- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'ഇത് വെറുപ്പുളവാക്കുന്നത്; ലജ്ജാകരം; പെണ്ണുങ്ങളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?' 'കിസ് കിസ്‌കോ പ്യാര്‍ കരൂണ്‍' സിനിമയുടെ പോസ്റ്റര്‍ അനുകരിച്ച് ചെഹലുമൊത്തുള്ള എഐ ചിത്രം; ട്രോളന്മാര്ക്കെതിരെ പൊട്ടിത്തെറിച്ച് ഷെഫാലി ബഗ്ഗ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എഐ (AI) ചിത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്‌പോര്‍ട്‌സ് അവതാരകയും നടിയുമായ ഷെഫാലി ബഗ്ഗ. സ്‌പോര്‍ട്‌സ് ലോകത്തെയും സിനിമാ ലോകത്തെയും താരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ അതിരുകടക്കുന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് ഷെഫാലി തുറന്നടിച്ചു. ചെഹലുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമൂഹമാധ്യമങ്ങളില്‍ എഐ ചിത്രം പ്രചരിച്ചത്. മുംബൈയിലെ ഒരു റസ്റ്ററന്റില്‍ ചെഹലും ഷെഫാലിയും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് ഗോസിപ്പ് പരന്നത്.
'കിസ് കിസ്‌കോ പ്യാര്‍ കരൂണ്‍' എന്ന സിനിമയുടെ പോസ്റ്റര്‍ അനുകരിച്ച് നിര്‍മ്മിച്ച എഐ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചെഹല്‍, മുന്‍ഭാര്യ ധനശ്രീ വര്‍മ്മ, ആര്‍ജെ മഹ്വാഷ്, ഷെഫാലി ബഗ്ഗ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മ്മിച്ചത്. ഗ്രാഫിക് ഡിസൈനര്‍ വിജയ് കുമാര്‍ ബാരിയ പങ്കുവെച്ച ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഷെഫാലി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷെഫാലി രോഷം പ്രകടിപ്പിച്ചത്. 'ഇത് വെറുപ്പുളവാക്കുന്നതാണ്! ട്രോളുകള്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതി വളരെ ലജ്ജാകരമാണ്.
നമ്മുടെ സമൂഹത്തിന്റെ മോശം മാനസികാവസ്ഥ വ്യക്തമാക്കുന്ന ക്ലാസിക് ഉദാഹരണമാണിത്.'വിവാദം കൊഴുത്തതോടെ ഡിസൈനര്‍ ഈ ചിത്രം പേജില്‍ നിന്നും നീക്കം ചെയ്തു. തന്റെ പേര് വലിച്ചിഴച്ചുള്ള പോസ്റ്ററിനെതിരെ പരിഹാസരൂപേണയാണ് ചെഹല്‍ പ്രതികരിച്ചത്. 'ചിത്രത്തില്‍ രണ്ടോ മൂന്നോ പേരെ കൂടി കാണാനില്ലല്ലോ, അഡ്മിന്‍ അടുത്ത തവണ കുറച്ചുകൂടി നന്നായി ഗവേഷണം നടത്തണം' എന്നായിരുന്നു ചെഹലിന്റെ കമന്റ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തമാശരൂപേണയാണ് താരം നേരിട്ടത്.
നര്‍ത്തകിയായ ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തിനു ശേഷം ആര്‍ജെ മഹ്വാഷുമായി ചെഹല്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ചെഹലും മഹ്വാഷും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ഷെഫാലിയുമൊത്ത് ചെഹല്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരുവരും ഒന്നും പ്രതികരിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പല കഥകളും പ്രചരിച്ചു.
2020-ല്‍ വിവാഹിതരായ ചെഹലും ധനശ്രീ വര്‍മ്മയും 2025 മാര്‍ച്ചില്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞു. മഹ്വാഷുമായി താരം ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ആ അധ്യായം അവസാനിച്ചതായി കരുതപ്പെടുന്നു. ഇതിനിടയിലാണ് മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ ഷെഫാലി ബഗ്ഗയും ചെഹലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്. ഇതാണ് പുതിയ ഗോസിപ്പുകള്‍ക്ക് വളമായത്.
ഡല്‍ഹി സ്വദേശിയായ ഷെഫാലി അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് അവതാരകയും ജേണലിസ്റ്റുമാണ്. ബിഗ് ബോസ് സീസണ്‍ 13-ലെ പങ്കാളിത്തത്തിലൂടെയാണ് ഇവര്‍ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദം നേടിയ, ഷെഫാലി ഒട്ടേറെ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സ്‌പോര്‍ട്‌സ് അവതരണത്തിലേക്ക് എത്തിയത്. നിലവില്‍ സ്‌പോര്‍ട്‌സ് ജേണലിസം രംഗത്ത് സജീവമാണ് ഷെഫാലി.
ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് താരമായ യുസ്വേന്ദ്ര ചെഹല്‍ ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍നിന്നു പുറത്താണ്. 2023 ഓഗസ്റ്റിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. 2024ലെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താണെങ്കിലും ചെഹലിന്റെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.


