മനില: സാമൂഹികമാധ്യമങ്ങളിലൂടെ എങ്ങനെയെങ്കിലും വൈറലാവുകയെന്നതാണ് പുതിയകാലത്തെ ട്രെന്‍ഡ്. അത് ചിലപ്പോള്‍ വിജയിക്കുകയും മറ്റ് ചിലത് വന്‍ അപകടം വിളിച്ചുവരുത്തുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഫിലിപ്പീന്‍സില്‍ നിന്നും വരുന്നത്. വൈറലാകാന്‍ വേണ്ടി സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവിന് സംഭവിച്ചത് വലിയ അബദ്ധമായിരുന്നു.

ഫിലിപ്പീന്‍സ് സ്വദേശിയായ യുവാവിനാണ് സൂപ്പര്‍ ഗ്ലൂവിലൂടെ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാന്‍ വേണ്ടി സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയതാണ് ഇയാള്‍ക്ക് പറ്റിയ അമളി. അതും ചുണ്ടില്‍ പുരട്ടിയുളള സൂപ്പര്‍ ഗ്ലൂ ചാലഞ്ച്.

വൈറലാകാന്‍ വേണ്ടി യുവാവ് സൂപ്പര്‍ ഗ്ലൂ ചുണ്ടില്‍ പുരട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കാര്യങ്ങള്‍ ഇയാള്‍ വിചാരിച്ചത് പോലെയായില്ല. ചാലഞ്ച് വിജയിച്ചെങ്കിലും പൂട്ടിയ ചുണ്ട് പിന്നീട് തുറക്കാന്‍ പറ്റിയില്ലെന്നതാണ് വസ്തുത. ബാഡിസ് ടിവി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ഒരു കടയില്‍ ഇരുന്നാണ് ഇയാള്‍ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ പുരട്ടുന്നത്. കടയില്‍ നിന്ന് സൂപ്പര്‍ ഗ്ലൂ എടുത്ത് ഇയാള്‍ ക്യാമറയ്ക്ക് നേരെ കാണിക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം ഇത് ചുണ്ടില്‍ പുരട്ടുകയായിരുന്നു. ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷം ഇയാളുടെ മുഖത്ത് കാണാം, എന്നാല്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ ശബ്ദമുണ്ടാക്കാന്‍ കഴിയാതെ ഇയാള്‍ കരയുന്നതും വീഡിയോയില്‍ കാണാം. അറുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.