പ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 15 അവസാനം വിപണിയിലെത്തി. കാലിഫോർണിയയിൽ നടന്ന വണ്ടർലസ്റ്റ് ഈവന്റിൽ വച്ചാണ് പുതിയ മോഡലുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. 6.1 ഇഞ്ചിന്റെയും 6.7 ഇഞ്ചിന്റെയും സ്‌ക്രീനുകളിൽ എത്തുന്ന സ്റ്റാൻഡേർഡ് മോഡലുകൾക്ക് വില 799 ഡോളർ മുതൽ ആരംഭിക്കുന്നു. ഇതിന്റെ ഘടനാപരമായ രൂപ കൽപനയിൽ പല സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

പുതിയ ഹാൻഡ്സെറ്റിലെ ഏറ്റവും പ്രധാന മാറ്റം ഫോണിന്റെ മുകൾ ഭാഗത്തുള്ള നോച്ചിന് പകരമായി നിലവിലെ പ്രോ മോഡലുകളിൽ ഉള്ളതുപോലെ ഒരു ഡൈനാമിക് ഐലൻഡ് വന്നു എന്നതാണ്. അതിനു പുറമെ ഈ മോഡൽ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലും ലഭ്യമാകുന്നുണ്ട്. അതിനു പുറമെ കൂടുതൽ ശക്തമായ സൂമിങ് സാധ്യമാക്കുന്ന മെച്ചപ്പെട്ട ക്യാമറാ സംവിധാനവുമുണ്ട്.

എല്ലാ ഐഫോൺ 15 നും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് ആപ്പിൾ പറയുന്നത്. 15 പ്ലസ്സിന് കൂടുതൽ ലൈഫ് ഉണ്ടാകുമെന്നും അവർ പറയുന്നു. എന്നാൽ, ഇത് എത്ര എന്ന് അവർ വ്യക്തമാക്കുന്നില്ല. അതുപോലെ നിലവിൽ ഐപാഡുകൾ, മാക്കുകൾ എന്നിവ ചാർജ്ജ് ചെയ്യാൻ ഉപയോഗിക്കുന്ന യു എസ് ബി- സി ചാർജിങ് പോയിന്റുകളുമായിട്ടായിരിക്കും ഐഫോൺ 15 വരിക. എയർപോഡ്സ് പ്രോ ഉം യു എസ് ബി- സി പോർട്ടിലേക്ക് മാറും. ഇത് ആപ്പിളിന്റെ ഉദ്പന്നങ്ങളുടെ ചാർജ്ജിങ് വേഗത്തിലാക്കും.

സാങ്കേതിക മികവിൽ എടുത്തു പറയേണ്ട ഒരു കാര്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വോയ്സ് ഐസൊലേഷൻ സംവിധാനമാണ്. നിങ്ങൾ ട്രെയിനിലോ, പൊതുയിടങ്ങളിലോ ആണെങ്കിലും ശബ്ദം വ്യക്തമായി കേൾക്കാൻ ഇത് സഹായിക്കും. ഭാഗികമായി റീസൈക്കിൾ ചെയ്ത കെയ്സുകളും പൂർണ്ണമായി റീസൈക്കിൾ ചെയ്ത കോബാൾട്ടും ഉപയോഗിക്കുന്നതിനാൽ ഐഫോൺ -15 പാരിസ്ഥിതിക സൗഹാർദ്ദ ഫോൺ ആണെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം ആപ്പിളിന്റെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന നിരവധി അധിക ഫീച്ചറുകൾ ഐഫോൺ 15 പ്രോ യിൽ ഉണ്ട്. അമേരിക്കയിൽ ഈ മോഡലിന്റെ വില 999 ഡോളറിൽ നിന്ന് ആരംഭിക്കുന്നു. കൂടുതൽ വലിയ പ്രോ മാക്സിന്റെ വില 1,199 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. ഗ്രേഡ് ഫൈവ് ടൈറ്റാനിയം കേയ്സോടെയാണ് ഇത് വരുന്നത്. ചൊവ്വാ ദൗത്യത്തിന് പോയ റോവറിൽ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് ഇതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

ഈ പുതിയ ലോഹ സങ്കരം ഉപയോഗിക്കുന്നതോടെ ഹാൻഡ്സെറ്റ് കൂടുതൽ ഈട് നിൽക്കുന്നതും ഭാരം കുറഞ്ഞതുമാവും. അതുപോലെ നേരത്തെയുള്ള മ്യുട്ട് ടോഗിൾ ഉണ്ടായിരുന്നിടത്ത് കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടൻ നൽകിയിരിക്കുന്നു. ക്യാമറ പെട്ടെന്ന് തുറക്കുന്നത് ഉൾപ്പടെയുള്ള വിവിധ പ്രവർത്തനങ്ങൾ ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയും. മാത്രമല്ല, മോബൈൽ ഗെയിമുകൾ ഹൈ റെസൊലൂഷനിൽ കളിക്കുന്നതിനും ഇത് സഹായിക്കും.

48 മെഗ പിക്സൽ ക്യാമറയും കൂടുതൽ മെച്ചപ്പെട്ട ലെൻസും 5 എക്സ് ഒപ്റ്റിക്കൽ സൂം സാധ്യമാക്കുന്ന മറ്റൊരു ലെൻസുമായാണ് ഐഫോൺ പ്രോ മോഡലുകൾ എത്തുന്നത്. 899 ഡോളർ മുതൽ വില ആരംഭിക്കുന്ന ഐഫോൺ 15 പ്ലസ്സിൽ 48 മെഗാപിക്സൽ മെയിൻ ക്യാമറയുണ്ട്. എ 16 ബയോണിക് ചിപ്പുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഐഫോൺ 15 പ്ലസ്സിന് സാധാരണ മോഡലിന്റെ എല്ലാ ഫീച്ചറുംകളും ഉണ്ട്. എന്നാൽ, ഡിസ്പ്ലേ 6.7 ഇഞ്ചാണ്. സാധാരണ മോഡലിലെ ഡിസ്പ്ലേ 6.1 ഇഞ്ചാണ്.

ഐഫോൺ 15 നും ഐഫോൺ 15 പ്ലസ്സും വരുന്നത് ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഒ എസ് 17 നോടുകൂടിയാണ് ഇതിൽ ധാരാളം പുതിയ ഫീച്ചറുകൾ ലഭ്യമാണ്. കോൺടാക്ട് പോസ്റ്ററുകൾ ചേർക്കാം എന്നതാണ് അതിൽ ഒന്ന്. ലൈവ് വോയ്സ്ദ് മെയിൽ യഥാ സമയത്ത് തന്നെ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യപ്പെടുകയും പ്രദർശിപ്പിക്കുകയും ചെയ്യും എന്നത് മറ്റൊരു പ്രത്യേകത. അതുപോലെ മെസേജുകളിൽ പുതിയ സ്റ്റിക്കറുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.

ആപ്പിൾ വാച്ചുകൾ

പുതിയ ഐഫോൺ 15 സീരീസിനൊപ്പം പുതിയ ആപ്പിൾ വാച്ച് സീരീസ് 9 ഉം ഇന്നലെ ആപ്പിൾ പുറത്തിറക്കി. കോളുകൾക്ക് സ്പർശനം ഇല്ലാതെ തന്നെ മറുപടി നൽകാൻ കഴിയുന്ന ഈവാച്ചിൽ ക്യാമറ റിമോട്ട്, സ്നൂസ് അലാം എന്നീ പ്രത്യേകതകളും ഉണ്ട്. അതുപോലെ മെഷീൻ ലേണിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്തപ്രവാഹത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ ഇതിനാവും.