മുംബൈ: ടെസ്ല മോഡല്‍ വൈ കാര്‍ ഓടിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കറുത്ത ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് കാറോടിക്കുന്ന രോഹിത്തിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. 'എക്‌സി'ലാണ് രോഹിത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്.

ടെസ്ലക്കോണമിക്‌സ് എന്ന പേജ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് മസ്‌ക് റീപോസ്റ്റ് ചെയ്തത്. ''ഇതുകൊണ്ടാണ് ടെസ്ലക്ക് പരസ്യം ആവശ്യമില്ലാത്തത്. ഇന്‍സ്റ്റാഗ്രാമില്‍ 45 ദശലക്ഷം ഫോളോവേഴ്സുള്ള രോഹിത് ശര്‍മ, ഒരു പുതിയ ടെസ്ല മോഡല്‍ Y വാങ്ങി.''- രോഹിത് ടെസ്ല മോഡല്‍ Y കാര്‍ ഓടിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ടെസ്ലക്കോണമിക്‌സ് എന്ന പേജിലെ എക്‌സ് പോസ്റ്റ് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റ് മസ്‌ക് പങ്കുവെച്ചതോടെ ഒട്ടേറെപ്പേര്‍ പ്രതികരണങ്ങളുമായെത്തി.


അതേസമയം, പുതിയ കാറിന് '3015' എന്ന നമ്പറാണ് രോഹിത് തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ കുട്ടികളുടെ ജനനതീയതികളെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെ മക്കളായ, ഡിസംബര്‍ 30-ന് ജനിച്ച സമൈറയുടെയും നവംബര്‍ 15-ന് ജനിച്ച അഹാന്റെയും ജന്മദിനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരത്തിന്റെ ഗാരിജില്‍ പുതുതായി എത്തിയ ലംബോര്‍ഗിനി ഉറൂസ് എസ് ഇക്കും ഇതേ 3015 എന്ന നമ്പര്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ബിഎംഡബ്ല്യു, മെഴ്സിഡീസ് തുടങ്ങി നിരവധി വാഹനങ്ങള്‍ രോഹിത്തിന്റെ ഗാരിജിലുണ്ട്.

ടെസ്ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളിലൊന്നാണ് മോഡല്‍ വൈ. റിയല്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ മോഡലുകളാണ് മോഡല്‍ വൈയിലുള്ളത്. ഇന്ത്യയില്‍ റിയര്‍വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകള്‍ മാത്രം. റിയല്‍വീല്‍ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎല്‍ടിപി റേഞ്ച്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 മിനിറ്റില്‍ 238 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും. ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവ് മോഡലിന്റെ ഡബ്ല്യുഎല്‍ടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.6 സെക്കന്‍ഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റില്‍ 267 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരം. നായകസ്ഥാനത്തുനിന്ന് മാറിയെങ്കിലും ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. ടീമിലേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിട്ട് കടുത്ത പരിശീലനമാണ് രോഹിത് നടത്തിയതെന്നാണ് അടുത്തിടെ റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ രണ്ട് മണിക്കൂറോളം ബാറ്റിങ് ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് ഇത് പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു. ചില ദിവസങ്ങളില്‍ രണ്ട് പരിശീലന സെഷനുകള്‍ ഉണ്ടാകുമായിരുന്നുവെന്നും നിശ്ചിതസമയം കഴിഞ്ഞെന്ന് സ്റ്റാഫ് അറിയിച്ചാലും അത് നീട്ടിനല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 19-നാണ് ഓസീസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.