ലബാര്‍ ഗോള്‍ഡ് സ്ഥാപകന്‍ ഫൈസല്‍ എ കെയുടെ ഗൃഹുപ്രവേശന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ലെസ്ബിയന്‍ പങ്കാളികളായ ആദിലയും നൂറയും. മലബാര്‍ ഗോള്‍ഡ് ഡയറക്ടറുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണപ്രകാരമാണെന്നും ആ ക്ഷണം വന്നത് ദയയില്‍ നിന്നാണെന്നാണ് ഞങ്ങള്‍ വിശ്വസിച്ചതെന്നും ഇരുവരും പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പണത്തിന് വേണ്ടിയിട്ടോ, പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ആ പരിപാടിക്ക് പോയത്. രണ്ട് പേര്‍ക്കും വ്യക്തിപരമായി തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നെന്നും ഇരുവരും വ്യക്തമാക്കി. വേദനിപ്പിച്ച ആദ്യത്തെ പോസ്റ്റ് പിന്‍വലിച്ച് പിന്നീട് പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നു. ആ തെറ്റ് തിരുത്തലിനെ സ്വാഗതം ചെയ്യുന്നതായും ആദിലയും നൂറയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ആളുകളെ മനുഷ്യരായി കാണണം അല്ലാതെ ജാതി മതം ലിംഗം സ്വത്വം എന്നിവയിലൂടെ അല്ല കാണേണ്ടത്. മനുഷ്വത്വം ആണ് പ്രധാനം. സ്നേഹം ഒരു കുറ്റമല്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് ഒരു സാമൂഹിക ഭീഷണിയല്ല. ഞങ്ങള്‍ ഞങ്ങളായി ജീവിക്കുന്നതിന് ആരോടും ക്ഷമ പറയേണ്ട ആവശ്യവുമില്ല. ഞങ്ങള്‍ക്കൊപ്പം നിന്ന, ഞങ്ങളോട് സ്നേഹം കാണിച്ച, ഇത് തെറ്റാണെന്ന് പറഞ്ഞ് ശബ്ദം ഉയര്‍ത്തിയ എല്ലാവരോടും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു.

ആദിലയുടെയും നൂറയുടെയും പോസ്റ്റിന്റെ പൂര്‍ണരൂപം

ഫൈസല്‍ മലബാറിന്റെ ഗൃഹപ്രവേശത്തിന് ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തത്. അത് ബഹുമാനം കൊണ്ടും നല്ലത് പ്രതീക്ഷിച്ചുമാണ് പങ്കെടുത്തത്. ഒരിക്കലും ഇന്‍ഫ്ളുവന്‍സര്‍മാരായിട്ടോ, പണത്തിന് വേണ്ടിയിട്ടോ, പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ആ പരിപാടിക്ക് പോയത്. രണ്ട് പേര്‍ക്കും വ്യക്തിപരമായി തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. ആ ക്ഷണം വന്നത് ദയയില്‍ നിന്നാണെന്നാണ് ഞങ്ങള്‍ വിശ്വസിച്ചത്.

പരിപാടിയിലേക്ക് ആദരപൂര്‍വമാണ് ഞങ്ങളെ ക്ഷണിച്ചത്. ഞങ്ങളുടെ പേര് വിളിച്ചു. ഫോട്ടോ എടുത്തു. ആഥിത്യ മര്യാദയോടു കൂടി തന്നെയാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങള്‍ വന്നതുകൊണ്ട് ഒരു പ്രശ്നമുണ്ടായെന്ന തരത്തിലുള്ള ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അടുത്ത ദിവസം മുതല്‍ രണ്ട് പെണ്‍കുട്ടികളെ പരിപാടിയിലേക്ക് വന്നത് തെറ്റാണെന്ന തരത്തില്‍ പറയുന്നതായി കണ്ടു. സമൂഹത്തിന് ഒരു തെറ്റായ സന്ദേശം നല്‍കുന്ന ആ പോസ്റ്റ് ഞങ്ങളെ വല്ലാതെ നിരാശരാക്കി.

ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ആരുടെയും വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ പോയിട്ടില്ല. അന്തസോടെയും സത്യത്തോടെയും ഞങ്ങള്‍ എങ്ങനെയാണോ അതുപോലെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ അസ്തിത്വം വെല്ലുവിളിക്കുന്നത് പഴകിയ കുറേ ചിന്തകളെയാണെങ്കില്‍ അത് അങ്ങനെ ആകട്ടെ. ഞങ്ങളുടെ സാന്നിധ്യം ആരെയെങ്കിലും ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമാണ്. ഞങ്ങളുടേതല്ല.

സ്നേഹം ഒരു കുറ്റമല്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് ഒരു സാമൂഹിക ഭീഷണിയല്ല. ഞങ്ങള്‍ ഞങ്ങളായി ജീവിക്കുന്നതിന് ആരോടും ക്ഷമ പറയേണ്ട ആവശ്യവുമില്ല.

ഞങ്ങള്‍ക്കൊപ്പം നിന്ന, ഞങ്ങളോട് സ്നേഹം കാണിച്ച, ഇത് തെറ്റാണെന്ന് പറഞ്ഞ് ശബ്ദം ഉയര്‍ത്തിയ എല്ലാവരോടും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി. നിങ്ങളുടെ ദയ എന്ത് വിദ്വേഷ പ്രചരണത്തെയും തകര്‍ത്തു കളയുന്നതാണ്.

ഞങ്ങളെ ഏറെ വേദനിപ്പിച്ച ആ കുറിപ്പ് മാറ്റുകയും പകരം പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തെറ്റ് തിരുത്തിയതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മാത്രമല്ല അത് വളരെ നിസാരമായ ഒരു സത്യത്തെയാണ് ഓര്‍മിപ്പിക്കുന്നത്: ആളുകളെ ജാതിയുടേയും മതത്തിന്റെയും ലിഗംത്തിന്റെയും വ്യക്തിത്വത്തിന്റേയും കണ്ണിലൂടെയല്ല, മനുഷ്യനായി കാണണം. മനുഷ്യത്വവും ബഹുമാനവുമാണ് എന്തിനേക്കാളും മുന്നേ വരുന്നത്. സ്നേഹത്തോടെയും അഭിമാനത്തോടെയും ഇനിയും ഇവിടെ ജീവിക്കും. വിദ്വേഷത്തിന് മുകളില്‍ സ്നേഹവും ദയയും തെരഞ്ഞെടുത്ത് തന്നെ ഞങ്ങള്‍ മുന്നോട്ട് പോകും.