മകൾ അലംകൃതയുടെ വിശേഷങ്ങൾ പലപ്പോഴും സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മകളുടെ ജന്മദിനാഘോഷവും അച്ഛൻ പൃഥ്വിരാജിന്റെ പിറന്നാളിന് തയ്യാറാക്കിയ ബർത്ഡേ കാർഡും മകളുടെ ആദ്യ പുസ്തരത്തെ കുറിച്ചുമെല്ലാം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

ഇപ്പോൾ അലംകൃത തന്നെ കുറിച്ച് ഡയറിയിൽ എഴുതിയ ഹൃദയംതൊടുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ഈ പ്രപഞ്ചത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറഞ്ഞാണ് അലംകൃത ഈ കുറിപ്പ് തുടങ്ങുന്നത്. അമ്മ തന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകുമെന്നും തങ്ങൾക്ക് ഒരുമിച്ച് പാചകം ചെയ്യാൻ ഇഷ്ടമാണെന്നും കുറിപ്പിൽ പറയുന്നു. ഒരുമിച്ച് ഗെയിം കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങൾ അമ്മ പഠിപ്പിക്കാറുണ്ടെന്നും അല്ലി ഡയറിയിൽ കുറിച്ചിട്ടുണ്ട്. താൻ വലുതാകുമ്പോൾ മിടുക്കിയാകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അലംകൃത എഴുതുന്നു.

 

ഈ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ അഭിമാനത്തോടെ പങ്കുവെച്ച സുപ്രിയ മകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും പറയുന്നുണ്ട്. 'എല്ലാ അമ്മമാരേയും പോലെ മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല. അല്ലിയുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത് ശരിയാണോ എന്നോർന്ന് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട്. അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കാണുമ്പോൾ ഞാൻ ചെയ്യുന്നത് എന്തൊക്കെയോ ശരിയാണെന്ന് എനിക്ക് തോന്നുന്നു.' സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

നിരവധി പേർ ഇതിനുതാഴെ അലംകൃതയേയും സുപ്രിയയേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമ്മയെന്ന നിലയിൽ സുപ്രിയയുടെ വിജയമാണെന്ന് ചിലർ കമന്റ് ചെയ്തു. അലംകൃതയുടെ മനോഹരമായ എഴുത്തിനേയും പലരും അഭിനന്ദിച്ചു.