ചാര്‍ജിംഗ് പോര്‍ട്ട് ഏതൊരു സ്മാര്‍ട്ട്‌ഫോണിന്റെയും ഏറ്റവും നിര്‍ണായക ഭാഗങ്ങളില്‍ ഒന്നാണ്. ബാറ്ററിക്ക് ആവശ്യമായ പവര്‍ നല്‍കുന്നത് കൂടാതെ ഉപഭോക്താക്കളെ മറ്റ് ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യാനും ഡാറ്റ കൈമാറാനും നമ്മള്‍ ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ആപ്പിള്‍ അവരുടെ ഐഫോണുകളില്‍ നിന്നും ചാര്‍ജ്ജിംഗ് പോര്‍ട്ട് പൂര്‍ണമായി നീക്കം ചെയ്യാന്‍ പോകുന്നു എന്നാണ്. യു.എസ്.ബി-സി ചാര്‍ജിംഗ് പോര്‍ട്ടിന് പകരമായി ഒരു പോര്‍ട്ട്‌ലെസ് ഐഫോണ്‍ ആണ് ഇനി കമ്പനി വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്.

സാധാരണയായി സ്പീക്കറുകള്‍ക്കിടയില്‍ ഉപകരണത്തിന്റെ അടിയില്‍ പോര്‍ട്ട് ഉള്ളിടത്ത്, ഐഫോണുകളില്‍ ഒരു ലോഹക്കഷണം മാത്രമേ ഉണ്ടാകൂ. ഇനി മുതല്‍ ഐ-ഫോണുകള്‍ വയര്‍ലെസ് ചാര്‍ജിംഗ് പാഡുകളെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സംവിധാനത്തില്‍ വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍ ഉപയോഗിച്ച് വയര്‍ലെസ് ആയി വൈദ്യുതി കൈമാറും. പുതിയ ഐഫോണ്‍ 17 എയര്‍ പോര്‍ട്ട്‌ലെസ് ആയിട്ടായിരിക്കും പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും വലിയ കാലതാമസമില്ലാതെ തന്നെ ഇക്കാര്യം യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. 2022ല്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയ നിയമപ്രകാരം യു.എസ്.ബി-സി ചാര്‍ജിംഗ് പോര്‍ട്ട് ഉള്ള ഫോണുകള്‍ മാത്രമേ അംഗരാജ്യങ്ങളമില്‍ വില്‍ക്കാന്‍ പാടുള്ളൂ.

അത് കൊണ്ട് തന്നെ ആപ്പിളിനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇത്തരം ഐ ഫോണുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിനെ തുടര്‍ന്ന് 2023 മുതല്‍ ആപ്പിള്‍ എല്ലാ ഐഫോണുകളിലും യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ സ്ഥിതി മാറുകയാണ്. ഐഫോണുകള്‍ക്കുള്ള യുഎസ്ബി-സി പൂര്‍ണ്ണമായും ഒഴിവാക്കുന്നതിലൂടെ ആപ്പിള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായുള്ള നിയമം ലംഘിക്കുന്നില്ല.

പോര്‍ട്ട്‌ലെസ് ഫോണ്‍ നിയമനിര്‍മ്മാണത്തിന് അനുസൃതമായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ് ഓഫീസര്‍ ഫെഡറിക്ക മിക്കോളിയും വ്യക്തമാക്കി. ഏതായാലും പോര്‍ട്്ലസ് ഐഫോണ്‍ ഈ വര്‍ഷം വിപണിയില്‍ എത്തില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആപ്പിളിന്റെ സാങ്കേതികമായ കാര്യങ്ങളില്‍ ആധികാരികമായി പറയാന്‍ കഴിയുന്ന മാര്‍ക്ക് ഗുര്‍മാന്‍ പറയുന്നത് പലരും വയര്‍ലസ് ചാര്‍ജ്ജിംഗ് പാഡുകള്‍ ഇഷ്ടപ്പെടുന്നത് കാരണം ലോകം ഈ മാറ്റത്തിന് തയ്യാറായിരിക്കും എന്നാണ്. പല ആഗോള മാധ്യമങ്ങളും വിശദാംശങ്ങള്‍ അറിയാന്‍ ആപ്പിളിനെ ബന്ധപ്പെട്ടിരുന്നു എങ്കിലും അവര്‍ ഇനിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സെപ്തംബറില്‍ പുറത്തിറങ്ങുന്ന ഐ-ഫോണിന്റെ നാല് മോഡലുകളില്‍ ഒന്നാണ് ഐ-ഫോണ്‍ എയര്‍ 17.