- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ 3 ഇന്ന് 2.35ന് കുതിച്ചുയരും; ലാഡർ ചന്ദ്രനിൽ ഇറങ്ങുക ഓഗസ്റ്റ് 24ന്; ദൗത്യം വിജയിച്ചാൽ ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറും; തേടുന്നത് ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ
ശ്രീഹരിക്കോട്ട: ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ തേടി ഐ.എസ്.ആർ.ഒയുടെ മൂന്നാം ദൗത്യം ചന്ദ്രയാൻ 3 ഇന്ന് കുതിക്കും. ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഇസ്രോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽ.വി എം3യുടെ (ലോഞ്ച് വെഹിക്കിൾ മാർക്ക്3) ചിറകിലേറിയാണ് യാത്ര. കൗണ്ട് ഡൗൺ പുരോഗമിക്കുകയാണ്.
പൂർണ ആത്മവിശ്വാസത്തോടെയാണ് ചാന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിനൊരുങ്ങുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തി വിക്ഷേപണം വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ചാന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് പുതിയ ദൗത്യം.
642 ടൺ ഭാരമുള്ള എൽവി എം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാൻ 3 കുതിച്ചുപൊങ്ങുന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണ തറയിൽ നിന്നാണ് ഉയരുക. ഐ എസ് ആർ ഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. കൗണ്ട് ഡൗൺ പ്രക്രിയയ്ക്കിടെ, ദ്രാവക, ക്രയോജനിക് ഘട്ടങ്ങൾക്ക് ഇന്ധനം പകരുകയും, റോക്കറ്റ് സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്യും.
എൽവി എം റോക്കറ്റിന്റെ ആദ്യഘട്ടത്തിൽ ഖരഇന്ധനവും, രണ്ടാം ഘട്ടത്തിൽ ദ്രാവക ഇന്ധനവും, മൂന്നാമത്തെയും, അവസാനത്തെയും ഘട്ടത്തിൽ ലിക്യുഡ് ഹൈഡ്രജനും, ലിക്യുഡ് ഓക്സിജനും ഊർജ്ജം പകരുന്ന ക്രയോജനിക് എഞ്ചിനും കരുത്തുപകരും. വിക്ഷേപണത്തിന്റെ 16 ാം മിനിറ്റിൽ എൽഎംവി 3 റോക്കറ്റ് 179 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ 3 പേടകത്തെ പുറന്തള്ളും.
കുതിച്ചുയരുന്ന സമയത്ത്, 642 ടൺ റോക്കറ്റിന് മൂന്നുഘട്ടങ്ങളും ചേർത്ത് 553.4 ടൺ പ്രൊപ്പല്ലന്റ് മാസ് ഉണ്ടാകും. അതിന് ശേഷം പേടകം നടത്തുന്ന സ്വന്തമായ യാത്ര 3.84 ലക്ഷം കിലോമീറ്ററാണ്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ഓഗസ്റ്റ് 24 ന് സോഫ്റ്റ് ലാൻഡിങ്
ചന്ദ്രയാൻ3 യുടെ ഭാഗമായ ലാൻഡർ ഓഗസ്റ്റ് 24ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡറും റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ3. 2148 കിലോ ഭാരമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡറിന് 1,723.89 കിലോയും റോവറിന് 26 കിലോയുമാണ് ഭാരമെന്ന് ഇസ്രോ അറിയിച്ചു. ചന്ദ്രയാൻ2 പേലോഡിന് 3.8 ടൺ ഭാരമുണ്ടായിരുന്നു. 2379 കിലോ ഭാരമുള്ള ഓർബിറ്ററും, 1444 കിലോ ഭാരമുള്ളവിക്രം ലാൻഡറും, 27 കിലോ ഭാരമുള്ള റോവറുമായിരുന്നു അതിന്റെ ഘടകങ്ങൾ. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയാണ് ചന്ദ്രയാൻ3 ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ലാൻഡർ സുരക്ഷിതമായി ഇറങ്ങിയാൽ റോവറിനെ പുറത്തിറക്കി പരീക്ഷണങ്ങൾ നടത്തും.
ചന്ദ്രയാൻ2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ലാൻഡറിന്റെ കാൽ കൂടുതൽ ശക്തിപ്പെടുത്തുകയും, കൂടുതൽ സൗരോർജ്ജ പാനലുകൾ ഉൾപ്പെടുത്തിയും, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചന്ദ്രയാൻ 3 കുതിച്ചുയരുന്നത്. ഇത്തവണ ലാൻഡറിന് അഞ്ചിന് പകരം നാല് മോട്ടോറുകളാണ് ഉള്ളത്. സോഫ്റ്റ് വെയറിലും ചില മാറ്റങ്ങൾ വരുത്തി. ഏതെങ്കിലും ഘടകത്തിന് വീഴ്ച വന്നാലും ദൗത്യം വിജയിപ്പിക്കാനുള്ള വിധമാണ് ചന്ദ്രയാൻ3 യുടെ രൂപകൽപ്പനയെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
ലാൻഡറിനെ പുറന്തള്ളിയ ശേഷം പ്രൊപൽഷൻ മൊഡ്യൂൾ വഹിക്കുന്ന പേലോഡിന്റെ ആയുല് മൂന്നു മുതൽ ആറ് മാസം വരെയാണ്. ലാൻഡറിന്റെയും, റോവറിന്റെയും ദൗത്യ ആയുസ് ഒരു ചാന്ദ്ര ദിവസം അഥവാ 14 ഭൗമ ദിനങ്ങളാണ്. കഴിഞ്ഞ തവണം ലാൻഡറിനെ വിക്രം എന്നും റോവറിനെ പ്രഗ്യാൻ എന്നും ഇസ്രോ പേരിട്ടപ്പോൾ, ഇത്തവണ പേരുകളില്ല എന്നതും ശ്രദ്ധേയമാണ്.
മറുനാടന് ഡെസ്ക്