- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ; 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ; വീഡിയോ പുറത്തുവിട്ടു; ചന്ദ്രനിലെ വിക്രമിന്റെ ആ ചാട്ടം ഇന്ത്യയുടെ വൻ കുതിപ്പിനെ അടിവരയിടുന്നത്; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഭാവി നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ
ബെംഗളൂരു: ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ നിന്നും വീണ്ടും വിജയവാർത്തകൾ. ചന്ദ്രയാൻ3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ അറിയിച്ചു. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. ആ 40 സെന്റിമീറ്റർ ഇന്ത്യയെ സംബന്ധിച്ചടത്തോളം വലിയ നേട്ടമാണ്. ആ ചാട്ടം ഒരു വൻ കുതിപ്പു തന്നെയാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു. വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.
14 ദിവസത്തെ ചാന്ദ്രപകലാണ് വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനുമുള്ള കാലാവധി. പ്രഗ്യാൻ റോവറിനെ സ്ലീപ് മോദിലേക്ക് ഐഎസ്ആർഒ മാറ്റിയിരുന്നു. ഇപ്പോൾ വിക്രംലാൻഡറിനെ ഒരിക്കൽ കൂടി പ്രവർത്തിപ്പിച്ച് നിർണായകമായ സാങ്കേതിക നീക്കമാണ് ഐഎസ്ആർഒ നടത്തിയത്.
ഓഗസ്റ്റ് 23-നാണ് വിക്രം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. തുടർന്ന് ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ചുറ്റിനടന്ന് പര്യവേഷണം നടത്തി. ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതടക്കമുള്ള നിർണായക കണ്ടെത്തലുകൾ നടത്താൻ റോവറിനായി.
12 ദിവസം നീണ്ട പര്യവഷേണത്തിനു ശേഷം പ്രഗ്യാൻ റോവറിനെ സുരക്ഷിതമായി പാർക്ക് ചെയ്ത് സ്ളീപ്പ് മോദിലേക്ക് മാറ്റിയതായി ഇന്നലെ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഭൂമിയിലെ പതിനാല് ദിനരാത്രങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 22ന് വീണ്ടും ചന്ദ്രനിൽ സൂര്യനുദിക്കുമ്പോൾ റോവർ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ഇത് സാധിച്ചില്ലെങ്കിൽ പ്രഗ്യാന്റെ പ്രവർത്തനം എന്നെന്നേക്കുമായി നിലയ്ക്കും.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ലെ റോവറിന്റെ ദൗത്യം പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിർത്തിയതായും സ്ലീപ്പ് മോദിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനിൽ പകൽ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റോവറിലെ എ.പി.എക്സ്.എസ്, എൽ.ഐ.ബി.എസ്. പേലോഡുകൾ പ്രവർത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ പൂർണ്ണമായി ബാറ്ററി ചാർജുള്ള റോവറിന്റെ സോളാർ പാനലുകൾ അടുത്ത സൂര്യോദയമായ സെപ്റ്റംബർ 22-ന് വെളിച്ചം ലഭിക്കാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. റിസീവർ ഓൺ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികൾക്കായി വീണ്ടും റോവർ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനിൽക്കുമെന്നും ഐ.എസ്.ആർ.ഒ. എക്സിൽ കുറിച്ചു.
അതേസമയം, നാസയുടെ സഹായത്തോടെ നിർമ്മിച്ച ലാൻഡറിലെ ലേസർ റിട്രോറിഫ്ലെക്ടർ അറേ ഉപകരണം പ്രവർത്തനം തുടരും. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രോപരിതലത്തിലിറങ്ങിയ ലാൻഡറിനും റോവറിനും കാലാവധി നിശ്ചയിച്ചിരുന്നത്. രാത്രിയിൽ ചന്ദ്രനിൽ താപനില മൈനസ് 200 ഡിഗ്രിയിലും താഴെയാകാനുള്ള സാധ്യതയുണ്ട്. ഇത്രയും കൊടുംതണുപ്പിനെ അതിജീവിക്കാൻ ഉപകരണങ്ങൾക്ക് സാധിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
മറുനാടന് ഡെസ്ക്