മുംബൈ: കാമുകി മഹിക ശര്‍മയുടെ ചിത്രം മോശം രീതിയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പാപ്പരാസികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ. അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു.

ഒരു റസ്റ്റോറന്റില്‍ നിന്ന് മഹൈക ശര്‍മ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും ഒരു സ്ത്രീയും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുന്നത് വിലകുറഞ്ഞ നടപടിയാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ടെന്നും പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാധ്യമസുഹൃത്തുക്കള്‍ മാന്യത കാട്ടണമെന്നും ഹാര്‍ദ്ദിക് പോസ്റ്റില്‍ പറഞ്ഞു.

സെലിബ്രിറ്റകളെന്ന നിലയില്‍ പൊതുവേദികളില്‍ ഞങ്ങളെ കൂടുതല്‍പേര്‍ ശ്രദ്ധിക്കുമെന്നും അത് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അറിയാം. പക്ഷേ ഇപ്പോഴുണ്ടായ സംഭവം എല്ലാ അതിരുകളും ഭേദിക്കുന്നതായിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു റെസ്റ്റോറന്റില്‍ മഹീക ഒരു ഗോവണി ഇറങ്ങിവരുമ്പോള്‍ ഒരു സ്ത്രീയും ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കാത്ത ആംഗിളില്‍ പാപ്പരാസികള്‍ അത് ക്യാമറയില്‍ പകര്‍ത്തി. അവരുടെ സ്വകാര്യ നിമിഷത്തെ പാപ്പരാസി മാധ്യമങ്ങള്‍ വിലകുറഞ്ഞ പ്രചരണത്തിന് ഉപയോഗിച്ചു.

തലക്കെട്ടുകള്‍ക്ക് വേണ്ടിയോ ക്ലിക്ക് ബൈറ്റുകള്‍ക്ക് വേണ്ടിയോ ചെയ്തതായിരിക്കുമത്. ആര് ചെയ്തുവെന്നതല്ല, ആര് ചെയ്താലും സ്ത്രീകളോട് പുലര്‍ത്തേണ്ട അടിസ്ഥാനപരമായി പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. സ്ത്രീകള്‍ക്കും അന്തസുണ്ട്. അതുപോലെ എല്ലാത്തിനും ഒരു അതിരുണ്ട്.

ഹാര്‍ദികിന്റെ കുറിപ്പിങ്ങനെ:'ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണെന്നതു കൊണ്ടുതന്നെ പൊതുജനമധ്യത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധയും നിരന്തരമുള്ള വിചാരണയും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്ററന്റില്‍ നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. അപ്പോള്‍ പാപ്പരാസികള്‍ അവളുടെ ചിത്രം പ്രത്യേക ആംഗിളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചു. ലോകത്തൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല അത്. തരം താഴ്ന്ന സെന്‍സേഷണലിസത്തിനായി സ്വകാര്യ നിമിഷത്തെ ഉപയോഗിച്ചു.

ഇത് തലക്കെട്ടുകളെ കുറിച്ചോ ആര് അതില്‍ ക്ലിക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ചോ അല്ല. ഒരു സാമാന്യ മര്യാദയുണ്ടല്ലോ. സ്ത്രീകള്‍ അന്തസ് അര്‍ഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതകളും അതിര്‍വരമ്പുമുണ്ട്. ദിവസവും കഠിന പ്രയത്‌നം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോടാണ്: നിങ്ങളുടെ തിരക്കെനിക്ക് മനസിലാകും. ഞാന്‍ എപ്പോഴും സഹകരിക്കാറുമുണ്ട്. പക്ഷേ കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം. നന്ദി'.

നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അടുത്തയിടെയാണ് യോഗ ട്രെയിനറും മോഡലുമായ മഹികയുമായി ഹാര്‍ദിക് പ്രണയത്തിലായത്. ഒക്ടോബറില്‍ പ്രണയബന്ധം ഹാര്‍ദിക് പരസ്യപ്പെടുത്തുകയും ചെയ്തു. 32ാം പിറന്നാളിന് തൊട്ടു മുന്‍പാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പങ്കിട്ടത്. 24കാരിയായ മഹിക പ്രമുഖ ഡിസൈനര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മോഡലാണ്. നിരവധി പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും മൂല്യം കല്‍പ്പിക്കുന്ന മൂന്ന് കാര്യങ്ങളിലൊന്ന് മഹികയാണെന്നും താരം തുറന്നുപറഞ്ഞിരുന്നു. ക്രിക്കറ്റും മകന്‍ അഗസ്ത്യയുമാണ് മറ്റുള്ളവ.