അറുപതോളം പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു സൗജന്യ അപ്‌ഗ്രേഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുകയാണ് സാംസങ്. സ്വകാര്യ ഡാറ്റകള്‍ അപഹരിക്കുവാന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ബാക്ക്‌ഡോര്‍ റൂട്ടുകള്‍ അടയ്ക്കുന്ന്ത് ഉള്‍പ്പടെയുള്ള പുതിയ അപ്‌ഗ്രേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വണ്‍ യു ഐ 6.1.1 എന്ന് പേരിട്ടിട്ടുള്ള ഇത് ഏകദേശം 58 ഓളം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. അതില്‍ 25 എണ്ണം എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളെയും ബാധിക്കുന്നവയാണെങ്കില്‍ 33 എണ്ണം സാംസങ് ഫോണുകളെ മാത്രം ബാധിക്കുന്നവയാണ്.

മേല്‍ സൂചിപ്പിച്ച 25 എണ്ണത്തില്‍ നാലെണ്ണം അതീവ അപകടകാരികളായ പിഴവുകളാണ്. എന്നാല്‍, അവ കണ്ടെത്തുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നതിന് മുന്‍പായി സൈബര്‍ കുറ്റവാളികള്‍ക്ക് അത് ഉപയോഗിച്ചിട്ടില്ല എന്നും കമ്പനി പറയുന്നു. സൈബര്‍ ഗവേഷകര്‍ കണ്ടെത്തിയ ഈ പിഴവുകള്‍ ഉദ്പാദകരെ അറിയിക്കുകയായിരുന്നു. ബഗ് കാച്ചേഴ്സ് എന്നു കൂടി അറിയപ്പെടുന്ന ഈ ഗവേഷകരെ സാധാരണയായി ടെക് കമ്പനികള്‍ തങ്ങളുടെ സ്വന്തം ഉദ്പന്നങ്ങള്‍ ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാറുണ്ട്. ഉപകരണങ്ങളുടെ പിഴവുകളും ദൗര്‍ബല്യങ്ങളും കണ്ടെത്തുന്നതിനായിട്ടാണ് ഇത്.

വണ്‍ യു ഐ ഹോം ആപ്പിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ വഴിയൊരുക്കുന്ന ഒരു സെക്യൂരിറ്റി ഗ്യാപ്പ് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ഈ ഗവേഷകര്‍ കണ്ടുപിടിച്ചത്. മറ്റൊന്ന്, ഉപയോക്താക്കള്‍ക്ക്, ഫോട്ടോസ് ഉള്‍പ്പടെയുള്ളവ പാസ്സ്വേര്‍ഡ് ഉപയോഗിച്ച് തികച്ചും സ്വകാര്യമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന സെക്യൂര്‍ ഫോള്‍ഡറിനെ സംബന്ധിച്ചതാണ്. എന്നാല്‍, ഈ രണ്ട് കേസുകളിലും സെക്യൂരിറ്റി സിസ്റ്റത്തെ ലംഘിക്കാന്‍ യൂസര്‍ ഇന്ററാക്ഷന്‍ ആവശ്യമായതുകൊണ്ട്, ഈ പിഴവുകള്‍ ഉപയോഗപ്പെടുത്തുക എന്നത് അസാധ്യമായി തുടര്‍ന്നു.

അപ്‌ഡേറ്റിന്റെ ആദ്യ ഭാഗം സാംസങ്ങിന്റെ 20 ഓളം മോഡലുകളിലേക്കും രണ്ട് ടാബ്ലെറ്റ് മോഡലുകളിലേക്കും അയച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റ് രണ്ട് മോഡലുകള്‍ കൂടി ഈ ലിസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഗാലക്സി എം 04, എ 03 മോഡലുകളിലാണ് ഇപ്പോള്‍ പുതിയതായി ഇത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ ലിസ്റ്റിലുള്ള ഫോണുകളില്‍ ഈ അപ്‌ഡേറ്റ് എപ്പോള്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. അത് നിങ്ങളുടെ ഫോണില്‍ ലഭ്യമായാല്‍, സെടിംഗ് എന്നതില്‍ പോയി സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് എന്ന ഓപ്ഷനില്‍ പോയി ഡൗണ്‍ലൊഡ് ആന്‍ഡ് ഇന്‍സ്റ്റാള്‍ എന്നതില്‍ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.