- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്ററിന് വമ്പൻ മാറ്റങ്ങളുമായി എലൺ മസ്ക്; പുതിയ വെബ് അഡ്രസ്സും ലോഗോയും; നിലവിലെ പക്ഷിയുടെ ലോഗോ മാറും; എക്സ് ഡോട്ട് കോം എന്ന് ഏത് സെർച്ച് എഞ്ചിനിൽ തിരഞ്ഞാലും ഇനി നേരെ ട്വിറ്ററിലേയ്ക്ക്
ട്വിറ്ററിന് പുതിയൊരു വെബ് അഡ്രസ്സ് ലഭിക്കുകയാണ്. കമ്പനിയുടെ റീബ്രാൻഡിംഗുമായി ബന്ധപ്പെട്ട് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായിട്ടാണിത്. ഏതൊരു സെർച്ച് എഞ്ചിനിലും എക്സ് ഡോട്ട് കോം എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് നേരെ ട്വിറ്റർ പേജിൽ എത്താനാവും. എലൺ മസ്ക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തേ ട്വിറ്ററിന്റെ നിലവിലെ ലോഗോ മാറ്റാൻ ഉദ്ദേശിക്കുന്നതായും മസ്ക് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയ മസ്ക് പറയുന്നത് താത്ക്കാലിക ലോഗോ ആയ എക്സ് എന്നത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ്. മസ്ക് ഏറ്റെടുത്തതിൽ പിന്നെ ട്വിറ്ററിൽ നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ലോഗോ മാറ്റവും യു ആർ എൽ മാറ്റവും. ട്വിറ്റർ ബ്രാൻഡിനോട് വിടപറയുന്നു എന്നും, സാവധാനം എല്ലാ പക്ഷികളോടും വിടപറയും എന്നുമാണ് മസ്ക് ട്വിറ്ററിൽ കുറിച്ചത്.
അതിനുശേഷമാണ്, ആരംഭകാലം മുതൽ തന്നെ ട്വിറ്ററിന്റെ മുഖമായിരുന്ന നീല പക്ഷിക്ക് പകരം വരാൻ സാധ്യതയുള്ള ലോഗോ മസ്ക് പ്രദർശിപ്പിച്ചത്. ഇംഗ്ലീഷിലെ എക്സ് എന്ന അക്ഷരമായിരുന്നു അത്. നമ്മളെ ഓരോരുത്തരെയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന നമ്മിലെ അപര്യാപതതകളെ ഇത് പ്രതിനിധാനം ചെയ്യും എന്നാണ് മസ്ക് പറഞ്ഞത്. ഇതിനോടകം തന്നെ ട്വിറ്റർ സബ്സ്ക്രിപ്ഷൻ സർവീസ് ആരംഭിച്ചു കഴിഞ്ഞു. ട്വിറ്ററിനെ ഒരു വിവിധോദ്ദേശ ആപ്പ് ആക്കി മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ചൈനയിൽ ഇപ്പോൾ തന്നെ നിലവിലുള്ള വെബ് ചാറ്റ് എന്ന ആപ്പിന് 1 ബില്യണിലധികം ഉപഭോക്താക്കളുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുകയും ടാക്സി വിളിക്കുകയും ഒക്കെ ചെയ്യാൻ കഴിയും. എന്നാൽ, ഈ സംരംഭത്തിന് ചില തിരിച്ചടികൾ നേരിട്ടതായി സൂചനയുണ്ട്. ടെസ്ല ഉടമ ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിൽ വ്യാപകമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അവയിൽ ചിലതുമായി ബന്ധപ്പെട്ട് പ്രതികൂലമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്.
സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ൂട്വിറ്ററിന്റെ സുപ്രസിദ്ധമായ ബ്ലൂ ടിക് ലഭിക്കും. എന്നാൽ, ഈ നീക്കം ട്വിറ്റർ ബ്ലൂ ടിക്കുകളുടെ വിശ്വാസ്യത തകർക്കും എന്ന വാദം ഉയരുന്നുണ്ട്. ആർക്കും പണം നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ, വാർത്തകളുടെ വിശ്വാസ യോഗ്യമായ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാകും.
വ്യാജന്മാർ ഏറെ രംഗത്തെത്തും, വിമർശകർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, വ്യാജ വാർത്തകളുടെ പ്രചാരണത്തിനും ഇത് ഇടയാക്കിയേക്കും എന്ന വിമർശനവും ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക്