- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രനെ തൊടാൻ സൂര്യനെയും കൂട്ടുപിടിക്കണം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശമില്ലാത്ത ദിവസങ്ങളേറെ; 30 കിലോമീറ്റർ ഉയരത്തിൽ താഴോട്ടുള്ള ഇറക്കത്തിൽ ബ്രേക്കുകൾ മാത്രം പോരാ; എല്ലാം തരണം ചെയ്താലും ചന്ദ്രനിലെ പൊടിപടലവും വൻകടമ്പ; ചന്ദ്രയാൻ-3 നെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3 വിക്ഷേപണം കഴിഞ്ഞതോടെ ഇനി 40 നാൾ നീണ്ട കാത്തിരിപ്പാണ്. 40 ദിവസത്തെ ചന്ദ്രയാന്റെ ഈ യാത്രയിൽ സദാസമയവും ഇസ്രോ കൂടെയുണ്ടാകും. സോഫ്റ്റ് ലാൻഡിങ് ഓഗസ്റ്റ് 23 നോ, 24 നോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിലെ സൂര്യപ്രകാശം അടിസ്ഥാനമാക്കിയാണ് ഈ തീയതി നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം ഇല്ലാതിരിക്കുന്ന നിരവധി ദിവസങ്ങളുണ്ട്. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ, ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന സൗരോർജ്ജ പാനലുകൾ ചാർജ് ചെയ്യാനാവില്ല. ഏതെങ്കിലും കാരണത്താൽ, ഈ തീയതികളിൽ ഇറക്കം മുടങ്ങിയാൽ ലാൻഡിങ് സെപ്റ്റംബറിലേക്ക് മാറ്റേണ്ടി വരും.
ചന്ദ്രയാൻ-2 വിന്റെ പരാജയത്തിൽ നിന്ന് പാഠം പഠിച്ച ശേഷമാണ് നാലുവർഷത്തിന് ശേഷം ഐഎസ്ആർഒ വീണ്ടും ചാന്ദ്ര ദൗത്യത്തിന് ഇറങ്ങി തിരിച്ചത്.
ഓഗസ്റ്റ് 23 നോ 24 നോ സോഫ്റ്റ് ലാൻഡിങ്
കുതിച്ചുയർന്ന സമയത്ത്, 642 ടൺ റോക്കറ്റിന് മൂന്നുഘട്ടങ്ങളും ചേർത്ത് 553.4 ടൺ പ്രൊപ്പല്ലന്റ് മാസ് ഉണ്ടായിരുന്നു. അതിന് ശേഷം പേടകം നടത്തുന്ന സ്വന്തമായ യാത്ര 3.84 ലക്ഷം കിലോമീറ്ററാണ്. ചന്ദ്രയാൻ-3 യുടെ ഭാഗമായ ലാൻഡർ ഓഗസ്റ്റ് 23 നോ 24 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യുളും ലാൻഡറും റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ-3. 2148 കിലോ ഭാരമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡറിന് 1,723.89 കിലോയും റോവറിന് 26 കിലോയുമാണ് ഭാരമെന്ന് ഇസ്രോ അറിയിച്ചു. ചന്ദ്രയാൻ-2 പേലോഡിന് 3.8 ടൺ ഭാരമുണ്ടായിരുന്നു. 2379 കിലോ ഭാരമുള്ള ഓർബിറ്ററും, 1444 കിലോ ഭാരമുള്ളവിക്രം ലാൻഡറും, 27 കിലോ ഭാരമുള്ള റോവറുമായിരുന്നു അതിന്റെ ഘടകങ്ങൾ. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയാണ് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ലാൻഡർ സുരക്ഷിതമായി ഇറങ്ങിയാൽ റോവറിനെ പുറത്തിറക്കി പരീക്ഷണങ്ങൾ നടത്തും.
ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ലാൻഡറിന്റെ കാൽ കൂടുതൽ ശക്തിപ്പെടുത്തുകയും, കൂടുതൽ സൗരോർജ്ജ പാനലുകൾ ഉൾപ്പെടുത്തിയും, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചന്ദ്രയാൻ -3 കുതിച്ചുയർന്നത്. ഇത്തവണ ലാൻഡറിന് അഞ്ചിന് പകരം നാല് മോട്ടോറുകളാണ് ഉള്ളത്. സോഫ്റ്റ് വെയറിലും ചില മാറ്റങ്ങൾ വരുത്തി. ഏതെങ്കിലും ഘടകത്തിന് വീഴ്ച വന്നാലും ദൗത്യം വിജയിപ്പിക്കാനുള്ള വിധമാണ് ചന്ദ്രയാൻ-3 യുടെ രൂപകൽപ്പനയെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
ലാൻഡറിനെ പുറന്തള്ളിയ ശേഷം പ്രൊപൽഷൻ മൊഡ്യൂൾ വഹിക്കുന്ന പേലോഡിന്റെ ആയുസ് മൂന്നു മുതൽ ആറ് മാസം വരെയാണ്. ലാൻഡറിന്റെയും, റോവറിന്റെയും ദൗത്യ ആയുസ് ഒരു ചാന്ദ്ര ദിവസം അഥവാ 14 ഭൗമ ദിനങ്ങളാണ്. കഴിഞ്ഞ തവണം ലാൻഡറിനെ വിക്രം എന്നും റോവറിനെ പ്രഗ്യാൻ എന്നും ഇസ്രോ പേരിട്ടപ്പോൾ, ഇത്തവണ പേരുകളില്ല എന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ നിറഞ്ഞ ദൗത്യം
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം താണ്ടുക തന്നെ വലിയ വെല്ലുവിളിയാണെങ്കിലും, അവിടം കൊണ്ട് തീരുന്നില്ല ബുദ്ധിമുട്ടുകൾ. ചന്ദ്രനിൽ ഇറങ്ങുന്ന 15 മിനിറ്റത്തെ സോഫ്റ്റ് ലാൻഡിങ്ങിനെ പേടിസ്വപ്നത്തിന്റെ 15 മിനിറ്റുകൾ എന്നാണ് ഇസ്രോ മേധാവി എസ് സോമനാഥ് നേരത്തെ വിശേഷിപ്പിച്ചത്. ശരിയായ ഉയരത്തിൽ ശരിയായ സമയത്ത് എഞ്ചിനുകൾ പ്രവർത്തിപ്പിക്കുക, ശരിയായ അളവിലുള്ള ഇന്ധനം ഉപയോഗിക്കുക, ചന്ദ്രോപരിതലത്തിലെ കുന്നുകളും കുഴികളും ക്യത്യമായി സ്കാൻ ചെയ്തെടുക്കുക ഇങ്ങനെ ലാൻഡറിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. ഇതെല്ലാം ലാൻഡർ സ്വയം ചെയ്യേണ്ട കാര്യങ്ങളാണ്. ഭൂമിയിലിരുന്ന് ഇസ്രോയ്ക്ക് ലാൻഡറിനെ നേർവഴിക്ക് നയിക്കാൻ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ചുരുക്കം.
നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെട്ട ശേഷം 100 കിലോമീറ്റർ X 30 കിലോമീറ്റർ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതിന്റെ അർഥം ചന്ദ്രനിൽ നിന്ന് ഏറ്റവും അകലെയുള്ള ദൂരം 100 കിലോമീറ്ററും, അടുത്തുള്ള ദുരം 30 കിലോമീറ്ററും എന്നാണ്. ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ, ത്രസ്റ്ററുകൾ ഉപയോഗിച്ച് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് താഴ്ന്നിറങ്ങും. ഇതിനെ പവേഡ് ബ്രേക്കിങ് ഘട്ടമെന്നാണ് വിളിക്കുക.
ഇടിച്ചിറങ്ങാതിരിക്കാൻ എതിർദിശയിൽ പ്രൊപ്പൽഷൻ നടത്താൻ (ഡിബൂസ്റ്റ്) നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ത്രസ്റ്ററുകൾ ജോലിയെടുക്കുന്നതിനിടെ, ലാൻഡർ 90 ഡിഗ്രി തിരിഞ്ഞ് സേഫ് ലാൻഡിങ്ങിനായി തയ്യാറെടുക്കും. ഏകദേശം 100 മീറ്റർ ഉയരത്തിൽ, താഴെയിറങ്ങാൻ തടസ്സങ്ങളുണ്ടോ എന്ന് ലാൻഡർ സ്കാൻ ചെയ്ത് നോക്കും. തടസ്സങ്ങളില്ലെങ്കിൽ സാവധാനം താഴോട്ടിറങ്ങും. നിലം തൊടുംവരെ ത്രസ്റ്ററുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. എന്നാൽ, ഇതുഎളുപ്പമുള്ള പണിയല്ല. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ നിന്ന് പൊടുന്നനെ പൂജ്യത്തിലേക്ക് വരിക എന്നതാണ് വെല്ലുവിളി. വെറുതെ ബ്രേക്കുപിടിച്ചാൽ മാത്രം സംഗതി നടപ്പില്ലെന്ന് ചുരുക്കം. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് പാരച്യൂട്ട് വഴി താഴ്ന്നിറങ്ങാൻ ആവില്ല. ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ചന്ദ്രനോട് 2.1 കിലോമീറ്റർ അടുത്തെത്തിയപ്പോളാണ് സോഫറ്റ് വെയർ തകരാർ മൂലം ഇടിച്ചിറങ്ങിയത്. ലാൻഡറിന്റെ വേഗം കുറയ്ക്കാൻ ആയാലും, മറ്റൊരു പ്രശ്നം കൂടിയുണ്ട്. ചന്ദ്രനിലെ പൊടിപടലം.
ചന്ദ്രനിലെ പൊടിപടലം വെല്ലുവിളി
നിലം തൊടുമ്പോൾ, ലാൻഡറിന്റെ ത്രസ്റ്ററുകൾ ശക്തമായി പ്രവർത്തിക്കുന്നത് മൂലം പൊടിപടലങ്ങൾ അതിവേഗത്തിൽ ഉയരും. ഇത് ക്യാമറാ ലെൻസിനെ മറയ്ക്കുകയും, തെറ്റായ റീഡിങ്ങുകൾക്ക് ഇടയാക്കുകയും ചെയ്യാം. അപ്പോളോ 15 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ വീഡിയോ നാസ പുറത്തുവിട്ടപ്പോൾ ലാൻഡിങ് കഴിയുന്നത് വരെ മിനിറ്റുകളോളം ഒന്നും കാണാൻ കഴിയാത്ത വിധം പൊടിപടലമാണ്. അപ്പോളോ 15 നെ പോലെ മറ്റ് എല്ലാ അപ്പോളോ ദൗത്യങ്ങളിലും പൊടിപടലങ്ങൾ പ്രശ്നമുണ്ടാക്കി. ബഹിരാകാശ യാത്രികരുടെ സ്പേ്സ് സ്യൂട്ടുകളിളിൽ പൊടി കയറിയതിന് പുറമേ ഉപകരണങ്ങൾ കേടാനാകും ഇടയാക്കി.
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലു, മൂന്നുരാജ്യങ്ങൾ വിജയകരമായി സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. പലവട്ടത്തെ പരാജയങ്ങൾക്ക് ശേഷമാണ് അമേരിക്ക 1966 ൽ സർവേയർ 1 നെ ചന്ദ്രനിൽ ഇറക്കിയത്. ചൈനയാകട്ടെ ആദ്യ ശ്രമത്തിൽ തന്നെ അവരുടെ ചെയ്ഞ്ച് 3 വിജയകരമായി ലാൻഡ് ചെയ്യിച്ചു. ലൂണ 9 വഴി സോവിയറ്റ് യൂണിയനും ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ ഇതാ ഇന്ത്യയുടെ ചാന്ദ്രയാൻ -3. വിജയം കണ്ടാൽ, ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യ കൈവരിക്കും.
മറുനാടന് ഡെസ്ക്