ലണ്ടൻ: ഫോണിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സജ്ജീകരിച്ചാൽ പൂർണ്ണ സുരക്ഷയാകുമെന്ന് കരുതുന്നുണ്ടോ? എങ്കിൽ ഒന്ന് ആലോചിക്കു. വീട്ടിൽ നിങ്ങൾ ശാന്തമായി ഉറങ്ങുമ്പോൾ ആരെങ്കിലും നിങ്ങളുടെ ഐഫോൺ കൈക്കലാക്കി ഒരു ചെറിയ സൂത്രം ഉപയോഗിച്ച് നിങ്ങളുടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സിസ്റ്റത്തെ പറ്റിച്ചാൽ എന്ത് സംഭവിക്കും എന്ന്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ളവ, ഇപ്രകാരം, നിങ്ങൾ ഉറങ്ങുമ്പോൾ മറ്റുള്ളവർക്ക് ലഭിച്ചേക്കാം.

ആയിരത്തിലധികം അദൃശ്യമായ ഡോട്ടുകൾ വിശകലനം ചെയ്താണ് നിങ്ങളുടെ ഫോണിലെ ട്രൂ ഡെപ്ത്ത് ക്യാമറ നിങ്ങളുടെ മുഖത്തിന്റെ കൃത്യമായ ചിത്രങ്ങൾ പിടിക്കുന്നത്. മുഖത്തെ വളവുകളും ചുളിവുകളും എല്ലാം അത് കൃത്യമായി രേഖപ്പെടുത്തുകയും നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുന്നതിനായി അതൊക്കെ സൂക്ഷിക്കുകയും ചെയ്യും.

നിങ്ങളുടെ മുഖത്തിൽ വരുന്ന, മെക്കപ്പ്, താടിയും മീശയും വളരുന്നത്, ഫേസ് മാസ്‌ക് ധരിക്കുന്നത് തുടങ്ങിയ മാറ്റങ്ങളുമായി ഫേസ് ഐ ഡി സ്വാഭാവികമായി തന്നെ പൊരുത്തപ്പെട്ടുപോകും. കൂടുതൽ പ്രകടമായ മാറ്റങ്ങൾ, ഉദാഹരണത്തിന് താടി പൂർണ്ണമായും വടിച്ചു കളയുക തുടങ്ങിയവ വന്നാൽ, നിങ്ങളുടെ ഫേസ് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപുള്ള പാസ്സ് കോഡ് ഉപയോഗിച്ച് ഫേസ് ഐ ഡി നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കും.

നിങ്ങൾ ഉറങ്ങുന്ന സമയത്ത് ആരെങ്കിലും ഫോൺ നിങ്ങളുടെ മുഖത്തിനു നേരെ പിടിച്ചാൽ എന്തു സംഭവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ഭയക്കണ്ട, ഫോൺ ഓപ്പൺ ആകില്ല, കാരണം നിങ്ങളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരിക്കും. എന്നാൽ, ഇതിനെ മറികടക്കാൻ ഒരു വിദ്യ ഐഫോണിൽ ഉണ്ടെന്നറിയുക.

മറ്റേതൊരു ആധുനിക സ്മാർട്ട്ഫോണിനേയും പോലെ കാഴ്‌ച്ച, കേൾവി, ചലനം തുടങ്ങിയ വൈകല്യങ്ങൾ ഉള്ളവർക്ക് ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ ഐഫോണിലും ഉണ്ട്. സ്‌ക്രീൻ വലുതാക്കുകയോ അല്ലെങ്കിൽ സ്‌ക്രീനിൽ ഉള്ളതെന്തെന്ന് ശബ്ദ സന്ദേശത്തിൽ കൂടി വെളിപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ഫീച്ചറുകൾ ഉണ്ട്. ഈ ഫീച്ചറുകളെല്ലാം അത് അത്യാവശ്യമായവരെ സഹായിക്കാനുള്ളതാണ്.

എന്നാൽ, അതിൽ ഒരു ഫീച്ചർ നിങ്ങളുടെ ഫോണിന്റെ സുരക്ഷക്ക് ഭീഷണിയായേക്കാം. കാരണം ഫേസ് ഐഡിയും ഇത്തരത്തിൽ വൈകല്യങ്ങൾ ഉള്ളവർക്ക് ഉപയോഗപ്പെടുത്താവുന്ന വിധം ക്രമീകരിക്കാവുന്നതാണ്. കാഴ്‌ച്ച കുറവുള്ളതോ അന്ധരായവരോ ആയ വ്യക്തികൾക്ക് ഉപയോഗിക്കാൻ ഫേസ് ഐഡിയിൽ ക്രമീകരണം നടത്താൻ കഴിയും. അപ്പോൾ നിങ്ങൾ കണ്ണുകൾ തുറന്ന് പിടിക്കേണ്ടതില്ല.

നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിൽ പോയി ആക്സസബിലിറ്റിയിൽ ചെന്ന് ഫേസ് ഐഡ് ആൻഡ് അറ്റൻഷൻ എടുക്കുക. അതിൽ ക്രമീകരണങ്ങൾ നടത്താവുന്നതാണ്. അങ്ങനെയെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോഴും ആരെങ്കിലും ഫോൺ നിങ്ങളുടെ മുഖത്തിനു നേരെ പിടിച്ചാൽ അത് അൺലോക്ക് ആകും.