പാരിസ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്നാണ് കണക്കുകള്‍. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തിന്റെ പൗരന്മാരായി മാറിയിട്ടുള്ള ഇന്ത്യക്കാരുമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സാംസ്‌കാരിക വിനിമയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹം. എന്നാല്‍ ഏറെ കൗതുകകരമായ ഒരു കാര്യം കൂടിയുണ്ട്. ലോകത്ത് എവിടെയാണെങ്കിലും ജന്മനാട്ടിലെ ശീലങ്ങള്‍ ഒട്ടുമിക്കതും മറക്കാത്തവരാണ് ഇന്ത്യക്കാര്‍ എന്നതാണ്.

ഇന്ത്യക്കാര്‍ക്ക് എവിടെ ചെന്നാലും മാറ്റാന്‍ കഴിയാത്ത ചില ശീലങ്ങളുണ്ട്. അതിലൊന്നാണ് തുണികള്‍ അലക്കി വെയിലത്ത് ഉണക്കാനിടുന്നത്. വീടിനു വെളിയില്‍ തുണികള്‍ ഉണക്കാനിടുന്നത് ചില രാജ്യത്ത് അനുവദനീയമല്ല. പക്ഷേ, ഇത്തരം ഇന്ത്യന്‍ ശീലങ്ങള്‍ പിന്തുടരുന്നവര്‍ വിദേശത്ത് ഒപ്പം താമസിക്കുന്നവര്‍ക്കുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല. അങ്ങനെയൊരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തില്‍ നടന്ന രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഫ്രാന്‍സില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി അവളുടെ വസ്ത്രങ്ങള്‍ കഴുകി ടെറസില്‍ ഉണക്കാനിടുന്നിടത്താണ് വിഡിയോയുടെ തുടക്കം. ഫ്രാന്‍സിലെ ലിയോണില്‍ ആണ് വീടിന്റെ ടെറസില്‍ ഭാര്യ വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിട്ടത്. കയറൊക്കെ വലിച്ചു കെട്ടി അയയുണ്ടാക്കിയ ശേഷം നനഞ്ഞ തുണികള്‍ ഓരോന്നായി ഭാര്യ അതില്‍ ഉണക്കാനിടുമ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.


'ഫ്രാന്‍സില്‍, വീടിന്റെ ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതിന് ഭര്‍ത്താവ് എന്നെ ശകാരിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ വിഡിയോ പങ്കുവച്ചത്. തമാശ ഒട്ടും കൈവിടാതെ ഭര്‍ത്താവും ഇങ്ങനെ കുറിച്ചു. 'നിങ്ങളുടെ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക.'

ഇത് ഫ്രാന്‍സ് ആണെന്നും ഇവിടെ ഇങ്ങനെ വീടിനു പുറത്ത് തുണി ഉണക്കാനിടുന്നത് അനുവദനീയമല്ലെന്നും ഭര്‍ത്താവ് പറയുന്നു. ഫ്രാന്‍സില്‍ വസ്ത്രം അലക്കാന്‍ കൊടുക്കുന്നത് ഏറെ ചെലവേറിയ കാര്യമാണ്. അതിനാല്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് താന്‍ വസ്ത്രം സ്വയം അലക്കാന്‍ തീരുമാനിച്ചതെന്നും ഭാര്യ വെളിപ്പെടുത്തുന്നു.തുണിയലക്കാന്‍ കൊടുക്കുമ്പോള്‍ നാട്ടിലെ 300 മുതല്‍ 400 രൂപ വരെ ഇവിടെ ചെലവാകും. ആ അധിക ചെലവൊഴിവാക്കാനാണ് വസ്ത്രങ്ങള്‍ സ്വയം അലക്കിയിട്ടതെന്നും അവര്‍ വിശദീകരിച്ചു.

ശകാരവും നര്‍മവും കലര്‍ത്തി ഭര്‍ത്താവ് സംസാരം തുടരുമ്പോള്‍ ഭാര്യ മറ്റൊരു കാര്യവും പങ്കുവയ്ക്കുന്നു. ഇങ്ങനെ തുണിയുണക്കുന്നതിനെതിരെ സ്വദേശികളായ ആരെങ്കിലും പരാതി പറഞ്ഞാല്‍ നിശബ്ദത പാലിച്ചോളാമെന്നും ഭാര്യ പറയുന്നു. അവര്‍ പറഞ്ഞതൊന്നും മനസ്സിലാകാത്ത പോലെ നടിച്ചാല്‍ ഫ്രഞ്ച് ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ് താന്‍ മിണ്ടാതിരിക്കുന്നതെന്ന് അവര്‍ വിചാരിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ക്ക് ഒരു ഇന്ത്യക്കാരനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ കഴിയും. പക്ഷേ, ഒരു ഇന്ത്യക്കാരനില്‍ നിന്ന് ഒരിക്കലും ഇന്ത്യയെ പുറത്താക്കാന്‍ കഴിയില്ല.' എന്നു പറഞ്ഞുകൊണ്ടാണ് പലരും ഈ വിഡിയോ പങ്കുവയ്ക്കുന്നത്.