തിരുവനന്തപുരം: ചില പ്രത്യേക വിഷയങ്ങളില്‍ മുസ്ലിം സഹോദരങ്ങളെ ഹിന്ദുക്കള്‍ അനുകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇത് സമൂഹത്തില്‍ നല്ല ഫലങ്ങള്‍ ഉളവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട മൂന്നു വിഷയങ്ങള്‍ ഇവയാണ്:

ഒന്ന്, വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനം. നീറ്റ് എംബിബിഎസ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍, മുസ്ലിം സമൂഹം തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും നല്‍കുന്ന ഊന്നല്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ വിദ്യാഭ്യാസം മാത്രമല്ല, മറ്റ് വിദ്യാഭ്യാസ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരാണെന്നും, കുട്ടികളെ മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതില്‍ സമൂഹം ഒന്നടങ്കം ശ്രദ്ധ ചെലുത്തുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ കാര്യത്തില്‍ ഹിന്ദു സംഘടനകള്‍, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സംഘടനകള്‍, കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രണ്ട്, കുടുംബ നിയന്ത്രണം. നിലവിലെ സാഹചര്യത്തില്‍, പലപ്പോഴും പലര്‍ക്കും അരോചകമായി തോന്നാമെങ്കിലും, കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രം എന്ന മാനദണ്ഡം സ്വീകരിക്കുന്നതിനെക്കുറിച്ച് സെന്‍കുമാര്‍ സംസാരിച്ചു. ഓള്‍ ഇന്ത്യ സര്‍വീസസിലെ കണ്ടക്ട് റൂള്‍സ് അനുസരിച്ച് രണ്ടിലധികം കുട്ടികള്‍ ഉണ്ടാകുന്നത് ചട്ടലംഘനമായി കണക്കാക്കാമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മിക്കവര്‍ക്കും അതില്‍ 3 കുട്ടികള്‍ ഉണ്ടാവുന്നുണ്ട്. ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും. അപ്പോള്‍ അതുകൊണ്ട് അതൊരു മാതൃകയായി ഹിന്ദു ദമ്പതികള്‍ സ്വീകരിക്കണം എന്നാണ് തന്റെ അഭിപ്രായം. അല്ലെങ്കില്‍ ജനസംഖ്യ വളരെയധികം താഴോട്ട് പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആ കാര്യത്തിലും അവരെ അനുകരിക്കുക.മതം മാറ്റം നടത്താന്‍ വരുന്നവരോട് ചെയ്യേണ്ട കാര്യമാണ് സെന്‍കുമാര്‍ മൂന്നാമതായി പറയുന്നത്.

സെന്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹിന്ദുക്കള്‍ മുസ്ലിം സഹോദരന്മാരെ അതേപടി അനുകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം എന്താണ് അങ്ങനെയുള്ള കാര്യങ്ങള്‍ എന്ന്.

1. നീറ്റ് എംബിബിഎസ്ന്റെ റിസള്‍ട്ട് എടുത്തു നോക്കുക. അവര്‍ അവരുടെ കുട്ടികളെ എത്ര ഭംഗിയായി പഠിപ്പിക്കുന്നു പരീക്ഷകള്‍ എഴുതാന്‍ , കോംപെറ്റിറ്റിവ് എക്സാംസ് എഴുതാന്‍ ഉള്ള പരിശീലനം നല്‍കുന്നു. ഒരുപക്ഷേ അതില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ആയിരിക്കാം.

