- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും ആകാംക്ഷയോടെ, ആശങ്കയോടെ നോക്കിയ സോഫ്റ്റ് ലാൻഡിങ്ങിലെ ആ 20 മിനിറ്റായിരുന്നോ ചന്ദ്രയാൻ-3 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി? ദൗത്യത്തിൽ മൂന്ന് പ്രധാന വെല്ലുവിളികൾ ഉണ്ടായിരുന്നെന്ന് ഐ എസ് ആർ ഒ മേധാവി എസ് സോമനാഥ്; ദൗത്യം തന്നെ പരാജയപ്പെടുമായിരുന്ന ആ വെല്ലുവിളികൾ ഇങ്ങനെ
ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ, ശാസ്ത്രജ്ഞരടക്കം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് പവർ ഡിസന്റ് ഘട്ടമെന്ന് പറയുന്ന ആ 20 മിനിറ്റായിരുന്നു. അതുതന്നെയാണ് ദൗത്യത്തിലെ കടുപ്പമേറിയ ഘട്ടമെന്നും മിക്കവരും കരുതി. കാരണം, മിഷൻ കൺട്രോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ പേടകം സ്വയം നിയന്ത്രിച്ചാണ് ചന്ദ്രോപരിതലത്തിലേക്ക് സോഫ്്റ്റ് ലാൻഡ് ചെയ്തത്.
വിജയകരമായ ലാൻഡിങ്ങിന് ശേഷം ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് മാധ്യമങ്ങളെ കണ്ടപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ ഒന്ന് ദൗത്യത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം ഏതായിരുന്നു എന്നാണ്.
' ദൗത്യത്തിന്റെ ഏറ്റവും വിഷമം പിടിച്ച ഘട്ടം വിക്ഷേപണം തന്നെയായിരുന്നു. വിക്രം ലാൻഡറും, പ്രഗ്യാൻ റോവറും അടങ്ങുന്ന ചന്ദ്രയാൻ-3 മൊഡ്യൂളിനെ ശരിയായ ഭ്രമണപഥത്തിൽ എത്തിച്ച ജോലി ചെയ്തത് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ആണെന്ന കാര്യം മറക്കരുത്. റോക്കറ്റ് 36,500 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ച് കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചു', എസ് സോമനാഥ് പറഞ്ഞു.
വിക്ഷേപണത്തിന് ശേഷം 16 മിനിറ്റ് പിന്നിട്ടപ്പോൾ ചന്ദ്രയാൻ-3 മൊഡ്യൂൾ റോക്കറ്റിൽ നിന്ന് വേർപെട്ടു. ഭൂമിയെ ആറുതവണ വട്ടം ചുറ്റി പരമാവധി ദുരമായ 36,500 കിലോമീറ്ററിൽ എതതിച്ചേർന്നു. പിന്നീട് ജൂലൈ 15 ന് നടന്ന ആദ്യ ഭ്രമണപഥം ഉയർത്തലിലാണ് 41,672 കിലോമീറ്ററിൽ എത്തിയത്.
രണ്ടാമത്തെ വെല്ലുവിളി എന്നു പറയുന്നത് ലാൻഡിങ് ആൻഡ് കാപ്ച്യുറിങ് ഓഫ് മൂൺ ആണ്. അതുപരാജയപ്പെട്ടാൽ ദൗത്യം തന്നെ പിന്നെയില്ല, ശാസ്ത്രജ്ഞൻ പറഞ്ഞു.
ക്യാപ്ച്യുറിങ് ഓഫ് മൂൺ എന്നുപറഞ്ഞാൽ, ചന്ദ്രയാൻ-3 ലാൻഡ് ചെയ്യാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കുക എന്നാണ്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഡിബൂസ്റ്റ് ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ള ക്യാമറകളാണ് ആ പ്രക്രിയയിൽ ലാൻഡറിനെ സഹായിക്കുന്നത്. ഈ ഘട്ടത്തിൽ കണക്കുകളിൽ പിശക് വന്നാൽ, വിക്രം ലാൻഡർ നിലം തൊടാൻ ശ്രമിക്കുമ്പോൾ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്.
മൂന്നാമത്തെ വെല്ലുവിളി, ലാൻഡറും ഓർബിറ്ററും തമ്മിൽ വേർപെടുന്ന ഘട്ടമാണ്. ചന്ദ്രയാൻ-3 ന്റെ കാര്യത്തിൽ അത് ക്യത്യ സമയത്ത് സംഭവിച്ചു. ബഹിരാകാശത്തും, ഭ്രമണപഥത്തിലും ഒക്കെ പല ദിവസങ്ങൾ പ്രവർത്തിച്ച ശേഷം പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുക എന്നതും നിർണായകമായ കാര്യമാണ്. ഓഗസ്റ്റ് 17 നാണ് വിക്രം ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടത്. അവസാനത്തെ വെല്ലുവിളി എന്നുപറയുന്നത് നിങ്ങൾ ഞങ്ങൾക്കൊപ്പം ലാൻഡിങ് കണ്ടു എന്നതാണെന്നും ഇസ്രോ മേധാവി ചിരിയോടെ പറഞ്ഞു.
ശ്രീഹരിക്കോട്ടയിൽ ഒരുങ്ങുന്ന ആദിത്യ എൽ-1 മിഷൻ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് എസ്.സോമനാഥ് അറിയിച്ചു. സെപ്റ്റംബർ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും സോമനാഥ് അറിയിച്ചു.സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയൻ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.
മറുനാടന് ഡെസ്ക്