- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തിൽ ഒരുപൊൻതൂവൽ കൂടി; ചന്ദ്രനിലെ വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ വീക്ഷിച്ച ആദിത്യ എൽ-1 ദൗത്യം വിജയകരം; 63 മിനിറ്റിൽ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തി; ആദ്യ ഭ്രമണപഥം ഉയർത്തൽ നാളെ; ഇന്ത്യയുടെ അക്ഷീണമായ ശാസ്ത്ര പരിശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി
ശ്രീഹരിക്കോട്ട: ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ നേട്ടത്തിൽ ഒരുപൊൻതൂവൽ കൂടി ചേർത്തു. ആദിത്യ-എൽ 1 ദൗത്യം വിജയകരമായെന്ന് ഐ എസ് ആർ ഒ അറിയിച്ചു. രാവിലെ 11.50 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി-എക്സ്എൽ സി 57 റോക്കറ്റ് പേടകത്തെയും വഹിച്ച് കുതിച്ചുയർന്നത്. 63 മിനിറ്റിനുള്ളിൽ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചു. 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടത്. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ പോയിന്റിൽ എത്തുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.
സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നത്. ആദ്യ നാലുഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു. അഭിനന്ദനങ്ങൾ, ആദിത്യ എൽ-1 ദൗത്യം സാധ്യമായിരിക്കുന്നു, ഇസ്രോ തലവൻ എസ് സോമനാഥ് പറഞ്ഞു. ' ദൗത്യത്തിന്റെ എൽ വൺ പോയിന്റിലേക്കുള്ള യാത്ര ഇപ്പോൾ മുതൽ ആരംഭിക്കും. ഇത് 125 ദിവസം എടുക്കുന്ന നീണ്ട യാത്രയാണ്. ആദിത്യ പേടകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു', സോമനാഥ് പറഞ്ഞു.
ഭൂമിയിൽ നിന്ന് ആദിത്യ എൽ-1 ന്റെ ആദ്യത്തെ ഭ്രമണണപഥം ഉയർത്തൽ നാളെ രാവിലെ 11.45 ഓടെയാണ്.
PSLV-C57/Aditya-L1 Mission:
- ISRO (@isro) September 2, 2023
The launch of Aditya-L1 by PSLV-C57 is accomplished successfully.
The vehicle has placed the satellite precisely into its intended orbit.
India's first solar observatory has begun its journey to the destination of Sun-Earth L1 point.
മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ നന്നായി അറിയാൻ ഇന്ത്യയുടെ അക്ഷീണമായ ശാസ്ത്ര പരിശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
After the success of Chandrayaan-3, India continues its space journey.
- Narendra Modi (@narendramodi) September 2, 2023
Congratulations to our scientists and engineers at @isro for the successful launch of India's first Solar Mission, Aditya -L1.
Our tireless scientific efforts will continue in order to develop better…
ആദിത്യ എൽ-1 ന്റെ ലക്ഷ്യങ്ങൾ
സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. ഇന്ത്യയുടെ ഈ ശാസ്ത്ര നീക്കത്തെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും. നിരന്തര പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൂര്യന്റെ അറിയാക്കഥകൾ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, ആദിത്യ റോക്കറ്റിൽ നിന്നു വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.
ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കുക. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ 7 പേലോഡുകൾ ആദിത്യയിലുണ്ട്. ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജൻസികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) പലതരത്തിൽ ആദിത്യ എൽ1 ദൗത്യത്തിനു പിന്തുണ നൽകുന്നുണ്ട്.
ആദിത്യയുടെ വിക്ഷേപണം മുതൽ ഓർബിറ്റിൽ എത്തുന്നതുവരെയും തുടർന്നുമുള്ള കമാൻഡുകൾ നൽകുന്നതിനും ആദിത്യയിൽ നിന്നുള്ള ശാസ്ത്ര വിവരങ്ങൾ സമാഹരിക്കുന്നതിനും അടുത്ത 2 വർഷം ഇഎസ്എയുടെ കീഴിൽ ഓസ്ട്രേലിയ, സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റർ ഡീപ് സ്പേസ് ആന്റിനകൾ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂൺഹില്ലി എർത്ത് സ്റ്റേഷനും ഈ ദൗത്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉപഗ്രഹം കൃത്യമായി ഓരോ നിമിഷവും ഏതു സ്ഥാനത്തായിരിക്കുമെന്നു കണ്ടെത്താൻ ഐഎസ്ആർഒ നിർമ്മിച്ച ഓർബിറ്റ് ഡിറ്റർമിനേഷൻ സോഫ്റ്റ്വെയറിന്റെ കൃത്യത പരിശോധിക്കാനും ഇഎസ്എ സഹായിച്ചിട്ടുണ്ട്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ (എൽ1) ആദിത്യയ്ക്കു കൂട്ടാകാൻ ഇഎസ്എ 1996 ൽ വിക്ഷേപിച്ച സോളർ ഹീലിയോസ്ഫിറിക് ഒബ്സർവേറ്ററി (സോഹോ) എന്ന നിരീക്ഷണ ദൗത്യം കാത്തിരിപ്പുണ്ട്.
മറുനാടന് മലയാളി ബ്യൂറോ