അപ്പോള്‍ നമ്മള്‍ ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടത് മദ്രസ വിദ്യാഭ്യാസം മാത്രമല്ല ഭൂരിപക്ഷം കുട്ടികള്‍ക്കും കിട്ടുന്നത്. അതല്ലാതെ നന്നായി പഠിക്കാനും എക്‌സാമിനേഷന്‍സ് പ്രത്യേകിച്ചും ഇതുപോലുള്ള കോംപെറ്റിറ്റിവ് എക്സാംസ് അതില്‍ നന്നായി പെര്‍ഫോം ചെയ്യാനുമുള്ള അവസരം ഒരുക്കികൊടുക്കുന്നുണ്ട്. അതിന് ആ കമ്മ്യൂണിറ്റി മുഴുവനുമായിട്ട് ഏതെല്ലാം വിഭാഗത്തിലായിരുന്നാലും ഇത് പൊതുവായിട്ട് ചെയ്യുന്നതാണ്. അതിന് അവരെ അഭിനന്ദിച്ചേ പറ്റുള്ളൂ. ആ കാര്യത്തില്‍ തീര്‍ച്ചയായിട്ടും ഈഡബ്യുഎസ് വിഭാഗത്തിലൊക്കെയുള്ള റാങ്ക് ഒന്നു നോക്കുക. തീര്‍ച്ചയായിട്ടും അതിലുള്ള സംഘടനകള്‍ (പ്രത്യേകിച്ച് പേര് പറയുന്നില്ല. പ്രധാനമായി 2-3 സംഘടനകളാണ് ഉള്ളത്. ) അവരൊക്കെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുക. മറ്റുള്ളവരും ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം മത്സരപരീക്ഷകള്‍ക്ക് പോകാനും നന്നായിട്ട് റാങ്ക് വാങ്ങാനുമുള്ള പരിശീലനം. അത് തീര്‍ച്ചയായിട്ടും അവരെ അനുകരിക്കാവുന്നതാണ്.

2. ഇത് പലര്‍ക്കും അരോചകമായി തോന്നിയേക്കാം. അത് കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ചാണ്. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഐഎഎസ് ഐപിഎസ് തുടങ്ങി ആള്‍ ഇന്ത്യാ സര്‍വീസുകളില്‍ കണ്ടക്റ്റ് റൂള്‍സ് ഇടയ്ക്ക് വന്നിട്ടുണ്ട്. ഈ കണ്ടക്റ്റ് റൂള്‍സില്‍ പറയുന്നത് രണ്ട് കുട്ടികളുടെ മാനദണ്ഡം എന്നാണ്. അതായത് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അത് കണ്ടക്റ്റ് റൂള്‍സിന്റെ വയലേഷന്‍ ആയി കണക്കാക്കാം എന്നതാണ് അതിന്റെ അര്‍ത്ഥം. എന്നാല്‍ മിക്കവര്‍ക്കും അതില്‍ 3 കുട്ടികള്‍ ഉണ്ടാവുന്നുണ്ട്. ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും. അപ്പോള്‍ അതുകൊണ്ട് അതൊരു മാതൃകയായി ഹിന്ദു ദമ്പതികള്‍ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ജനസംഖ്യ വളരെയധികം താഴോട്ട് പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആ കാര്യത്തിലും അവരെ അനുകരിക്കുക.

3. മൂന്നാമതായി എനിക്ക് പറയാനുള്ളത് മതം മാറ്റത്തിന് വരുന്ന ആരെയും ( ഹല്ലേലൂയാ പറഞ്ഞു വരുന്നവര്‍ ആയാലും അല്ലാതെ വരുന്നവര്‍ ആയാലും ) , അവരെ ഇസ്ലാം മതത്തിലെ ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ക്ക് എന്ത് സ്വീകരണം കൊടുക്കുമോ , അല്ലെങ്കില്‍ ഒരു ഇസ്ലാമിക് സമൂഹത്തില്‍ ചെന്നാല്‍ അവര്‍ക്ക് എന്ത് സ്വീകരണം കൊടുക്കുമോ അതേ സ്വീകരണം കൊടുത്തു ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും സ്വീകരിക്കണം. അതാണ് മതം മാറ്റം നടത്താന്‍ വരുന്നവരോട് ചെയ്യേണ്ട കാര്യം.തീര്‍ച്ചയായും ഞാന്‍ ഈ പറഞ്ഞ 3 കാര്യങ്ങളില്‍ ഹിന്ദുക്കള്‍ മുസ്ലിം വിഭാഗത്തെ നല്ലരീതിയില്‍ അനുകരിക്കുന്നതും അതുപോലെതന്നെ പ്രവര്‍ത്തിക്കുന്നതും നല്ല ഫലങ്ങള്‍ ഉളവാക്കും എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്.