്ത് വീണ കുട്ടിയുടെ വീഡിയോയും അമ്മയുടെ നിലവിളിയും സോഷ്യൽ മീഡിയയിൽ വൈറൽ
സ്കൂൾ യൂണിഫോം ധരിച്ച 14 കാരനെ കീഴ്പ്പെടുത്താൻ ടീസർ ഗൺ ഉപയോഗിച്ച് പൊലീസ്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളിൽ കുട്ടിയെ പൊലീസ് പിടികൂടുന്നത് കാണം. പിന്നീട് കുതറിമാറിയ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പൊലീസ് ആ കുട്ടിക്ക് നേരെ ടീസർ ഗൺ ചൂണ്ടി വെടിവെയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. ഏകദേശം 50,000 വോൾട്ട് ആണ് ആ കുട്ടിയുടെ ദേഹത്തുകൂടി കടന്നു പോയത്. അത് ഏറ്റ ഉടൻ അവൻ താഴെ വീഴുന്നതും കാലുകൾ കോച്ചി വിറയ്ക്കുന്നതും വീഡിയോയിൽ കാണാം.
ആരോ മൊബൈൽ ഫോണിൽ എടുത്ത വീഡിയോയിൽ, ''അവന് 14 വയസ്സു മാത്രമേയുള്ളു, നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു'' എന്ന് ചോദിച്ച് ആ കുട്ടിയുടെ അമ്മ അലറി കരയുന്നതും കേൾക്കാം. പൊലീസ് ഉദ്യോഗസ്ഥൻ ആ കുട്ടിയോറ്റ് ഓടരുത് എന്ന് പറയുന്നതും വീഡിയോയിൽ ഉണ്ട്. അടുത്തു നിന്നവരും കുട്ടിയെ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് പറയുന്നുണ്ട്. എന്നാൽ, തനിക്ക് ഒന്നും നോക്കേണ്ട കാര്യമില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത്.
ബ്രിംസ് ഈസ് ഗ്രൈം എന്ന ബ്ലോഗ് ഈ വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷം ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടിട്ടുള്ളത്. സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. വെറുമൊരു കുട്ടിയാണ് അതെന്നും, ക്രൂരമായ നടപടി ആയി എന്നും ചിലർ വാദിക്കുമ്പോൾ, ആ കുട്ടിയുടെ കൈവശം ആയുധങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും, അതുകൊണ്ടു തന്നെ പൊതുസമൂഹത്തിന് ആ കുട്ടിയിൽ നിന്നും ഉപദ്രവം നേരിടാൻ ഇടയുണ്ടായിരുന്നില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ഒരു മനുഷ്യൻ കൊല്ലാൻ വരെ കെൽപുള്ള ആയുധമാണ് ടീസർ ഗൺ എന്ന് ഓർമ്മിപ്പിച്ച മറ്റൊരാൾ സ്കൂൾ യൂണിഫോമിലുള്ള ബാലനെതിരെ ടീസർ ഉപയോഗിച്ചത് ന്യായീകരിക്കാനാവില്ലെന്നും പറയുന്നു. ആയുധങ്ങൾ ഒന്നും കൈവശമില്ലാത്ത ഒരു സ്കൂൾ വിദ്യാർത്ഥിയെ നിയന്ത്രിക്കാൻ പോലും ടീസർ ഗൺ വേണമെന്നാണെങ്കിൽ, ആ ഉദ്യോഗസ്ഥന് പൊലീസ് ആകാനുള്ള യോഗ്യതയില്ലെന്നും ചിലർ വാദിക്കുന്നു.
എന്നാൽ, ആക്രമാസക്തമായ ഒരു ആൾക്കൂട്ടത്തിനിടയിൽ വെച്ച്, സാഹചര്യം സമർത്ഥമായി കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചും ചില കമന്റുകൾ എത്തുന്നുണ്ട്. ന്യായമായ കാരണങ്ങൾ ടീസർ ഉപയോഗിച്ചതിന് പിന്നിൽ ഉണ്ടായിരിക്കും എന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഒരു അയൽപക്ക വഴക്കുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഹോഡ്ജ് ഹിൽ കെംപ്സൺ റോഡിൽ പോയിരുന്നു എന്നും നിരവധി പ്രദേശവാസികൾ തർക്കത്തിൽ മുഴുകിയിരിക്കുകയായിരുന്നു എന്നും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അവർ പൊലീസിനെ അക്രമിക്കാൻ മുതിർന്നതായും കുറിപ്പിൽ പറയുന്നു. സാഹചര്യം അക്രമാസക്തമാകാതെ നോക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്തു. എന്നാൽ അയാൾ അത് തടയുകയും മറ്റെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു.
ഈ സംഭവത്തിനിടയിലായിരുന്നു 14 കാരന് ടീസർ ഏറ്റതെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരു 37 കാരനെയും ഒരു 14 കാരനെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